ബജറ്റ്: നികുതി സ്ലാബുകൾ തിരുത്തുന്നത് മുതൽ ധനകമ്മി കുറയ്ക്കണമെന്ന് വരെ ആവശ്യങ്ങൾ ഏറെ

  • വിൻസെന്റ് കെ എ, റിസർച്ച് അനലിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസ്: ഗ്രാമീണ മേഖലയുടെ വികസനത്തിനായി കൂടുതൽ തുക വകയിരുത്തണം,
  • ആദിത്യ ദമാനി, ക്രെഡിറ്റ് ഫെയർ സ്ഥാപകനും, സി ഇ ഒ: യും: നാണയപ്പെരുപ്പവും, ധനകമ്മിയും കുറക്കാൻ മുൻഗണന നൽകണം.
  • കരൺ ദേശായി, ഇന്റർഫേസ് വെഞ്ചേഴ്‌സ് സ്ഥാപകൻ: സബ്‌സിഡികൾക്ക് നൽകുന്ന ഫണ്ട്, ആസ്തി വികസനത്തിലേക്ക് വക മാറ്റി നൽകണം.

Update: 2023-01-25 05:00 GMT

കൊച്ചി: മോഡി സർക്കാരിന്റെ ഫെബ്രുവരി 1-നു അവതരിപ്പിക്കുന്ന 2023 ബജറ്റ് 2024-ലെ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുള്ളതായിരിക്കുമെന്ന് പൊതുവെ നിരീക്ഷകർ കരുതുന്നുണ്ട്. എന്നാൽ ഉയർന്നപ്രതീക്ഷകൾ തന്നെ എല്ലാവരും വെച്ചുപുലർത്തുന്നു. 

പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടു, കാതലായ സാമ്പത്തിക നടപടികൾക്കു സർക്കാർ മുതിരുമെന്നു ഇന്റർഫേസ് വെഞ്ചേഴ്‌സ് സ്ഥാപകൻ കരൺ ദേശായി പ്രതീക്ഷിക്കുന്നു. 

ഇതിന്റെ ഭാഗമായി, നാണ്യപെരുപ്പത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനായി ആദായ നികുതി ഒഴിവാക്കുന്നതിന്റെ പരിധി 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി വർധിപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നു. അതുപോലെ, ശമ്പള വിഭാഗത്തിൻെറയും, സേവനത്തിൽ നിന്ന് വിരമിച്ചവരുടെയും നികുതി ഒഴിവാക്കുന്നതിന്റെ പരിധി (സ്റ്റാൻഡേർഡ് റിഡക്ഷൻ ) 50000 രതിൽ നിന്ന് 1 ലക്ഷത്തിലേക്കു ഉയർത്താനുള്ള സാധ്യത അദ്ദേഹം കാണുന്നു

രാജ്യത്തെ നിക്ഷേപ-നിർമാണ കേന്ദ്രമാക്കി മാറ്റാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമത്തിനു കൂടുതൽ ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിനും, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് നടപ്പാക്കുന്നതിനുള്ള നടപടികൾ ഈ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ദേശായി പ്രതീക്ഷിക്കുന്നു.

2023-24 ൽ, പശ്ചാത്തല വികസനത്തിന് ആസ്തി നിക്ഷേപത്തിനു (ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്) ഊന്നൽ കൊടുക്കണമെന്നും , ജി ഡി പി യുടെ 3 ശതമാനത്തിലേക്ക് ആസ്തി നിക്ഷേപം ഉയരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

സബ്‌സിഡികൾക്ക് നൽകുന്ന ഫണ്ട്, ആസ്തി വികസനത്തിലേക്ക് വക മാറ്റി, ധനകമ്മി കുറച്ചു ഈ ലക്‌ഷ്യം നേടാമെന്നും ദേശായി പറയുന്നുണ്ട്. 

ക്രെഡിറ്റ് ഫെയർ സ്ഥാപകനും, സി ഇ ഒ യുമായ ആദിത്യ ദമാനിയുടെ അഭിപ്രായത്തിൽ നാണയപ്പെരുപ്പവും, ധനകമ്മിയും കുറക്കാൻ മുൻഗണന നൽകുന്ന നിർദേശങ്ങൾക്കായിരിക്കണം ബജറ്റിൽ ഊന്നൽ ഉണ്ടാകേണ്ടത്.. അതെ സമയം സമ്പത്ഘടനയുടെ സമഗ്ര വികസനത്തിനായി, ആസ്തി നിക്ഷേപത്തിന് ഊന്നൽ കൊടുക്കുന്നത് തുടരണം. നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ (എൻ ബി എഫ് സി ) അഭിപ്രായത്തിൽ , പലിശ കൂട്ടുന്നതിൽ, സർക്കാർ കൃത്യത പാലിക്കണം. അല്ലെങ്കിൽ, സമൂഹത്തിലെ നല്ലൊരു വിഭാഗത്തിന് വായ്പ എത്തിക്കുന്ന എൻ ബി എഫ് സി കളുടെ വളർച്ച മുരടിച്ചു പോകും എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഇത് കൂടാതെ, റിന്യൂവബിൾ എനർജി മേഖലയിൽ പ്രവർത്തിക്കുന്ന എൻ ബി എഫ് സി കൾക്ക് ബാങ്കിൽ നിന്ന് കൂടുതൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഈ മേഖലയിൽ ലക്ഷ്യമിട്ട വിധത്തിൽ രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയു. റിന്യൂവബിൾ എനർജി ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടർന്നും നൽകണം. എൻ ബി എഫ് സി ക്കൾക്കു ശക്തമായ മൂലധന അടിത്തറ ഉറപ്പു വരുത്താൻ, നോൺ-കൺവെർട്ടബിൾ ഡിബഞ്ചറുകളിലും, പി 2 പി ലെൻഡിങ് സ്കീമുകളിലും നിക്ഷേപം നടത്തുന്ന ചെറുകിട നിക്ഷേപകർക്ക് നികുതി ഇളവ് അനുവദിക്കണം.

അടിയന്തിരമായി ചെയ്യേണ്ടത് , ഉയർന്ന നാണ്യ പെരുപ്പത്തിന്റെ പിടിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്നതാണ്. അതിനായി ഗ്രാമീണ മേഖലയുടെ വികസനത്തിനായി കൂടുതൽ തുക വകയിരുത്തണം, ജിയോജിത് ഫിനാൻഷ്യൽ സർവീസിലെ റിസർച്ച് അനലിസ്റ്റായ വിൻസെന്റ് കെ എ പറയുന്നു. 

ഈ വർഷം ( 2022 - 23 ) ഗ്രാമീണ മേഖലക്കായി 1 .35 ലക്ഷം കോടിയാണ് ബജറ്റിൽ ഉൾകൊള്ളിച്ചത് . എന്നാൽ ഇപ്പോൾ തന്നെ 1 .55 ലക്ഷം കോടി ചെലവാക്കി കഴിഞ്ഞു. രാജ്യത്തിന്റെ സമസ്തമേഖലയുടേയും വളർച്ചക്ക് ഊർജം പകരുന്നത് ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനം വസിക്കുന്ന ഗ്രാമീണ മേഖലയുടെ ക്രയ ശക്തിയാണ്.

ഈ ബഡ്ജറ്റിൽ മിനിമം സപ്പോർട്ട് പ്രൈസ് കൂട്ടുന്നതിനും , സംഭരണശാല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും , ചെറുകിട ജലസേചന പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും , വായ്‌പ്പാ വളർച്ചക്കും, ഗ്രാമീണ വിപണിയുടെ വരുമാനം വർദ്ധിക്കുന്നതിനും ഉതകുന്ന പ്രഖ്യാപനങ്ങൾ വിൻസെന്റ് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രിയുടെ പേരിലുള്ള സാമൂഹ്യ ക്ഷേമ - പരിരക്ഷ പരിപാടികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. ആദായ നികുതി സ്ലാബുകൾ കൂടുതൽ യുക്തിപൂർവമാക്കുകയോ, നികുതിരഹിത തുകയുടെ പരിധി ഉയർത്തുകയോ ചെയ്താൽ നികുതിദായകരുടെ പക്കലുള്ള ചിലവഴിക്കാൻ കഴിയുന്ന പണത്തിന്റെ തോത് കൂടും. അത് ഗൃഹോപകരണ നിർമാണ കമ്പനികൾക്ക് അനുകൂലമായി തീരും,

Tags:    

Similar News