ആത്മവിശ്വാസം പകരുന്ന ആത്മകഥയുമായി ടി എസ് കല്യാണരാമന്‍

  • ആത്മവിശ്വാസം' പകരുന്ന ആത്മകഥയുമായി ടി എസ് കല്യാണരാമന്‍ആത്മവിശ്വാസം' പകരുന്ന ആത്മകഥയുമായി ടി എസ് കല്യാണരാമന്‍

Update: 2023-02-03 12:45 GMT

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവര്‍ക്കും ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെക്കുന്നവര്‍ക്കും ആത്മവിശ്വാസം പകരുന്ന ആത്മകഥയുമായി കല്യാണ്‍ ജുവല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍. ആത്മകഥയുടെ പേരു തന്നെ 'ആത്മവിശ്വാസം' എന്നാണ്.

തുണിക്കടയില്‍ തുടങ്ങി സ്വര്‍ണ വ്യാപാരത്തിലൂടെ ലോകമെങ്ങും പടര്‍ന്നു പന്തലിച്ച കല്യാണ്‍ ജുവല്ലേഴ്സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇടകലര്‍ത്തി ടിഎസ് കല്യാണരാമന്‍ പറയുന്നത്. ബോളിവുഡ് ഇതിഹാസവും കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചനാണ് അവതാരികയെഴുതിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കൈപ്പുസ്തകം എന്നാണ് അവതാരികയില്‍ ബച്ചന്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി വിപി ജോയിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

ബിസിനസില്‍ ആദ്യ ഗുരു പിതാവ്

1951 ല്‍ തിരുവനന്തപുരത്ത് ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച കല്യാണരാമന് കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകനായ വലിയച്ഛന്റെ പേരാണ് പിതാവ് സീതാരാമയ്യര്‍ നല്‍കിയത്. 12 ാം വയസു മുതല്‍ പിതാവില്‍ നിന്ന് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ച അദ്ദേഹം കേരളവര്‍മ കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദമെടുത്തു. പിതാവിന്റെ കൂടെ ടെക്സ്‌റ്റൈല്‍ ബിസിനസിലായിരുന്നു ആദ്യം. അതാണ് കല്യാണ്‍ സില്‍ക്സ് ആയി വളര്‍ന്നത്.

തുടക്കം 50 ലക്ഷം രൂപയില്‍

1993 ല്‍ തൃശൂര്‍ നഗരത്തിലാണ് ആദ്യ ജ്വല്ലറി സംരംഭമായ കല്യാണ്‍ ജ്വല്ലേഴ്സ് തുറക്കുന്നത്. 50 ലക്ഷമായിരുന്നു മുടക്കുമുതല്‍. പിന്നീട് ദക്ഷിണേന്ത്യയില്‍ പല ഭാഗങ്ങളിലായി 32 ഷോറൂമുകളുള്ള വന്‍ ബിസിനസ് സംരംഭത്തിന്റെ ഉടമയായി അദ്ദേഹം മാറി. തുടര്‍ന്ന് രാജ്യത്താകെ 137 ഷോപ്പുകള്‍ കല്യാണ്‍ ജ്വല്ലറി തുറന്നു.

ഫോര്‍ബ്സ് പട്ടികയില്‍

9,814.98 കോടി രൂപയുമായി ഫോര്‍ബ്സ് മാഗസിന്റെ കോടീശ്വര പട്ടികയില്‍ കല്യാണരാമന്‍ 147 ാം സ്ഥാനത്തെത്തിയത് 2016ലാണ്. പിന്നീട് 11,041.8 കോടി രൂപയായി വരുമാനം ഉയര്‍ന്നു. കല്യാണ്‍ ഡവലപ്പേഴ്സ് എന്ന പേരില്‍ ദക്ഷിണേന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം കഴിവു തെളിയിച്ചു. പശ്ചിമേഷ്യയിലും കല്യാണ്‍ ജ്വല്ലറി ശൃംഖലകള്‍ വന്നു. എന്നാല്‍ കൊവിഡ് കാലത്ത് പശ്ചിമേഷ്യയിലെ എട്ട് ഷോപ്പുകള്‍ അടക്കേണ്ടിവന്നു.

പാവങ്ങളുടെ തോഴന്‍

ജീവകാരുണ്യ രംഗത്തും സജീവമായ കല്യാണരാമന്‍ ഇന്ത്യയിലെ ദരിദ്രരായ ആളുകള്‍ക്ക് വീടുവയ്ക്കാനായി ചെലവിട്ടത് 24.53 കോടി രൂപയാണ്.

Tags:    

Similar News