പിഎൻബി ഹൗസിംഗ് ഫിനാന്‍സ് 2500 കോടി സമാഹരിക്കുന്നു
2022 ഡിസംബറിലാണ് കമ്പനി, 'റൈറ്റ് ഇഷ്യൂ' മുഖേന തുക സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ സെബിയിൽ സമർപ്പിച്ചത്.
പൗഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപസ്ഥാപനമായ പിഎൻബി ഹൌസിങ് ഫിനാൻസ് 2500 കോടി രൂപ സമാഹരിക്കുന്നു. തുക സമാഹരിക്കുന്നതിന് കമ്പനിയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നാണ് തുക സമാഹരിക്കുന്നത്. 2022 ഡിസംബറിലാണ് കമ്പനി, 'റൈറ്റ് ഇഷ്യൂ' മുഖേന ധന സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ സെബിയിൽ സമർപ്പിച്ചത്.
റൈറ്റ് ഇഷ്യൂ വഴി, നിലവിലുള്ള ഓഹരി ഉടമകൾക്ക് 2,500 കോടി രൂപയുടെ ഓഹരികൾ നൽകാനാണ് കമ്പനിയുടെ ലക്ഷ്യം. സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിനിയോഗിക്കും.
റൈറ്റ് ഇഷ്യൂ അനുവദിക്കുന്നതിലൂടെ, കമ്പനിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ പഞ്ചാബ് നാഷൻൽ ബാങ്കിന്റെ കൈവശമുള്ള ഓഹരികൾ കുറയും.
നിലവിൽ കമ്പനിയുടെ 32.53 ശതമാനം ഓഹരികളാണ് ബാങ്കിന്റെ കൈവശമുള്ളത്. ഇടപാടിന് ശേഷം ഇത് 30 ശതമാനത്തിൽ കുറയുമെങ്കിലും പ്രൊമോട്ടർ സ്ഥാനം നില നിർത്തുന്നതിനായി 26 ശതമാനത്തിനു മുകളിലുള്ള ഓഹരികളുണ്ടാകും.
2021 മെയ് മാസത്തിൽ കമ്പനി 4,000 കോടി രൂപ സമാഹരിക്കുന്നതിനായി സംയുക്ത സംരംഭമായ കാർലൈൽ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇടപാട് പൂർത്തിയാക്കുന്നതിലെ നിയമ നടപടികളിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് ഒക്ടോബറിൽ കരാറിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.