ഭക്ഷ്യോല്‍പ്പന്നങ്ങളുമായി ചിലി; ചെറുനഗരങ്ങളെ ലക്ഷ്യമിടുന്നു

Update: 2023-06-20 10:49 GMT

തെക്കേ അമേരിക്കന്‍ രാജ്യമായ ചിലി അതിന്റെ വൈവിധ്യമാര്‍ന്ന കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും ഇന്ത്യയിലെ ചെറു നഗരങ്ങളിലും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ രാജ്യത്തെ വന്‍ നഗരങ്ങളില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യമുണ്ട്. വൈന്‍, വാല്‍നട്ട്, മറ്റ് ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ പ്രീമിയം ഉല്‍പ്പന്നങ്ങളുമായി ചെറിയ നഗരങ്ങളിലെ വിപണികളില്‍ സ്ഥാനം നേടാനാണ് ചിലി ശ്രമിക്കുന്നത്.

ഉല്‍പ്പന്നങ്ങളുടെ ഉത്ഭവ രാജ്യത്തെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാന്‍ ചിലിയും താല്‍പ്പര്യപ്പെടുന്നുണ്ട്. കൂടാതെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിവിധതരം വൈനുകളെക്കുറിച്ചും മറ്റും ഒരു മാസ്റ്റര്‍ക്ലാസിലൂടെ ബ്രാന്‍ഡ് ബില്‍ഡിംഗ് കാമ്പെയ്ന്‍ ആരംഭിക്കാനും ഇന്ന് അവര്‍ പദ്ധതിയിടുന്നു.

ഇന്ത്യയില്‍ തങ്ങള്‍ക്ക് വളരെയധികം താല്‍പ്പര്യള്ളതായി ചിലിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ പ്രോ ചിലി പ്രോഗ്രാമിന്റെ ജനറല്‍ ഡയറക്ടര്‍ ഇഗ്നേഷ്യോ ഫെര്‍ണാണ്ടസ് റൂയിസ് പറഞ്ഞു. ഇവിടെ വലിയ അവസരങ്ങളുണ്ട്. അത് വര്‍ധിപ്പിച്ച് ഉപയോഗപ്പെടുത്താനാണ് തീരുമാനം. തങ്ങള്‍ വലിയ നഗരങ്ങളെക്കുറിച്ച് മാത്രമല്ല, ടയര്‍ -2, ടയര്‍ -3 നഗരങ്ങളിലേക്കും നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പുതിയ നഗരങ്ങളിലുള്ള വിപണികള്‍ കണ്ടെത്തുന്നതിന് പ്രാദേശിക ഇറക്കുമതിക്കാരുമായും ബിസിനസുകാരുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്് അദ്ദേഹം വ്യക്തമാക്കി.ചിലി വാല്‍നട്ട്, വൈന്‍, ചെറി, കിവി, പ്ലം എന്നിവ ഇന്ത്യയിലേക്ക് ചിലി കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ മുന്‍ഗണനാ വ്യാപാര കരാറിന് കീഴില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിഹിതം വര്‍ധിപ്പിക്കണമെന്നും ആഗ്രഹമുണ്ട്.

വ്യാപാരകരാറിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ചിലിക്ക് ഇന്ത്യയില്‍ എത്തിക്കാനാകും.

ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവെച്ച ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ചിലി.

ഇവിടുത്തെ വിപണികളില്‍ ലഭ്യമായ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ പലതും ചിലിയില്‍ നിന്നുള്ളതാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക കൂടിയാണ് തന്റെ ദൗത്യമെന്ന് റൂയിസ് പറഞ്ഞു.

'ഞങ്ങള്‍ക്ക് ഇവിടെ ചില ഉല്‍പ്പന്നങ്ങളുണ്ട്, പക്ഷേ ഉല്‍പ്പന്നങ്ങളുടെ ഉറവിടം ചിലിയാണെന്ന് ആളുകള്‍ക്ക് അറിയില്ല. ഒരുപക്ഷേ ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം അതാണ്,' അദ്ദേഹം പറഞ്ഞു. പ്രോ ചിലി മുംബൈയില്‍ ഒരു പുതിയ വ്യാപാര ഓഫീസും ഉദ്ഘാടനം ചെയ്യുന്നുണ്ട്.'വൈനിലൂടെ ചിലിയെ അറിയുക' എന്നതില്‍ ഒരു ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ചിലിയും തമ്മിലുള്ള വ്യാപാരം 2 ബില്യണ്‍ യുഎസ് ഡോളറിന്റെ മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. 2007 ല്‍ വ്യാപാരത്തില്‍ ഭാഗിക കരാര്‍ ഒപ്പിട്ടതിന് ശേഷം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം തീവ്രമായി വളര്‍ന്നതായും റൂയിസ് ചൂണ്ടിക്കാട്ടി.


Tags:    

Similar News