സ്വര്‍ണ ഇതര വായ്പകളുടെ വിഹിതം ഉയര്‍ത്താനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്

  • ഭവന വായ്പാ ബിസിനസ് 2023 -24ല്‍ 1800 കോടി രൂപയിലെത്തിക്കും
  • സ്വര്‍ണ ഇതര വായ്പകളുടെ വിഹിതം 15 -20 ശതമാനമാക്കി ഉയര്‍ത്തും
  • മൈക്രോ പേഴ്സണല്‍ ലോണ്‍ നല്‍കുക സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ക്ക്
;

Update: 2023-05-23 11:01 GMT
muthoot finance is set to increase its share of non-gold loans
  • whatsapp icon

ക്രമേണ സ്വര്‍ണ ഇതര വായ്പ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് സിഇഒ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്. എങ്കിലും സ്വർണ വായ്പാ ബിസിനസിലുള്ള ഫോക്കസ് തുടരുമെന്നും ഇക്ണോമിക് ടൈസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കമ്പനിയുടെ മൊത്തം വായ്പാ പോര്‍ട്ട് ഫോളിയോയുടെ 11 ശതമാനമാണ് സ്വര്‍ണ ഇതര വായ്പകളുള്ളത്. ഇത് 5 വര്‍ഷം കൊണ്ട് 15% മുതല്‍ 20% വരെയാക്കുന്നതിനാണ് ശ്രമിക്കുന്നത്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി ഭവന വായ്പാ ബിസിനസിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്‍റെ വിപുലീകരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഭവന വായ്പാ വിഭാഗത്തിന് മാത്രമായി പുതിയ സിഇഒ-യെ നിയമിച്ചു കൊണ്ട് ഈ വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുത്തൂറ്റ് ഫിനാന്‍സ്. നിലവിലെ 1200 കോടി രൂപയില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമാകുമ്പോഴേക്കും ഭവന വായ്പാ ബിസിനസ് 1800 കോടി രൂപയിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ മികച്ച വളര്‍ച്ച ഈ വിഭാഗത്തിലുണ്ടായെന്നും ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് വ്യക്തമാക്കി. 

മറ്റ് രണ്ട് സ്വര്‍ണ ഇതര ഉല്‍പ്പന്നങ്ങള്‍ കൂടി മുത്തൂറ്റ് ഫിനാന്‍സ് അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. മൈക്രോ പേഴ്സണല്‍ വായ്പയാണ് ഇതിലൊന്ന്. 12 മാസങ്ങളില്‍ വിവിധ തവണകളിലായി പരമാവധി 1 ലക്ഷം രൂപ വരെ വായ്പ നല്‍കും. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുക്കുകയും തിരിച്ചടവില്‍ മികച്ച ട്രാക്ക് റെക്കോഡ് പ്രകടമാക്കുകയും ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഈ വായ്പ ലഭ്യമാക്കുക. നാലുമാസം മുമ്പാണ് ഈ വായ്പാ വിഭാഗം തുടങ്ങിയത്. 

നിലവിലെ ശരാശരി സ്വര്‍ണവായ്പാ കാലവധി  3 -4 മാസമാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു സ്വർണ ഇതര വായ്പ കൂടി ലഭിക്കുമ്പോള്‍ വായ്പയുടെ കാലപരിധി നീട്ടിലഭിച്ച പ്രതീതിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും മികച്ച സ്വീകാര്യത മൈക്രോ പേഴ്സണല്‍ വായ്പകള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കുന്നത്. അധിക വായ്പയിലൂടെ സ്വര്‍ണ വായ്പാ ബിസിനസ് ഉയര്‍ത്തുന്നത് ലക്ഷ്യം വെച്ചാണിതെന്നും അദ്ദേഹം വിശദീകരിച്ചു. 

ചെറുകിട ബിസിനസ്സ് വായ്പയാണ് അടുത്തിടെ അവതരിപ്പിച്ച മറ്റൊരു വായ്പാ ഉല്‍പ്പന്നം. ഇത് ചെറുകിട വ്യാപാരികൾ, കടയുടമകൾ, ചെറുകിട വ്യവസായികൾ, എസ്എംഇകൾ തുടങ്ങിയവർക്കുള്ള ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നല്‍കുന്ന ഈടില്ലാത്ത വായ്പയാണ്. ഇത് ഞങ്ങൾ ഒരു മാസം മുമ്പ് ആരംഭിച്ചതാണ്, അതും ഈട് ഇല്ലാതെയാണ്. ജിഎസ്‍ടിയില്‍ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ചെറുകിട ബിസിനസ്സുകള്‍ക്കും കടയുടമകള്‍ക്കും നിലവിലെ സ്വർണ്ണ വായ്പ ഉപഭോക്താക്കൾക്കും ഇത് നൽകുന്നു.

എന്‍ബിഎഫ്‍സികള്‍ക്ക് സ്വര്‍ണ വായ്പയുടെ 75 %  മാത്രമാണ് വായ്പ നല്‍കാനാകുക. എന്നാല്‍ ബാങ്കുകള്‍ക്ക് ഈ നിയന്ത്രണമില്ല. ഇത് വിപണിയില്‍ ബാങ്കുകള്‍ക്ക് അനീതികരമായ മുന്‍തൂക്കം നല്‍കുന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുത്തൂറ്റ് ഫിനാന്‍സ് റെഗുലേറ്ററെ സമീപിച്ചിരുന്നുവെന്നും ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. റെഗുലേറ്റര്‍ ഇക്കാര്യം ബാങ്കുകളോട് സംസാരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 1 -2 മാസങ്ങളില്‍ ബാങ്കുകളിലെ സ്വര്‍ണ വായ്പാ മൂല്യം വിലയുടെ 75 % കവിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News