പലിശ രാജ്: ആർബിഐ വീണ്ടും നിരക്ക് കൂട്ടിയേക്കും
ഏപ്രിൽ 6 ന് നടത്താനിരിക്കുന്ന പണ നയ യോഗത്തിൽ 0.25 ശതമാനം നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
ആഗോള തലത്തിൽ പണപ്പെരുപ്പത്തിന്റെ വർധനവിന്റെ തോതിൽ അല്പം കുറവ് വന്നിട്ടുണ്ടെങ്കിലും, സഹന നിലവാരത്തിലേക്ക് കുറയാത്ത സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുക എന്ന നയം തന്നെയാണ് യു എസ് ഫെഡ് , ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടക്കമുള്ള ബാങ്കുകൾ സ്വീകരിച്ചത്. വരുന്ന പണനയ യോഗത്തിൽ ആർബിഐയും ഇതേ നയം തന്നെ പിന്തുടരാനുള്ള സാധ്യതയാണ് ഉള്ളതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്. അതിനാൽ ഏപ്രിൽ 6 ന് നടത്താനിരിക്കുന്ന പണ നയ യോഗത്തിൽ 0.25 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയടുത്ത് യു എസ് ഫെഡും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സമാനമായി 0.25 ശതമാനമാണ് വർധിപ്പിച്ചിരുന്നത്.
പണപ്പെരുപ്പവും, വികസിത രാജ്യങ്ങൾ ഇതിനെ നേരിടാൻ സ്വീകരിച്ച നടപടികളും യോഗത്തിൽ പ്രധാന ചർച്ച വിഷയമാകും.
2022 മെയ് മാസം മുതൽ ആർബിഐ തുടർച്ചയായി നിരക്ക് വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന അവസാന യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതോടെ നിരക്ക് 6 .50 ശതമാനമായി. നാളിതു വരെ 2.50 ശതമാനമാണ് നിരക്കുയർത്തിയത്.
ഇതിനിടയിലാണ് ഇടത്തരം ബാങ്കുകളെ പിടിച്ചുലച്ചു കൊണ്ട് ലോക സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാവുന്നത്. സമീപ കാലത്തെ സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയും, ക്രെഡിറ്റ് സ്യൂസിന്റെ തകർച്ചയുമെല്ലാം ആഗോള ബാങ്കിങ് മേഖലക്ക് തന്നെ വെല്ലുവിളി ഉയർത്തി. ഇപ്പോഴും യൂറോപ്യൻ ബാങ്കുകളിലടക്കം ഇതിന്റെ പരിണിത ഫലങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇനിയൊരു നിരക്ക് വർധന സമ്പദ് വ്യസ്ഥക്ക് താങ്ങാനാവില്ലെന്ന അഭിപ്രായങ്ങൾ പല ഭാഗത്തു നിന്നുയരുന്നുണ്ടെങ്കിലും പണപ്പെരുപ്പം വരുതിയിലാക്കാൻ വർധന അനിവാര്യമാകുമെന്നു തന്നെയാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ സിപിഐ ജനുവരിയിൽ 6.52 ശതമാനവും, ഫെബ്രുവരിയിൽ 6.44 ശതമാനവുമായിരുന്നു.