ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും ഇനി യുപിഐ ഇടപാട് സാധ്യം
- ജി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാകും യുപിഐ സേവനം ഇപ്പോള്‍ ഉപയോഗിക്കാനാവുക.
ഡെല്‍ഹി: ഇന്ത്യയിലേക്കെത്തുന്ന വിദേശികളായ യാത്രക്കാര്‍ക്ക് പ്രാദേശികമായി പേയ്‌മെന്റ് നടത്തുന്നതിന് യുപിഐ വഴി സംവിധാനം ഒരുക്കിയെന്നറിയിച്ച് ആര്‍ബിഐ. ഈ മാസം 21 മുതല്‍ സേവനം ആരംഭിച്ചുവെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഇത്തരത്തില്‍ വിദേശികളായ യാത്രക്കാര്‍ക്ക് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രപമെന്റ് (പിപിഐ) വാലറ്റുകള്‍ പ്രത്യേകമായി ഇഷ്യു ചെയ്യും. വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന യുപിഐ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണമിടപാടുകള്‍ എളുപ്പത്തില്‍ നടത്താമെന്നും അറിയിപ്പിലുണ്ട്.
ജി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാകും യുപിഐ സേവനം ഇപ്പോള്‍ ഉപയോഗിക്കാനാവുക. ആദ്യഘട്ടത്തില്‍ ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, പൈന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ എന്നിവ സംയുക്തമായാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്ന വാലറ്റ് ഇറക്കുക. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20ല്‍ അംഗത്വമുള്ള രാജ്യങ്ങള്‍.
യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റിന് 13 രാജ്യങ്ങള്‍ കൂടി അംഗീകാരം നല്‍കുന്നതോടെ യുപിഐ ഇടപാടിലെ ആകെ മൂല്യം റെക്കോര്‍ഡ് നിലവിലേക്ക് ഉയര്‍ന്നേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. 13 രാജ്യങ്ങള്‍ കൂടി യുപിഐ വഴിയുള്ള ഇടപാടിന് അംഗീകാരം നല്‍കുമെന്നും ഇതിനായി ധാരണാപത്രം ഒപ്പിട്ടുവെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. നിലവില്‍ ഭൂട്ടാന്‍, നേപ്പാള്‍, ഒമാന്‍, യുഎഇ, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുപിഐയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി യുപിഐ പേയ്‌മെന്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. യുപിഐ വഴി അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചുവെന്ന് രാജ്യത്തെ മുന്‍നിര ഫിന്‍ടെക്ക് കമ്പനിയായ ഫോണ്‍പേയും അറിയിച്ചിരുന്നു.
കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഏകദേശം 7,400 കോടി ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിരുന്നു. അക്കാലയളവില്‍ 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.