ബിസിനസ് ഹബ്ബാകാന്‍ കോഴിക്കോട്

  • കയറ്റുമതി രംഗത്തെ ആനുകൂല്യങ്ങളെ കുറിച്ച് 9ന് ഉന്നതതല ചര്‍ച്ച

Update: 2023-02-03 14:30 GMT

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ 'ഒരു ജില്ല ഒരു പദ്ധതി' പ്രകാരം ജില്ലകളെ കയറ്റുമതി ഹബ് ആക്കുന്നതിന്റെ ഭാഗമായി കയറ്റുമതി രംഗത്തെ ആനുകൂല്യങ്ങളെ കുറിച്ചുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഈമാസം ഒന്‍പതിന് രാവിലെ കോഴിക്കോട് മലബാര്‍ പാലസില്‍ വച്ച് കയറ്റുമതി രംഗത്തെ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് കയറ്റുമതിക്കാരുമായി കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ സംവദിക്കും.

കേന്ദ്ര വാണിജ്യ മന്ത്രാലയം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് കസ്റ്റംസ് കമ്മിഷണര്‍, ചീഫ് ജിഎസ്ടി കമ്മിഷണര്‍ എന്നിവരുടെ സഹകരണത്തോടെ കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷനും (എഫ്‌ഐഇഒ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെ വാണിജ്യ സാധ്യതകള്‍, ബിസിനസ് രംഗത്തെ വെല്ലുവിളികള്‍ എന്നിവയാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉള്‍പ്പെടുക.

ഒരു ജില്ല ഒരു പദ്ധതി (ഒഡിഒപി)യില്‍ കേരളത്തില്‍ നിന്നും കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം തിരഞ്ഞെടുത്തത്. ഇതില്‍ കോട്ടയത്തിന് റബറും റബര്‍ ഉത്പന്നങ്ങളും ആലപ്പുഴയ്ക്ക് മറൈന്‍-കയര്‍ ഉത്പന്നങ്ങളും കോഴിക്കോടിന് ഫുഡ്സ്റ്റഫ്സ് ആന്‍ഡ് ഫൂട്വെയര്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെയാണ് പരിഗണന. ഓരോ ജില്ലയിലും കൂടുതല്‍ വികസന സാധ്യതയുള്ള മേഖലകള്‍ എന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പ്.

ഈ ജില്ലകളില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തെ അഞ്ചു ലക്ഷം കോടി സമ്പദ്വ്യവസ്ഥയിലെത്തിക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊച്ചി, കോട്ടയം, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലുള്ള കയറ്റുമതിക്കാരുമായി കമ്മീഷണറേറ്റ് ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ഇനി കോഴിക്കോടിനു ശേഷം വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൂടി ചര്‍ച്ച സംഘടിപ്പിക്കും. കയറ്റുമതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ 9895 114422 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി അറിയിച്ചു.

Tags:    

Similar News