എച്ച്ഡിഎഫ്‍സി-യുടെ അറ്റാദായത്തില്‍ 20% വളര്‍ച്ച
- 2022-23ലെ അറ്റാദായത്തില്‍ 18.2% വളർച്ച
- മൊത്തം വായ്പാ ബുക്കിലെ വളർച്ച 11%
- ഒരു ഓഹരിക്ക് 44 രൂപ ലാഭവിഹിതം
;

മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ തങ്ങളുടെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം 4,425.50 കോടി രൂപയിലെത്തിയെന്ന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി) അറിയിച്ചു. മുന്‍വര്‍ഷം സമാനപാദത്തില്‍ രേഖപ്പെടുത്തിയ 3,700.32 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19.5 % വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. 2022 -23 സാമ്പത്തിക വർഷത്തിനായി ഒരു ഓഹരിക്ക് 44 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 35.6% വർധിച്ച് 16,679.43 കോടി രൂപയായി. അതേസമയം, അറ്റ പലിശ വരുമാനം (എൻഐഐ) 16 ശതമാനം ഉയർന്ന് 5,321 കോടി രൂപയായി. മാർച്ച് അവസാനംകമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം 24.3% ആയിരുന്നു, ലിക്വിഡിറ്റി കവറേജ് അനുപാതം 127.7% ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൊത്തം സാമ്പത്തിക വർഷത്തിൽ, എച്ച്‌ഡിഎഫ്‌സിയുടെ അറ്റാദായം 18.2% വളർച്ചയോടെ 16,239.36 കോടി രൂപയിലേക്കെത്തി. വരുമാനം 25.5% വർധനയോടെ 60,177.07 കോടി രൂപയാണെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. നികുതിഅടവ് കഴിഞ്ഞ വർഷം 922 കോടി രൂപയായിരുന്നത് 973 കോടി രൂപയായിരുന്നു.
നിക്ഷേപ, നിക്ഷേപ ആസ്തികളുടെ വിൽപ്പനയിലൂടെ, മാർച്ചിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി 4 കോടി രൂപ ലാഭം നേടി. ഒരു വർഷം മുമ്പ് ഇതേ കാലയളവില്‍ 97 ലക്ഷം രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ പാദത്തിലെ ഡിവിഡന്റ് വരുമാനം മുൻ വർഷം സമാനപാദത്തെ 128 കോടി രൂപയിൽ നിന്ന് 206.83 കോടി രൂപയായി . ഫീസും കമ്മീഷൻ വരുമാനവും കഴിഞ്ഞ വർഷത്തെ 78.3 കോടി രൂപയിൽ നിന്ന് 94.4 കോടി രൂപയായി ഉയർന്നു.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) മാർച്ച് അവസാനത്തോടെ 7.2 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം മാര്‍ച്ച് അവസാനത്തിലിത് 6.54 ലക്ഷം കോടി രൂപയായിരുന്നു. വ്യക്തിഗത വായ്പ ബുക്കിലെ വളർച്ച 17% ആയിരുന്നു. മൊത്തം വായ്പാ ബുക്കിലെ വളർച്ച 11% ആണ്.
അറ്റ പലിശ മാർജിൻ 3.6% ആണ്. മാർച്ച് 31ലെ കണക്കുപ്രകാരം വ്യക്തിഗത വായ്പാ പോർട്ട്‌ഫോളിയോയുടെ 0.75% നിഷ്ക്രിയ വായ്പയാണ്, ഒരു വർഷം മുമ്പ് ഇത് 0.99% ആയിരുന്നു. വ്യക്തിഗതമല്ലാത്ത വായ്പാ പോർട്ട്ഫോളിയോയുടെ 2.90% ആണ് നിഷ്ക്രിയ വായ്പ, ഒരു വർഷം മുമ്പ് ഇത് 4.76% ആയിരുന്നു.
വായ്പകൾക്കെതിരായ വകയിരുത്തല്‍ 12,145 കോടി രൂപയാണ്. എക്‌സ്‌പോഷര്‍ ഓഫ് ഡിഫോൾട്ടിന്‍റെ (ഇഎഡി) 1.96 ശതമാനത്തിന് തുല്യമാണ് വകയിരുത്തല്‍. നാലാം പാദത്തിൽ എച്ച്‌ഡിഎഫ്‌സി എച്ച്‌ഡിഎഫ്‌സി ബാങ്കിന് 9,340 കോടി രൂപ വായ്പ നൽകി. കഴിഞ്ഞ 12 മാസങ്ങളിൽ വിറ്റ മൊത്തം വായ്പ 36,910 കോടി രൂപയാണ്. മുൻ വർഷം ഇത് 28,455 കോടി രൂപയായിരുന്നു.