സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 19% ഉയർച്ച
- നിഷ്ക്രിയാസ്തി അനുപാതത്തില്‍ ഇടിവ്
- 2022-23ലെ അറ്റാദായം 547 കോടി രൂപ
സിഎസ്ബി ബാങ്കിന്‍റെ അറ്റാദായം 2022-23 മാർച്ച് പാദത്തിൽ 19 ശതമാനം ഉയർന്ന് 156 കോടി രൂപയായി. ഈ പാദത്തില്‍ നിഷ്ക്രിയാസ്തിയില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന ബാങ്ക് വ്യക്തമാക്കി. മുൻ വർഷം നാലാം പാദത്തിൽ ബാങ്ക് 131 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
ബാങ്കിന്റെ മൊത്തവരുമാനം 2021-22 നാലാംപാദത്തിലെ 583.17 കോടി രൂപയിൽ നിന്ന് 2022-23 നാലാം പാദത്തില്‍ 762.81 കോടി രൂപയായി ഉയർന്നുവെന്ന് റെഗുലേറ്ററി ഫയലിംഗിൽ ബാങ്ക് അറിയിച്ചു. പലിശ വരുമാനം 519.56 കോടി രൂപയിൽ നിന്ന് 636.49 കോടി രൂപയായി വളർന്നു.
2022 മാർച്ച് അവസാനത്തില്‍ മൊത്തം നിഷ്ക്രിയാസ്തി അനുപാതം 1.81% ആയിരുന്നത് 2023 മാർച്ച് 31ന് 1.26 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎയും ഇക്കാലയളവില്‍ 0.68 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായി കുറഞ്ഞു.
കേരളം ആസ്ഥാനമായുള്ള ബാങ്ക് 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തമായി 547 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, മുൻ വർഷത്തെ 458 കോടി രൂപയിൽ നിന്ന് 19% വര്‍ധന. അറ്റ പലിശ വരുമാനം 1,334 കോടി രൂപയായി, മുൻ വർഷത്തേക്കാൾ 16 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രൊവിഷനിംഗ് ത്വരിതപ്പെടുത്താനുള്ള നയം കഴിഞ്ഞ പാദത്തിലും തുടർന്നതായി ബാങ്ക് അറിയിച്ചു.
ബാങ്കിന്‍റെ മൂലധന പര്യാപ്തത അനുപാതം റെഗുലേറ്ററി ആവശ്യകതയേക്കാൾ ഏറെ ഉയർന്ന നിലയിലായ 27.10 ശതമാനത്തിലാണ്.