ഡിസംബറില്‍ യുപിഐ വഴി നടന്നത് 12.82 ലക്ഷം കോടി രൂപയുടെ ഇടപാട്
- ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
ഡെല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കളുടേയും ഇതുവഴി നടക്കുന്ന ആകെ ഇടപാടുകളുടേയും എണ്ണം വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്‌മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കി.
ഡിസംബറില്‍ 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. മാത്രമല്ല നവംബറില്‍ യുപിഐ വഴി 730.9 കോടി ഇടപാടുകള്‍ നടന്നുവെന്നും ഇവയുടെ ആകെ മൂല്യം 11.90 ലക്ഷം കോടി രൂപയായിരുന്നുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പേ ലേറ്ററിനു ഏകദേശം സമാനമായ രീതിയിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസ്, ഹോട്ടല്‍ ബുക്കിംഗ്, നിക്ഷേപം എന്നിങ്ങനെയുള്ള സാധനങ്ങളുടെയും, സേവനങ്ങളുടെയും പേയ്‌മെന്റ് ഇവയുടെ ഡെലിവറിയ്ക്ക് ശേഷം നല്‍കിയാല്‍ മതിയാകും.
'സിംഗിള്‍ ബ്ലോക്ക് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ഡെബിറ്റ്' എന്നതാണ് യുപിഐയിലെ പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ്, സെക്യൂരിറ്റികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ ഉള്ള നിക്ഷേപം എന്നിവയുടെ പേയ്മെന്റ് ഇവയില്‍ നിന്നും സേവനം ലഭിച്ചതിന് ശേഷം മാത്രം നല്‍കിയാല്‍ മതി.
അതിന് മുന്‍പ് തന്നെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടാതെ ബ്ലോക്ക് ചെയ്ത് വെക്കാന്‍ ഉപഭോക്താവിന് അവസരം ലഭിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇ-കൊമേഴ്‌സ് അക്കൗണ്ടിലോ, അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക ആവശ്യങ്ങള്‍ക്കായോ ഉള്ള അക്കൗണ്ടില്‍ പണം ബ്ലോക്ക് ചെയ്തു വെയ്ക്കാം. അത് ആവശ്യമുള്ളപ്പോള്‍ ഉപഭോക്താവിന്റെ അനുമതിയോടു കൂടി വിനിയോഗിക്കുകയും ചെയ്യാം.
ഫീച്ചര്‍ വരുന്നതോടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്‍പ്പെയുള്ള റിക്കറിംഗ് പേയ്മെന്റുകള്‍ക്ക് ആ പണം പിന്‍വലിക്കപ്പെടുന്നതിന് മുന്‍പ് ഉപഭോക്താവിന് നോട്ടിഫിക്കേഷന്‍ ലഭിക്കും. പണം പോകാതെ തടഞ്ഞുവെച്ച് ഗഡുക്കളായി അടയ്ക്കണോ എന്ന് ആ അവസരത്തില്‍ തീരുമാനിക്കാനും സാധിക്കും.