ബ്രിട്ടാനിയയുടെ ലാഭത്തിൽ 40% ഇടിവ്; വരുമാനം 4,256 കോടി രൂപ

  • എബിറ്റ്ഡ മാർജിൻ 19.29 ശതമാനം
  • വിൽപ്പന 4,192 കോടി രൂപയായി റിപ്പോർട്ട് ചെയ്തു
  • പ്രവർത്തന ലാഭം 743 കോടി രൂപ

Update: 2024-02-07 09:03 GMT

ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ നടപ്പ് വർഷത്തെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 40 ശതമാനം താഴ്ന്ന് 556 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ അറ്റാദായം 937 കോടി രൂപയായിരുന്നു. മുൻ പാദത്തിലെ 587 കോടി രൂപയിൽ നിന്നും അഞ്ചു ശതമാനം താഴ്ന്നതുമാണിത്.

ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 4,196 കോടി രൂപയിൽ നിന്നും 4,256 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ഈ പാദത്തിലെ കമ്പനി എബിറ്റ്ഡ (EBITDA) 821 കോടി രൂപയിലെത്തി. എബിറ്റ്ഡ മാർജിൻ 19.29 ശതമാനമായി രേഖപ്പെടുത്തി.

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബ്രിട്ടാനിയയുടെ സംയോജിത വിൽപ്പന 4,192 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം വർധനവാണ് വില്പനയിലുണ്ടായത്. ഈ കാലയളവിലെ പ്രവർത്തന ലാഭം 743 കോടി രൂപയിലെത്തി.

നടപ്പ് വർഷത്തെ ഒമ്പത് മാസങ്ങളിലെ സംയോജിത വരുമാനം മുൻവർഷത്തേക്കാൾ 3.6 ശതമാനം വർധിച്ച് 12,532 കോടി രൂപയും പ്രവർത്തന ലാഭം മുൻവർഷത്തേക്കാൾ 15.6 ശതമാനം വർധിച്ച് 2,162 കോടി രൂപയുമായി രേഖപ്പെടുത്തി.

നിലവിൽ ബ്രിട്ടാനിയ ഓഹരികൾ എൻഎസ്ഇ യിൽ 2.52 ശതമാനം ഉയർന്ന് 5,133 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News