റബ്ബറിന് പിന്നാലെ കുരുമുളകും പ്രതിസന്ധിയിലേക്ക്

  • അഞ്ചുവര്‍ഷം മുമ്പ് 720 രൂപ വരെ ഉണ്ടായിരുന്ന ഏറ്റവും നിലവാരം കൂടിയ കുരുമുളകിന് ഇന്ന് ലഭിക്കുന്നത് 470 രൂപ മുതല്‍ 490 രൂപ വരെയാണ്

Update: 2022-12-22 06:15 GMT

റബ്ബറിന് പിന്നാലെ സുഗന്ധ വ്യഞ്ജനങ്ങളിലെ കറുത്തമുത്തായ കുരുമുളകും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കുരുമുളകിന്റെ വിലയും ഉത്പാദനവും കുറഞ്ഞതും എന്നാല്‍ ഉത്പാദന ചെലവ് കൂടി നില്‍ക്കുന്നതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നത്. അഞ്ചുവര്‍ഷം മുമ്പ് 720 രൂപ വരെ ഉണ്ടായിരുന്ന ഏറ്റവും നിലവാരം കൂടിയ കുരുമുളകിന് ഇന്ന് ലഭിക്കുന്നത് 470 രൂപ മുതല്‍ 490 രൂപ വരെയാണ്.

കുരുമുളകിന്റെ വില കുറഞ്ഞെങ്കിലും പണിക്കൂലിയും മറ്റുചെലവുകളും ദിനം പ്രതി കൂടിവരികയാണ്. ഇതിനിടയില്‍ കാലാവസ്ഥ വ്യതിയാനവും രോഗബാധയും കാരണം ഉത്പാദനത്തിലും ഇടിവ് സംഭവിച്ചു. വിളവെടുപ്പ് സമയത്തില്‍ കാലം തെറ്റി പെയ്യുന്ന മഴ കാരണം കുരുമുളക് ഉണക്കി സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. ഇതേതുടര്‍ന്ന് കിട്ടുന്ന വിലയ്ക്ക് കുരുമുളക് വിറ്റ് ഒഴിവാക്കുകയാണ് കര്‍ഷകര്‍.

2022 ലെ സീസണ്‍ ആരംഭത്തില്‍ ആഭ്യന്തര കുരുമുളക് ഉത്പാദനം ഉയരുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സി പറഞ്ഞിരുന്നത്. ഒരു ലക്ഷം ടണ്‍ കുരുമുളക് ഉത്പാദനമുണ്ടാകും എന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ പ്രവചനം തെറ്റി. കേവലം 77,000 ടണ്‍ കുരുമുളകു മാത്രമേ രാജ്യത്ത് ഉത്പാദിപ്പിച്ചുള്ളൂ. ഇതിനു കാരണമായത് കാലാവസ്ഥാ വ്യതിയാനം തന്നെയായിരുന്നു. കേരളത്തിനേക്കാള്‍ കുരുമുളക് ഉത്പാദനം കൂടുതല്‍ ഉണ്ടായിരുന്ന കര്‍ണാടകയ്ക്കു പോലും കാലാവസ്ഥമാറ്റം ഭീക്ഷണിയായി.

മാത്രമല്ല ഈ വര്‍ഷം ജനുവരിയില്‍ കിലോയ്ക്ക് 518 രൂപ വിലയുണ്ടായിരുന്ന ഗാര്‍ബിള്‍ഡ് കുരുമുളകിന് ഇപ്പോള്‍ കിട്ടുന്നത് 500 രൂപയാണ്. ജനുവരി മുതല്‍ 4 മാസം തുടര്‍ച്ചയായി ഉയര്‍ന്ന വില ഏപ്രിലോടെ 533 രൂപയാവുകയും പിന്നീട് മെയ് മുതല്‍ താഴുകയുമായിരുന്നു. ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിന് കാരണം ശ്രീലങ്ക വഴിയുള്ള ഇറക്കുമതിയാണെന്നാണ് ഈ മേഖലയിലുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത്. എട്ട് ശതമാനത്തോളം തീരുവയും മറ്റും നല്‍കിയുള്ള ഈ ഇറക്കുമതിക്ക് പിന്നില്‍ വേറെയും താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.

Tags:    

Similar News