സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭം 54 ശതമാനം ഇടിഞ്ഞു 103 കോടിയായി

  • ലാഭത്തിലെ കുത്തനെയുള്ള ഇടിവ് മൂലം, ബാങ്കിന്റെ ഓഹരി വില 8.54 ശതമാനം താഴ്ന്നു 16.60 നാണു ഇന്ന് എൻ എസ ഇ യിൽ വ്യാപാരം അവസാനിപ്പിച്ചത്
  • മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 3843.57 കോടി ആയിരുന്നു

Update: 2023-01-24 13:17 GMT

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ ലാഭം തൊട്ടു മുന്നേയുള്ള പാദത്തിനേക്കാള്‍ കുറവ്. ബാങ്കിന്റെ ലാഭം 53.94 ശതമാനം കുറഞ്ഞു 102.75 കോടിയായി. രണ്ടാം പാദത്തിൽ ലാഭം 223.10 കോടിയായിരുന്നു.

ഈ കാലയളവിലെ ബാങ്കിന്റെ മൊത്ത വരുമാനം 1864.09 കോടി ആയിരുന്നു. രണ്ടാം പാദത്തിൽ ഇത് 1995.24 കോടിയും, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1893.11 കോടിയും ആയിരുന്നു .

തിരിച്ചടവ് മുടങ്ങിയ വായ്പകൾ അടയ്ക്കുന്നതിന് വേണ്ടി ബാങ്ക് മാറ്റിവെച്ച  തുക (പ്രൊവിഷൻസ്) കുത്തനെ ഇടിഞ്ഞു 41.43 കോടിയായി. രണ്ടാം പാദത്തിൽ ഇതിനു വേണ്ടി ബാങ്ക് നൽകിയത് 179.29 കോടിയും, കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ നൽകിയത് 364.37 കോടിയും

ലാഭത്തിലെ കുത്തനെയുള്ള ഇടിവ് മൂലം, ബാങ്കിന്റെ ഓഹരി വില 8.54 ശതമാനം താഴ്ന്നു 16. 60 നാണു ഇന്ന് (ചൊവ്വ ) എൻഎസഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 6 മാസമായി ബാങ്കിന്റെ ഓഹരി മുകളിലോട്ടുള്ള യാത്രയിലായിരുന്നു. ജൂലായ്‌ 22 നു 7.85 നു വ്യാപാരം അവസാനിച്ച ഓഹരി,ഡിസംബർ 15 നു 20.65 ൽ എത്തി നിക്ഷേപകർക്ക് വൻ ലാഭം നൽകി.

ഈ പാദത്തിൽ ലാഭം കുറയാൻ ഒരു കാരണം, അതിന്റെ ബാങ്കിങ് ഒഴിച്ചുള്ള സ്രോതസ്സിൽ (അദർ ബിസിനസ്) നിന്നുള്ള വരുമാനം 34.18 കോടി നഷ്ടത്തിൽ കലാശിച്ചത് കൊണ്ടാണ്. രണ്ടാം പാദത്തിൽ ബാങ്കിന്റെ അദർ ബിസിനെസ്സിൽ നിന്നുള്ള വരുമാനം 225.10 കോടിയും, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനം 221.98 കോടിയും ആയിരുന്നു .

ഈ നിരാശയുടെ കാർമേഘത്തിലും സന്തോഷത്തിന്റെ ഒരു വെള്ളി വെളിച്ച൦. വളരെ നാളുകൾക്കു ശേഷം, ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസിന് ( ഹോൾസെയിൽ ബാങ്കിങ്) നഷ്ടത്തിൽ നിന്ന് കരകയറി ഈ പാദത്തിൽ ബാങ്കിന്റെ ലാഭത്തിൽ 50.83 കോടി നൽകാനും കഴിഞ്ഞു.

നിഷ്ക്രിയ ആസ്തി

മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 3843.57 കോടി ആയിരുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3883.01 കോടിയും  രണ്ടാം പാദത്തിൽ 3856.13 കോടിയും ആയിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തി മൂന്നാം പാദത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 6.56 ശതമാനത്തിൽ നിന്ന് 5.48 ആയി കുറഞ്ഞു.

അറ്റ നിഷ്ക്രിയ ആസ്തി 3. 52 ശതമാനത്തിൽ നിന്ന് 2.26 ശതമാനത്തിലേക്ക് താണു. ക്യാപിറ്റൽ അടിക്വാസി റേഷിയോ 15.68 ശതമാനത്തിൽ നിന്ന് 16.25 ശതമാനമായി കൂടി.

ഈ പാദത്തിൽ ബാങ്കിന്റെ ട്രഷറി ബിസിനെസ്സിൽ 158. 80 കോടിയുടെ നഷ്ടം സംഭവിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി പലിശനിരക്ക് കൂടിയതാണ് ബാങ്കിന്റെ ട്രഷറി ബിസിനസ് നഷ്ടത്തിൽ ആകാൻ കാരണം

Tags:    

Similar News