ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സംവിധാനം ശ്രീലങ്കയിലേക്കും

  • പ്രധാനമന്ത്രിയും ശ്രീലങ്കന്‍ പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ
  • ആഗോളതലത്തില്‍ യുപിഐ ഏറെ പ്രിയങ്കരമാകുന്നു
  • നേരത്തെ ഫ്രാന്‍സ്,യുഎഇ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ അംഗീകരിച്ച സംവിധാനം
;

Update: 2023-07-21 09:43 GMT

ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സാങ്കേതികവിദ്യ അയല്‍രാജ്യമായ ശ്രീലങ്കയില്‍ ഇനി സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ വ്യക്തത കൈവന്നത്. കൂടാതെ ഇരു രാജ്യങ്ങളും നിരവധി കരാറുകളിലുമെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍, റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി യുപിഐ പേയ്മെന്റ് സംവിധാനം വളരെ ജനപ്രിയമായ സംവിധാനമായി മാറി. കൂടാതെ ആഗോളതലത്തില്‍ നിരവധി രാജ്യങ്ങള്‍ ഈ സംവിധാനം അംഗീകരിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. അതിന്റെ വളര്‍ച്ച അതിവേഗം മുന്നോട്ടുപോകുകയുമാണ്. ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ യുപിഐ സംവിധാനം അംഗീകരിച്ചിരുന്നു.

ഉപഭോക്താവ് സൃഷ്ടിച്ച ഒരു വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തല്‍ക്ഷണം മുഴുവന്‍ സമയ പേയ്മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ.

2023 ഫെബ്രുവരിയില്‍ ഇന്ത്യയും സിംഗപ്പൂരും അതത് പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇതോടെ, ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താനാകും. രണ്ട് രാജ്യങ്ങളിലെയും ആളുകള്‍ക്ക് QR-കോഡ് വഴിയോ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ നല്‍കിയോ തത്സമയം പണം അയയ്ക്കാന്‍ കഴിയും. കൂടാതെ, ഈ മാസം ആദ്യം യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നതിന് ഫ്രാന്‍സ് സമ്മതിച്ചിരുന്നു. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ ഈഫല്‍ ടവറില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് യുപിഐയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) യു എ ഇ സെന്‍ട്രല്‍ ബാങ്കും തമ്മിലുള്ള പേയ്മെന്റ്, സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും നേരത്തെ ഒപ്പിട്ടിരുന്നു. ഇത് ഇന്ത്യയുടെ യുപിഐയും യുഎഇയുടെ തല്‍ക്ഷണ പേയ്മെന്റ് പ്ലാറ്റ്ഫോമും (ഐപിപി) തമ്മിലുള്ള സഹകരണം സുഗമമാക്കും.

ഫിന്‍ടെക് നവീകരണത്തില്‍ അതിവേഗം വളരുന്ന ആവാസവ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആഗോളവല്‍ക്കരണത്തെ നയിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്യുന്നു.

യുപിഐയുടെ നേട്ടങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. മറ്റ് രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാജ്യം ഉറപ്പാക്കുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ ഇന്‍ബൗണ്ട് യാത്രക്കാര്‍ക്കും അവര്‍ രാജ്യത്തായിരിക്കുമ്പോള്‍ അവരുടെ മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കായി യുപിഐ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന ജി20 യാത്രക്കാര്‍ക്കാര്‍ക്കായി ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും പറയുന്നു.

Tags:    

Similar News