ഇപിഎഫ്ഒ പരിധി ഉയര്‍ത്തുമോ? ആശ്വാസ വിജ്ഞാപനം പ്രതീക്ഷിക്കാമോ?

  • പരിധി സംബന്ധിച്ച വ്യക്തതയോടെ പുതിയ വിജ്ഞാപനം വരുന്നതോടെ ആര്‍ക്കൊക്കെ ഗുണം ലഭിക്കും? ജീവനക്കാരെ എങ്ങനെയൊക്കെ ബാധിക്കും?

Update: 2023-01-24 11:15 GMT

അഡ്വ കെഎം ബഷീര്‍

സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളികള്‍ക്ക് വിരമിക്കലിനുശേഷം പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് 1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം. ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമ പദ്ധതികളുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാല്‍വെപ്പായിരുന്നു 1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് മിസലേനിയസ് ആക്ട്. 1952 നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന ഈ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്.

യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ നല്‍കാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന സെക്ഷന്‍ 11(3) 1996 ല്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഒരു വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളില്‍ ഈ വ്യവസ്ഥ പുന: സ്ഥാപിക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തു.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ കാതലായ മാറ്റം വരുത്തിയ നിയമനിര്‍മ്മാണം 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. അതനുസരിച്ച് ഉയര്‍ന്ന ശമ്പള പരിധി 15,000 രൂപയായി നിജപ്പെടുത്തി. എന്നാല്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന വിഹിതം അടക്കാനുള്ള സൗകര്യം തൊഴിലാളികള്‍ക്ക് നഷ്ടമായി. പ്രൊവിഡന്റ് വിഹിതം തൊഴിലുടമയും തൊഴിലാളിയും തുല്യമായ അനുപാതത്തിലാണ് അടച്ചിരുന്നത്. ഉയര്‍ന്ന പരിധി 15,000 രൂപയായി നിജപ്പെടുത്തിയതുമൂലം ഈ തുകയ്ക്ക് അനുസരിച്ചുള്ള വിഹിതം മാത്രം തൊഴിലുടമ അടച്ചാല്‍ മതിയെന്നായി.

സുപ്രിംകോടതിയുടെ സുപ്രധാന വിധി

അതേസമയം, 2014ല്‍ വരുത്തിയ ഭേദഗതികളില്‍ ചിലത് ഡല്‍ഹി, രാജസ്ഥാന്‍, കേരള ഹൈക്കോടതികള്‍ റദ്ദാക്കി. ശമ്പളത്തിനും ഉയര്‍ന്ന വിഹിതത്തിനും ആനുപാതികമായി പെന്‍ഷന്‍ ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്ന് 2015ല്‍ കേരള ഹൈക്കോടതി വിധിച്ചു. ഈ വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്രതൊഴില്‍ മന്ത്രാലയവും നല്‍കിയ സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി നിരാകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയാണ് ചെയ്തത്. നീണ്ടകാലത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം സുപ്രീം കോടതി 2022 നവംബര്‍ നാലിന് ഈ കേസിന്റെ വിധി പ്രസ്താവിച്ചു.

യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കാനുള്ള തൊഴിലാളികളുടെ അവകാശം സുപ്രീം കോടതി വിധിയിലൂടെ പുനഃസ്ഥാപിച്ചു എന്നത് ഏറെ ആശ്വാസകരമാണ്. എന്നിരുന്നാലും ഓപ്ഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് ദോഷകരമയി വരും എന്ന വസ്തുത കാണാതിരുന്നുകൂടാ. 201 നവംബര്‍ ഒന്നിനു മുമ്പ് വിരമിച്ചവര്‍, നവംബര്‍ ഒന്ന്, 2014 ല്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നവരും, പിന്നീട് വിരമിച്ചവരും സര്‍വ്വീസില്‍ തുടരുന്നവരും, 2014 നവംബര്‍ ഒന്നിനു ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ എന്നിങ്ങനെയാണ് സുപ്രീംകോടതി വിധി തൊഴിലാളികളെ തരംതിരിച്ചിട്ടുള്ളത്. ഉയര്‍ന്ന വിഹിതത്തിന് ആനുപാതികമായി 1.16 ശതമാനം കൂടി തൊഴിലാളി അടക്കണമെന്ന വ്യവസ്ഥ സുപ്രീം കോടതി നീക്കം ചെയ്തിട്ടുണ്ട്.

അനിശ്ചിതത്വം തുടരുന്നു

സുപ്രീംകോടതി വിധി വന്നുകഴിഞ്ഞ പശ്ചാത്തലത്തില്‍ ഈ വിധി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ഇല്ല. ഉയര്‍ന്ന വിഹിതത്തിന് ആനുപാതികമായി തൊഴിലാളി അടക്കേണ്ട 1.16 ശതമാനം അതി വിഹിതം എങ്ങനെ കണ്ടെത്തും എന്നതു സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് ആറുമാസ സമയ പരിധി നല്‍കിയിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ ഋജഎഛ ഇറക്കേണ്ട ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും വേണ്ട പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

പരിധികള്‍ ഇല്ലാതെ ശമ്പളത്തിന് ആനുപാതികമായി വിഹിതം നല്‍കാന്‍ തൊഴിലാളിയെ പ്രാപ്തമാക്കുന്ന കോടതി വിധി നടപ്പിലാക്കുന്നതുവഴി തത്തുല്യമായ വിഹിതം തൊഴിലുടമയും നല്‍കാന്‍ നിര്‍ബന്ധിതമാകും. ഇപ്പോഴത്തെ ഉയര്‍ന്ന പരിധിയായ 15,000 രൂപയില്‍ കൂടുതല്‍ വരുന്ന ശമ്പളത്തിന്റെ വിഹിതമായി തൊഴിലാളി നല്‍കിയിരുന്ന 1.16 ശതമാനം ആര് നല്‍കും എന്നതില്‍ തീര്‍പ്പാക്കാന്‍ ഇതുവരെ തൊഴിലാളി മന്ത്രാലത്തിന് കഴിഞ്ഞിട്ടില്ല.

ഇനിയെന്ത്?

ഈ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ വീണ്ടും നിയമനിര്‍മ്മാണം വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉയര്‍ന്ന ശമ്പള പരിധി 21,000 രൂപയായി നിജപ്പെടുത്തി ഒരു നിയമനിര്‍മ്മാണം കൊണ്ടുവരികയും അതുവഴി ആനുപാതിക വിഹിതത്തിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും എന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്. ഉയര്‍ന്ന പരിധി 21,000 രൂപയില്‍ നിജപ്പെടുത്തുകയാണെങ്കില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള തൊഴിലാളികളുടെ അനന്തസാധ്യതയാണ് അടഞ്ഞുപോകുന്നത്.

ഇഎസ്‌ഐ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ശമ്പളപരിധി 15,000 രൂപയില്‍ നിന്നും 21,000 രൂപയായി 2017 ജനുവരിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ നിലവാരത്തിലേക്ക് പെന്‍ഷന്‍ സ്‌കീമിലെ ശമ്പളപരിധിയും ഉയര്‍ത്താനുള്ള ആലോചനകളാണ് നടന്നുവരുന്നത്. ഇപ്പോള്‍ 6.8 കോടി തൊഴിലാളികള്‍ പെന്‍ഷന്‍ സ്‌കീമിന്റെ പരിധിയില്‍ വരുന്നുണ്ട്.

ശമ്പള പരിധി 21,000 രൂപയായി ഉയര്‍ത്തിയാല്‍ 75 ലക്ഷം തൊഴിലാളികള്‍ കൂടി പെന്‍ഷന്‍ സ്‌കീമില്‍ വരും. സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ പരിധിയില്ലാതെ എല്ലാവരും സ്‌കീമില്‍ വരും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ആശ്വാസകരമായ നിയമനിര്‍മ്മാണവും വിജ്ഞാപനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അഡ്വ കെഎം ബഷീര്‍-മുന്‍ നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ലേഖകന്‍.

Tags:    

Similar News