ആനിക്കുണ്ടൊരു പഴത്തോട്ടം; യു ട്യൂബിലൂടെ ലഭിക്കുന്നത് പ്രതിമാസം ഒരു ലക്ഷം രൂപ!

  • ആനിക്ക് ഒരേക്കറില്‍ മനോഹരമായ ഒരു തോട്ടമുണ്ട്. പലതരം പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന ഒരു തോട്ടം

Update: 2023-02-10 04:30 GMT

സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഓരോ മാസവും പതിനായിരങ്ങള്‍ വരുമാനമുണ്ടാക്കുന്ന മലയാളികളുടെ എണ്ണം കൂടി വരുകയാണ്. ആ നിരയിലേക്കിതാ കൊച്ചിക്കാരിയായ ഒരു വീട്ടമ്മ. പേര് ആനി യുജീന്‍. അങ്കമാലി എടക്കുന്നാണ് സ്വദേശം.

യു ട്യൂബറായ കഥ

ആനിക്ക് ഒരേക്കറില്‍ മനോഹരമായ ഒരു തോട്ടമുണ്ട്. പലതരം പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന ഒരു തോട്ടം. തോട്ടത്തിലെ ചെടികളുടെയും പഴങ്ങളുടെയും ഫോട്ടോകളും വിഡിയോകളും നഷ്ടപ്പെടാതിരിക്കാനും അത് കൂട്ടുകാരികളുമായി പങ്കുവെക്കാനുമാണ് ആനി ഒരു യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. അതിലെ ഫലവര്‍ഗങ്ങളുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ മറ്റുളളവരുമായി ഷെയര്‍ ചെയ്യാനും ആനി ആഗ്രഹിച്ചു.

കൃഷി ലോകം

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമുള്ള ആനി 2012 ലാണ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കു വെക്കാനായിരുന്നതിനാല്‍ ചാനലിന് കൃഷി ലോകം എന്ന് പേരു നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അധികം വൈകാതെ അനി യുട്യൂബിലെ സെലബ്രിറ്റി യായി. അവരുടെ പഴ വിശേഷങ്ങള്‍ അറിയാന്‍ എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവന്നു.

രണ്ടു കോടി കാഴ്ചക്കാര്‍!

സബ്‌സ്‌ക്രൈബര്‍മാര്‍ ലക്ഷങ്ങള്‍ ഉണ്ടെങ്കിലും വിഡിയോകള്‍ കാണാന്‍ ഇതിന്റെ നാലിലൊന്ന് ഉണ്ടാകാറില്ല പല ചാനലിനും. എന്നാല്‍ ആനിയുടെ കാര്യം തിരിച്ചായിരുന്നു. സബ്‌സ്‌ക്രൈബര്‍സ് മൂന്നു ലക്ഷം കടന്നപ്പോഴേക്കും വിഡിയോ കാണുന്നത് രണ്ടു കോടി കടന്നു. ഇതോടെ യു ട്യൂബില്‍ നിന്നുള്ള പ്രതിമാസ വരുമാനം ഒരു ലക്ഷമായി.

ലജ്ജാവതിയില്‍ നിന്ന് തന്റേടിയിലേക്ക്

തോട്ടമൊരുക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. അതാണ് എന്റെ തോട്ടം മറ്റുള്ളവരെ കാണിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യമൊക്കെ കാമറയെ അഭിമുഖീകരിക്കുകയെന്നത് മടിയുള്ള കാര്യമായിരുന്നു. പതിയെ പതിയെ ഞാന്‍ ട്രാക്കിലായി. വലിയ ലജ്ജാവതിയായിരുന്ന എനിക്ക് കാമറയിലൂടെ ആളുകളെ ഫേസ് ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചു-ആനി പറയുന്നു. 2015 മുതല്‍ പതിവായി വിഡിയോ അപ് ലോഡ് ചെയ്യുന്നു. എങ്കിലും ആദ്യ വിഡിയോ ചെയ്ത കാലത്തെ ആകാംക്ഷ ഇപ്പോഴുമുണ്ട്.

കേരള വീട്ടിലെ പേരക്ക

യു ട്യൂബ് ചാനലിലിട്ട ആദ്യ വിഡിയോയുടെ പേര് ഗുവ ഇന്‍ കേരള ഹോം എന്നായിരുന്നു. അതിന് 8500 വ്യൂസും എട്ട് കമന്റുകളുമാണ് ലഭിച്ചത്. ആദ്യ വിഡിയോയില്‍ എല്ലാവരെയും പോലെ പോരായ്മകള്‍ ഉണ്ടായിരുന്നു. പിന്നെ ടെക്‌നിക്കലായ കാര്യങ്ങള്‍ മനസിലാക്കി. ഭര്‍ത്താവ് സ്റ്റെഫാന്റെ സഹായം ഇതിനുണ്ടായിരുന്നുവെന്ന് ആനി പറയുന്നു.

ആനിയുടെ തോട്ടം

സപ്പോട്ട (ചിക്കു), മാമ്പഴം, ഗുവ (പേരക്ക), പിനട്ട് ബട്ടര്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, വിവിധ തരം ചക്കപ്പഴങ്ങള്‍, ലിപ്പി, വാഴപ്പഴം എന്നിങ്ങനെ നീളുന്നു ആനിയുടെ തോട്ടത്തിലെ ഫലവര്‍ഗ പട്ടിക. കൈപ്പയ്ക്ക, തക്കാളി, കക്കിരി, വഴുതന, കാരറ്റ്, ചിരങ്ങ തുടങ്ങിയ പച്ചക്കറികളും കറ്റാര്‍വാഴ, ജാതിക്ക എന്നിവയും ആനിയുടെ തോട്ടത്തില്‍ വിളഞ്ഞുനില്‍ക്കുന്നു. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താന്‍ ആനിക്ക് ആഗ്രഹമില്ല.

കൂടുതല്‍ ചാനലുകള്‍

ഇപ്പോള്‍ കൃഷി ലോകം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം 5.35 ലക്ഷമായിട്ടുണ്ട്. ടിപ്‌സ് ഫോര്‍ ഹാപ്പി ലൈഫ്, നാചുറല്‍ ടിപ്‌സ് ആന്‍ഡ് വ്‌ളോഗ്‌സ്, സെര്‍വര്‍ ഒകെ എന്നീ യുട്യൂബ് ചാനലുകളും ആനിയുടേതായുണ്ട്. ടിപ്‌സ് ഫോര്‍ ഹാപ്പി ലൈഫ് ക്ലിക് ആയിട്ടുണ്ട്. എട്ടര ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഇതിന് മാത്രമുളളത്.

Tags:    

Similar News