4 മാസം, റിട്ടേണ്‍ 135 ശതമാനം; തിരിച്ചുവരവിന്റെ പാതയില്‍ അദാനി ഓഹരി

  • ജൂണ്‍ 20-ാം തീയതി ഉച്ചയ്ക്ക് അദാനി ഓഹരി വ്യാപാരം ചെയ്തത് ഒരു ഓഹരിക്ക് 2,421.35 രൂപ എന്ന നിരക്കിലാണ്
  • ഒരു മാസത്തിനിടയില്‍ മാത്രം ഈ ഓഹരി മൂന്ന് ശതമാനവും മൂന്ന് മാസത്തിനിടയില്‍ 35 ശതമാനവും റിട്ടേണ്‍ നല്‍കി
  • ട്രെയിന്‍മാനെ ഏറ്റെടുക്കുന്നതോടെ ട്രാവല്‍ രംഗത്തും അദാനി ഗ്രൂപ്പ് ശക്തമായ സാന്നിധ്യമാവുകയാണ്

Update: 2023-06-20 09:39 GMT

നാല് മാസം കൊണ്ട് 135 ശതമാനം റിട്ടേണ്‍ നല്‍കിയിരിക്കുകയാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി. ഈ വര്‍ഷം ഫെബ്രുവരി അവസാനം അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഒരു ഓഹരിക്ക് 1,015 രൂപയായിരുന്നു അന്ന് അദാനി ഓഹരിയുടെ വില. എന്നാല്‍ നാല് മാസം പിന്നിട്ട് ജൂണ്‍ മാസമെത്തിയപ്പോള്‍ ഓഹരി നിക്ഷേപകന് ഏകദേശം 135 ശതമാനം റിട്ടേണ്‍ നല്‍കിയിരിക്കുകയാണ്. ജൂണ്‍ 20-ാം തീയതി ഉച്ചയ്ക്ക് അദാനി ഓഹരി വ്യാപാരം ചെയ്തത് ഒരു ഓഹരിക്ക് 2,421.35 രൂപ എന്ന നിരക്കിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം ഈ ഓഹരി മൂന്ന് ശതമാനവും മൂന്ന് മാസത്തിനിടയില്‍ 35 ശതമാനവും റിട്ടേണ്‍ നല്‍കി.

ഓഹരിവില കൃത്രിമമായി വര്‍ധിപ്പിച്ചെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ ഈ വര്‍ഷം ജനുവരി 24-നാണ് യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ഗ്രൂപ്പിന്റെ പത്ത് ഓഹരികള്‍ക്ക് ഓരോ ദിവസവും ശരാശരി 52,343 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനി ഗ്രൂപ്പിന്റെ എം ക്യാപ് (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) 19.2 ട്രില്യന്‍ രൂപയില്‍ നിന്ന് 12.05 ട്രില്യനിലേക്ക് ഇടിഞ്ഞിരുന്നു. മാത്രമല്ല, ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനിയുടെ റാങ്കിംഗ് നാലില്‍ നിന്ന് 29-ാം സ്ഥാനത്തേയ്ക്ക് താഴുകയും ചെയ്തിരുന്നു.

അദാനി എന്റര്‍പ്രൈസസ് ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ ട്രെയിന്‍മാന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുകയാണെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അദാനി എന്റര്‍പ്രൈസസിനു കീഴിലുള്ള അദാനി ഡിജിറ്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡായിരിക്കും ട്രെയിന്‍മാന്‍ ഏറ്റെടുക്കുക.

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് ഇപ്പോള്‍ ഐആര്‍സിടിസി ഒരു കുത്തക ആസ്വദിക്കുന്നുണ്ട്. അദാനി ട്രെയിന്‍മാന്‍ ഏറ്റെടുക്കുന്നതോടെ ഐആര്‍സിടിസിയുടെ കുത്തക ഇല്ലാതാകുമെന്നും പറയപ്പെടുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികൂല സാഹചര്യത്തെ നേരിടുകയായിരുന്ന അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഈ ഏറ്റെടുക്കലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.

വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഒരു സ്റ്റാര്‍ട്ടപ്പാണ് ട്രെയിന്‍മാന്‍. ഗുരുഗ്രാം ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. യുഎസ് നിക്ഷേകരില്‍നിന്നും ട്രെയിന്‍മാന് സാമ്പത്തിക പിന്തുണയും ലഭിച്ചിരുന്നു. ഐവി ഗ്രോത്ത് അസോസിയേറ്റ്‌സ്, ഹെം ഏഞ്ചല്‍സ്, ഗുഡ് വാട്ടര്‍ ക്യാപിറ്റല്‍ തുടങ്ങിയവരാണ് ട്രെയിന്‍മാനില്‍ നിക്ഷേപം നടത്തിയത്. ഏകദേശം ഒരു ദശലക്ഷം ഡോളര്‍ (9 കോടി രൂപ) ട്രെയിന്‍മാന് സമാഹരിക്കാന്‍ സാധിച്ചു.

2022 സാമ്പത്തികവര്‍ഷത്തില്‍, ട്രെയിന്‍മാന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 1.23 കോടി രൂപയില്‍നിന്ന് പതിന്മടങ്ങ് വര്‍ധിച്ച് 2.53 കോടി രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫ്‌ളൈറ്റ് ടിക്കറ്റിനും ക്യാബ് ബുക്കിംഗിനുമായി അദാനി ഗ്രൂപ്പ് അദാനി വണ്‍ എന്ന ആപ്പ് അവതരിപ്പിച്ചിരുന്നു.

2021 ഒക്ടോബറില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ആപ്പായ ക്ലിയര്‍ ട്രിപ്പില്‍ ഓഹരിയും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ട്രെയിന്‍മാനെ ഏറ്റെടുക്കുന്നതോടെ ട്രാവല്‍ രംഗത്തും അദാനി ഗ്രൂപ്പ് ശക്തമായ സാന്നിധ്യമാവുകയാണ്.

Tags:    

Similar News