നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ചു

 നേപ്പാള്‍ ആദ്യമായി ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്ക് പോസ്റ്റിലൂടെ രാജ്യത്തേക്ക് 3,000 ചാക്കുകളുടെ പ്രാരംഭ ചരക്ക് പ്രവേശിച്ചു. നവല്‍പരസി ജില്ലയിലെ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് സുനൗലി അതിര്‍ത്തിയിലൂടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്ക് സിമന്റ് ചരക്ക് അയച്ചത്. ബജറ്റില്‍ സിമന്റ് കയറ്റുമതിക്ക് സര്‍ക്കാര്‍ എട്ട് ശതമാനം സബ്സിഡി നല്‍കിയതോടെയാണ് നേപ്പാളിലെ വ്യവസായികള്‍ ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചത്. നവല്‍പരസി പ്ലാന്റിന് പ്രതിദിനം 1,800 ടണ്‍ ക്ലിങ്കര്‍, 3,000 ടണ്‍ സിമന്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള […]

Update: 2022-07-10 00:10 GMT
നേപ്പാള്‍ ആദ്യമായി ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്ക് പോസ്റ്റിലൂടെ രാജ്യത്തേക്ക് 3,000 ചാക്കുകളുടെ പ്രാരംഭ ചരക്ക് പ്രവേശിച്ചു. നവല്‍പരസി ജില്ലയിലെ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് സുനൗലി അതിര്‍ത്തിയിലൂടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്ക് സിമന്റ് ചരക്ക് അയച്ചത്. ബജറ്റില്‍ സിമന്റ് കയറ്റുമതിക്ക് സര്‍ക്കാര്‍ എട്ട് ശതമാനം സബ്സിഡി നല്‍കിയതോടെയാണ് നേപ്പാളിലെ വ്യവസായികള്‍ ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചത്.
നവല്‍പരസി പ്ലാന്റിന് പ്രതിദിനം 1,800 ടണ്‍ ക്ലിങ്കര്‍, 3,000 ടണ്‍ സിമന്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പല്‍പ ഇന്‍ഡസ്ട്രീസിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ജീവന്‍ നിരൗള പറഞ്ഞു. പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസിന്റെ ബാനറില്‍ ടാന്‍സെന്‍ ബ്രാന്‍ഡ് സിമന്റ് ഉല്‍പ്പാദിപ്പിക്കുന്ന പല്‍പ, ഗുണനിലവാര പരിശോധന ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ചത്. ഇതോടെ നേപ്പാളിലുടനീളം പ്രവര്‍ത്തിക്കുന്ന മറ്റ് അഞ്ച് സിമന്റ് വ്യവസായങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്.
നേപ്പാളിന് 150 ബില്യണ്‍ രൂപയുടെ സിമന്റ് കയറ്റുമതി ചെയ്യാനുള്ള കഴിവുണ്ടെന്ന് നേപ്പാള്‍ സിമന്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. നേപ്പാളിലെ സിമന്റ് വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും വിപണിയുടെ അഭാവം മൂലം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുന്നതോടെ നേപ്പാളി ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യാന്തര ബ്രാന്‍ഡുകളോട് മത്സരിക്കാനാകുമെന്ന് പല്‍പ ഇന്‍ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്ന് നവല്‍പരശി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കേശവ് ഭണ്ഡാരി പറഞ്ഞു.
Tags:    

Similar News