വ്യവസായം തുടങ്ങുന്നതിലെ നൂലാമാലകള്‍ക്ക് പരിഹാരം; കെ സ്വിഫ്റ്റ് മുന്നേറിക്കൊണ്ടിരിക്കുന്നു
- കെ സ്വഫ്റ്റിലൂടെ വേഗത്തില്‍ ക്ലിയറന്‍സ് നേടി എംഎസ്എംഇകള്‍; 63263 സംരംഭങ്ങള്‍ക്ക് തുടക്കം
കേരളത്തില്‍ കെ-സ്വിഫ്റ്റിലൂടെ 36713 എംഎസ്എംഇകള്‍ക്ക് ക്ലിയറന്‍സ്. 63263 സംരംഭങ്ങളാണ് ഇതിനകം കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്. ഇതിനോടകം വിവിധ വകുപ്പുകളില്‍ നിന്നുമായി ലഭിച്ച 5,469 അപേക്ഷകളില്‍ 3,431 എണ്ണത്തിന് അനുമതി നല്‍കിക്കഴിഞ്ഞു.
കെ സ്വിഫ്റ്റ്
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് കീഴില്‍ 2019 ലാണ് ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ് ആരംഭിച്ചത്. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കുകയാണ് പോര്‍ട്ടല്‍ വഴി ലക്ഷ്യമിട്ടത്. സര്‍ക്കാരിന് കീഴിലുള്ള 21 വകുപ്പുകളില്‍ നിന്നുള്ള 85 ലേറെ അനുമതികള്‍ ഒരൊറ്റ വെബ് പോര്‍ട്ടലിലൂടെ നേടിയെടുക്കാം.
ആവശ്യമായ വിവരങ്ങളും രേഖകളുമായി ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളില്‍ കെ സ്വിഫ്റ്റ് വഴി തീര്‍പ്പു കല്‍പ്പിക്കും. 30 ദിവസത്തിനുള്ളില്‍ അനുമതി ലഭ്യമായില്ലെങ്കില്‍ അനുമതികള്‍ നല്‍കുന്നതിന് പോര്‍ട്ടലില്‍ സംവിധാനമുണ്ട്. അപേക്ഷകളിന്മേല്‍ കാലതാമസം വരുത്താനോ, അനാവശ്യ കാര്യങ്ങളുടെ പേരില്‍ സംരംഭകനെ ഓഫീസുകള്‍ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികള്‍ പുതുക്കുന്നതിനും കെ-സ്വിഫ്റ്റില്‍ സൗകര്യമുണ്ട്.
കൂടാതെ ഓരോ സംരംഭത്തിനും ആവശ്യമായ അനുമതികളെക്കുറിച്ച് കെ-സ്വിഫ്റ്റ് തന്നെ സംരംഭകന് നിര്‍ദേശങ്ങള്‍ നല്‍കും. അപേക്ഷകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയോ ഇ-മെയില്‍ വഴിയോ സംരംഭകന് ലഭിക്കും. വീട്ടിലിരുന്നും അപേക്ഷാ ഫീസ് അടക്കാം. ഡിജിറ്റല്‍ സൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സംരംഭകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായി നല്‍കാം. മതിയായി ഫീസ് നല്‍കി അനുമതികള്‍ സ്വയം പുതുക്കുക്കയും ചെയ്യാം. കെഎസ്‌ഐഡിസി, കിന്‍ഫ്ര തുടങ്ങിയ ഏജന്‍സികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കല്‍, തൊഴില്‍ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്.
എല്ലാം ഒരു ക്ലിക്കിലൂടെ
www.kswift.kerala.gov.in എന്ന കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി ഏതൊരാള്‍ക്കും അപേക്ഷ നല്‍കാം. ആദ്യം ഇ-മെയിലും മൊബൈല്‍ നമ്പറും നല്‍കി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികള്‍ പുതുക്കാനും File common application form (CAF) for approvals ക്ലിക്ക് ചെയ്യണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍പ്പെടാത്ത സംരംഭം ആരംഭിക്കാന്‍ MSME Acknowledgement Certificate എന്ന ഇനത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപേക്ഷകളുടെ വിവിധ ഘട്ടങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുന്ന ഡാഷ്‌ബോര്‍ഡുണ്ട്. ടെക്‌നോളജിയുടെ വിനിയോഗത്തിലൂടെ സംരംഭകര്‍ക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.