കലാദാന്‍ പദ്ധതി അന്തിമഘട്ടത്തിലേക്ക്; പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുക ലക്ഷ്യം

  • പദ്ധതിച്ചെലവ് 484 മില്യണ്‍ യുഎസ് ഡോളര്‍
  • നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പദ്ധതി
  • കൊല്‍ക്കത്തയില്‍നിന്ന് ബംഗ്ലാദേശ് വഴി മ്യാന്‍മാറിലൂടെ മിസോറാമിലേക്ക് ചരക്കുനീക്കം ലക്ഷ്യം
;

Update: 2023-05-15 07:53 GMT


വിവിധ വെല്ലുവിളികള്‍മൂലം കാലതാമസം നേരിട്ടെങ്കിലും കലാദാന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഇന്ത്യന്‍ തുറമുഖമായ കൊല്‍ക്കത്തയെയും മ്യാന്‍മറിലെ റാഖൈന്‍ സ്റ്റേറ്റിലെ സിത്്വെ തുറമുഖത്തെയും കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന 484 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയാണ് കലാദാന്‍.

സിത്്വെ തുറമുഖത്തെ ചിന്‍ സംസ്ഥാനത്തുള്ള പലേത്വയുമായി ബോട്ട് റൂട്ടിലൂടെ ബന്ധിപ്പിക്കുകയും തുടര്‍ന്ന് ഇവിടെ റോഡുമാര്‍ഗം മിസോറാം സംസ്ഥാനത്തിലേക്ക് എത്തുകയും ചെയ്യും. പദ്ധതി 2014ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നീണ്ടുപോകുകയായിരുന്നു.

പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള ചരക്കുകളുടെ ഗതാഗതച്ചെലവ് ഗണ്യമായി കുറയ്ക്കുകയും സാമ്പത്തിക വളര്‍ച്ചയുടെ പുതിയ വഴികള്‍ തുറക്കുകയും ചെയ്യും.

മെയ് 9 ന് മ്യാന്‍മറിലെ സിത്‌വെ തുറമുഖത്തേക്ക് എംവി-ഐടിടി ലയണ്‍ എന്ന ചരക്ക് കപ്പല്‍ എത്തിയപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയുമായിബന്ധിപ്പിക്കുന്ന ബദല്‍ പാതകള്‍ക്കായുള്ള ഇന്ത്യയുടെ ദീര്‍ഘനാളത്തെ അന്വേഷണത്തില്‍ അത് ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ഇത് ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ ആഴത്തിലുള്ള തുറമുഖത്തിന്റെ പ്രവര്‍ത്തന ക്ഷമത അറിയിക്കുന്നതും കൂടിയായിരുന്നു.

കലാദാന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് (കെഎംഎംടിടിപി) ഏറെ വെല്ലുവിളി നിറഞ്ഞ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ്.അതിലെ നിര്‍ണായക സ്ഥാനമാണ് സിത്‌വെ തുറമുഖത്തിനുള്ളത്.

കൊല്‍ക്കത്ത, ഹാല്‍ദിയ, കിഴക്കന്‍ തീരത്തെ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സിത്്വെയിലേക്ക് ചരക്ക് എത്തിക്കുക, തുടര്‍ന്ന് ചരക്കുകള്‍ മ്യാന്‍മറിലെ പലേത്വയിലെ ഉള്‍നാടന്‍ ജല ടെര്‍മിനലിലേക്കും അവിടെ നിന്ന് റോഡ് മാര്‍ഗം മിസോറാമിലെ ഐസ്വാളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.

കൊല്‍ക്കത്തയ്ക്കും സിത്വെയ്ക്കും ഇടയിലുള്ള ഉദ്ഘാടന സര്‍വീസ് പൂര്‍ത്തിയായപ്പോള്‍ ചരക്ക് കപ്പലിനെ സ്വീകരിക്കാന്‍ ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മ്യാന്‍മറിന്റെ ഉപപ്രധാനമന്ത്രി അഡ്മിറല്‍ ടിന്‍ ഓങ് സാനും എത്തിയിരുന്നു.

ഒരുകാലത്ത് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന സിത്വെ ഇപ്പോള്‍ ഒരു വ്യാപാര കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ്. പലേത്വയ്ക്കും (മ്യാന്‍മര്‍) സോറിന്‍പുയിയ്ക്കും (മിസോറം) ഇടയിലുള്ള നിര്‍ണായക പാത ഉള്‍പ്പെടെയുള്ള റോഡ് ലിങ്കിന്റെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

ലോജിസ്റ്റിക്കല്‍ പ്രതിസന്ധികളും സുരക്ഷാ പ്രശ്നങ്ങളും മൂലം കാലാതാമസം ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

കലാദാന്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് ഇന്ത്യക്ക് മാത്രമല്ല നേട്ടമുണ്ടാക്കുക. ബംഗ്ലാദേശിനും മ്യാന്‍മാറിനും പദ്ധതി ഒരുപോലെ ഗുണകരമാകും.ബംഗ്ലാദേശിന്റെ ചാതോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ പദ്ധതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. കലാദാന്‍ ഇന്ത്യയുടെ നേട്ടം മാത്രമാണെന്ന് പങ്കാളി രാജ്യങ്ങള്‍ക്ക് തോന്നുന്നില്ലെന്ന് ഇതുവഴി ഉറപ്പാക്കിയിട്ടുണ്ട്.

കലാദാന്‍ പദ്ധതി മ്യാന്‍മാറിലെ റാഖൈന്‍ സംസ്ഥാനത്തിന് സാമ്പത്തിക വികസനം കൊണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികവും തന്ത്രപരവുമായ നേട്ടങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കലാദാന്‍ പദ്ധതി അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തേക്ക് പ്രവേശിക്കാന്‍ ഇടുങ്ങിയ സിലിഗുരി ഇടനാഴിയെ മാത്രം ആശ്രയിക്കേണ്ടിവരില്ല എന്നാണ് ഇതിനര്‍ത്ഥം.

ചൈനയുമായി അതിര്‍ത്തി മേഖലയില്‍ സംഘര്‍ഷം ഉണ്ടായാല്‍ സിലിഗുരി ഇടനാഴി അത്യന്തം അപകടകരമായി മാറും. അതുവഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി നഷ്ടമാകും. ഇത് മേഖലയെ ഒന്നാകെ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

കൂടാതെ, കടല്‍ വഴിയുള്ള ഒരു ബദല്‍ റൂട്ട് സമയവും ഗതാഗത ചെലവും കുറയ്ക്കുകയും ചെയ്യും. ഇത് ഉഭയകക്ഷി, പ്രാദേശിക വ്യാപാരം എന്നിവയ്ക്ക് സഹായകമാവുകയും ചെയ്യും. പദ്ധതി നടപ്പാക്കുന്നതിലൂടെ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യ-മ്യാന്‍മര്‍ വ്യാപാരം കൂടുതല്‍ മെച്ചപ്പെടുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. 2021-22 ല്‍ ഇത് 1.9 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ ഇപ്പോള്‍ മ്യാന്‍മറിന്റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

അതിനാല്‍ മ്യാന്‍മാറുമായി കൂടുതല്‍ മെച്ചപ്പെട്ട വ്യാപാരബന്ധം വളര്‍ത്തിയെടുക്കുന്നതിന് ധാരാളം നടപടികള്‍ രാജ്യത്തിന് ചെയ്യാനുണ്ട്. മ്യാന്‍മാറിനെകൂടാതെ അതിനപ്പുറം തെക്കുകിഴക്കന്‍ ഏഷ്യയുമായും ഇതുവഴി മികച്ച വ്യാപാരം നടത്തുന്നതിന് പദ്ധതി സഹായിക്കും.

2008-ല്‍ ആദ്യമായി വിഭാവനം ചെയ്ത കലാദാന്‍ പദ്ധതി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പൂര്‍ത്തീകരണത്തിന്റെ തീയതികള്‍ പലതവണ മാറിയത് തന്നെ ഇതിനുദാഹരണമാണ്.മിസോറാമിനെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കവാടമാക്കുക എന്ന സ്വപ്നം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.

മ്യാന്‍മറിലെ രാഷ്ട്രീയ അസ്ഥിരതയും, പദ്ധതി കടന്നുപോകുന്ന റാഖൈന്‍, ചിന്‍ സംസ്ഥാനങ്ങളിലെ സുരക്ഷിതമല്ലാത്ത സാഹചര്യവും കാലതാമസത്തിന് കാരണമായി. നാഗാലാന്‍ഡില്‍ നിന്നും മണിപ്പൂരില്‍ നിന്നുമുള്ള കലാപകാരികളും സൈന്യത്തിന്റെ സായുധ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ പുരോഗതിയെ തടസ്സപ്പെടുത്തി.

കലാദാന്‍ പദ്ധതി ഇന്ത്യ ഏറ്റെടുക്കുന്നതിന്, കണക്റ്റിവിറ്റി മാത്രമല്ല അത്യന്താപേക്ഷിതം. അതിന്റെ ചുറ്റളവില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യവും ഇന്ത്യക്ക് ഭീഷണിയാണ്.

Tags:    

Similar News