അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് പത്ത് മടങ്ങ് വളര്‍ച്ചാ സാധ്യത: കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

  • ഇന്ത്യയുടേത് ലോകം ഉറ്റുനോക്കുന്ന വളര്‍ച്ചാനിരക്ക്
  • വികസ്വര രാജ്യങ്ങള്‍ക്ക് വ്യാപാര രംഗത്ത് ന്യായമായ അന്തരീക്ഷം ഒരുക്കണം
  • ഡബ്ലിയുടിഒ മന്ത്രിതല സമ്മേളനത്തില്‍ സമവായ അധിഷ്ഠിത പരിഹാരങ്ങള്‍ ഉണ്ടാകണം

Update: 2023-05-17 11:15 GMT

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് പത്ത് മടങ്ങ് വളര്‍ച്ചാ സാധ്യത ഉണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഫെഡറേഷന്‍ ഓഫ് എന്റര്‍പ്രൈസസ് ഇന്‍ ബെല്‍ജിയം (എഫ്ഇബി) സംഘടിപ്പിച്ച ബിസിനസ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ (ടിടിസി) ആദ്യ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ബ്രസല്‍സിലെത്തിയത്.

ഇന്ന് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിനായി ടാലന്റ്, സാങ്കേതികവിദ്യ, നികുതി, വ്യാപാരം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

ഇന്ത്യന്‍ ബിസിനസ്സ് പ്രതിനിധി സംഘത്തിലെ ആറ് അംഗങ്ങള്‍ക്കൊപ്പം ബെല്‍ജിയത്തില്‍ നിന്നുള്ള 28-ലധികം ബിസിനസ്സ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയില്‍ നിലവിലുള്ളതും പ്രവര്‍ത്തിക്കുന്നതുമായ ബെല്‍ജിയം സംരംഭങ്ങളുടെ സാക്ഷ്യപത്രങ്ങള്‍, ബെല്‍ജിയത്തില്‍ നിലവിലുള്ള ഇന്ത്യന്‍, വിദേശ കമ്പനികളുടെ സാക്ഷ്യപത്രങ്ങള്‍, യോഗത്തില്‍ പങ്കെടുത്ത ബിസിനസ് സംഘടനകളുടെ അഭിപ്രായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍ നടന്നു.

്താരിഫുകളും ഡ്യൂട്ടികളും, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം (ഐപിആര്‍), നിക്ഷേപങ്ങള്‍, മാലിന്യ സംസ്‌കരണ മേഖലയിലെ നിയന്ത്രണങ്ങളുടെ ആവശ്യകത, റെഗുലേറ്ററി കംപ്ലയന്‍സ് കുറയ്ക്കല്‍, സീറോ കാര്‍ബണ്‍ ടെക്നോളജിയും ഗ്രീന്‍ ഫിനാന്‍സിംഗും, ഓഫ്ഷോര്‍ വിന്‍ഡ് സിസ്റ്റങ്ങള്‍ തുടങ്ങിയ വയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍.

കാലാവസ്ഥാ പ്രശ്നങ്ങള്‍ പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ വികസിതവും വളര്‍ന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥകള്‍ക്ക് എല്ലാവര്‍ക്കും വിജയിക്കാനുള്ള ന്യായവും തുല്യവുമായ അവസരമുള്ള ഒരു സാഹചര്യം ഒരുക്കണമെന്നും ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടതായി വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കാര്‍ബണ്‍ പുറംതള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ എല്ലാവരുടെയും അര്‍ത്ഥവത്തായ സംഭാവനകള്‍ ഉണണ്ടായിരിക്കുകയും വേണം. പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പ്രതിബദ്ധതകള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും യോഗത്തില്‍ ഗോയല്‍ ആവശ്യപ്പെട്ടു.

ഇന്ത്യ-ഇയു ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ (ടിടിസി) സംവിധാനം ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ പ്ലാറ്റ്ഫോമായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലോക വ്യാപാര സംഘടനയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പൊതുവായ ആശങ്കകള്‍ പങ്കിടുന്നുണ്ട്.

അതിനാല്‍ കൂട്ടായ പരിശ്രമത്തിലൂടെ വരാനിരിക്കുന്ന ഡബ്ലിയുടിഒ മന്ത്രിതല സമ്മേളനത്തില്‍ സമവായ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്താന്‍ സംയുക്തമായി ശ്രമിക്കാമെന്നും പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.



Tags:    

Similar News