അര്‍ദ്ധചാലക ലാബ് നവീകരണത്തിന് അനുമതി
- ചിപ്പ് ഇറക്കുമതിയില്‍ ഉടന്‍ കുറവുണ്ടാകില്ല
- പ്രതീക്ഷ ഉയര്‍ത്തിയ വേദാന്ത-ഫോക്‌സ്‌കോണ്‍ പദ്ധതി തകര്‍ന്നത് തിരിച്ചടി
- അര്‍ദ്ധചാലക മേഖലയില്‍ ജപ്പാനുമായി ഉണ്ടാക്കിയ കരാര്‍ പ്രതീക്ഷ നല്‍കുന്നു
അര്‍ദ്ധചാലക ലബോറട്ടറി ബ്രൗണ്‍ഫീല്‍ഡ് ചിപ്പ് നിര്‍മ്മാണ യൂണിറ്റായി നവീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇക്കാര്യം ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.
22,516 കോടി രൂപ (2.75 ബില്യണ്‍ യുഎസ് ഡോളര്‍) മൂലധന നിക്ഷേപത്തില്‍ ഇന്ത്യയില്‍ അര്‍ദ്ധചാലക എടിഎംപി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മൈക്രോണ്‍ ടെക്നോളജി ഇങ്കിന്റെ ഒരു നിര്‍ദ്ദേശം മാത്രമേ ഇതുവരെ അംഗീകരിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മൊഹാലിയിലെ സെമികണ്ടക്ടര്‍ ലബോറട്ടറി ബ്രൗണ്‍ഫീല്‍ഡ് ഫാബായി നവീകരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അര്‍ദ്ധചാലകത്തിന്റെ ഇറക്കുമതി കുറയാന്‍ ഇടയാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, മൈക്രോണ്‍ ടെക്നോളജി ഇങ്കിന്റെ എടിഎംപി 2023 ജൂണില്‍ അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി 18 മാസത്തെ നിര്‍മ്മാണ കാലയളവ് കണക്കാക്കിയിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതിനാല്‍ അതിനാല്‍ ഇറക്കുമതിയില്‍ ഇടിവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ അര്‍ദ്ധചാലക വ്യവസായത്തില്‍ വലിയ മാറ്റത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് യുഎസ് കമ്പനിയായ മൈക്രോണുമായുള്ള കരാര്‍. പിന്നീട് ഏറെ പ്രാധാന്യത്തോടെ നോക്കി കണ്ടിരുന്നത് വേദാന്തയുടെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമായിരുന്നു. എന്നാല്‍ കമ്പനികള്‍ ഇപ്പോള്‍ വഴിപിരിഞ്ഞു. 2022 ഫെബ്രുവരിയില്‍ ആഗോള ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണും വേദാന്തയുംചേര്‍ന്നാണ് ഇന്ത്യയില്‍ സെമി കണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്. കമ്പനികള്‍ ഗുജറാത്തിലെ ധോലേരയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ 19.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തതാണ്. അടുത്ത വര്‍ഷം ഇത് പ്രവര്‍ത്തനക്ഷമമാകും എന്നാണ് കരുതിയിരുന്നത്.
സംയുക്ത സംരംഭത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ഫോക്സ്‌കോണിനും വേദാന്തയ്ക്കും ചിപ്പ് നിര്‍മ്മാണ പരിചയമോ സാങ്കേതികവിദ്യയോ ഇല്ലെന്ന വസ്തുത മനസിലാകും. എന്നാല്‍ അവര്‍ ഒരു സാങ്കേതിക പങ്കാളിയില്‍ നിന്ന് ടെക്‌നോളജിയുംമറ്റും നേടുമെന്ന് കരുതിയിരുന്നു. അത് നടന്നില്ല.അതേസമയം രണ്ട്കമ്പനികളും ഇപ്പോള്‍ തങ്ങളുടെ ടെക്‌നോളജി പാര്‍ട്ണര്‍മാരെ കണ്ടെത്തിയതായി പറയുന്നു. അങ്ങനെയെങ്കില്‍ അവര്‍ വ്യത്യസ്ത നിലയില്‍ ചിപ്പ് നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കും.
ഇതു കൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യ ജപ്പാനുമായും അര്‍ദ്ധചാലകങ്ങളുടെ സംയുക്ത വികസനത്തിനും ആഗോള വിതരണശൃംഖലയുടെ മികവ് നിലനിര്‍ത്തുന്നതിനും കരാറിലെത്തിയിട്ടുണ്ട്. അര്‍ദ്ധചാലക രൂപകല്‍പ്പന, നിര്‍മ്മാണം, ഉപകരണ ഗവേഷണം, നൈപുണ്യവികസനം, അര്‍ദ്ധചാലക വിതരണ ശൃംഖലയില്‍ പൂര്‍വസ്ഥിതി കൊണ്ടുവരിക എന്നിവ മുന്‍ നിര്‍ത്തിയാണ് ഇരു രാജ്യങ്ങളും ഒരു മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചത്. നൂറോളം അര്‍ദ്ധചാലക നിര്‍മ്മാണ പ്ലാന്റുകളുള്ള ജപ്പാന്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുള്ള മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ്. അര്‍ദ്ധചാലക വേഫറുകള്‍, കെമിക്കല്‍, ഗ്യാസ,് ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലെന്‍സുകള്‍, ഡിസ്പ്ലേ ടെക്നോളജികള്‍ തുടങ്ങിയവയില്‍ ആഗോള തലത്തിലുള്ള മികച്ച കമ്പനികള്‍ ജപ്പാനിലുണ്ട്.
അര്‍ദ്ധചാലക വ്യവസായം നിലവില്‍ 650 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഒരു ട്രില്യണ്‍ ഡോളറിന്റെ വ്യവസായമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.