വാടക അടവ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴിയാണോ? സേവന നിരക്ക് കൈപൊള്ളിക്കും

  • കഴിഞ്ഞയാഴ്ച്ച ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിന് പിന്നാലെ പല ബാങ്കുകളുകളും വായ്പാ നിരക്ക് മുതല്‍ മറ്റ് സേവന ചാര്‍ജ്ജുകളില്‍ വരെ വര്‍ധനവ് വരുത്തിയിരുന്നു.

Update: 2023-02-15 05:20 GMT

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 'വെള്ളിടി'യായി സേവന നിരക്കില്‍ വര്‍ധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ്സ് & പേയ്‌മെന്റ് സര്‍വീസസ് ഉപഭോക്താക്കള്‍ക്കയയ്ച്ച എസ്എംഎസ് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് 17 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പിലുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവര്‍ക്ക് സേവന നിരക്കായി 199 രൂപയും ജിഎസ്ടിയും ഈടാക്കും.

നിലവില്‍ 99 രൂപയും 18% ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് സേവന നിരക്ക് 99 രൂപയായി ഉയര്‍ത്തിയത്. അടിക്കടിയുള്ള നിരക്ക് വര്‍ധന മൂലം ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിച്ചേക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞയാഴ്ച്ച ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിന് പിന്നാലെ പല ബാങ്കുകളുകളും വായ്പാ നിരക്ക് മുതല്‍ മറ്റ് സേവന ചാര്‍ജ്ജുകളില്‍ വരെ വര്‍ധനവ് വരുത്തിയിരുന്നു. 

2022 മേയ്ക്ക് ശേഷം ആര്‍ബിഐ റിപ്പോ നിരക്കില്‍ 250 ബേസിസ് പോയിന്റിന്റെ വര്‍ധനയാണു വരുത്തിയത്. മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ഏറ്റവുമധികം സേവന നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണ്.

2022 ഒക്ടോബര്‍ 20 മുതല്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന വാടക പേയ്‌മെന്റുകള്‍ക്ക് 1% പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. കലണ്ടര്‍ മാസത്തെ രണ്ടാമത്തെ വാടക ഇടപാട് മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മൊത്തം ഇടപാട് തുകയില്‍ 1% ഫീസ് ഈടാക്കുന്നത്.

ഫെബ്രുവരി 15 മുതല്‍ കോട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വാടക പേയ്‌മെന്റുകള്‍ക്ക് ഒരു ശതമാനം പ്രൊസസിംഗ് നിരക്കും ജിഎസ്ടിയും ഈടാക്കുമെന്ന് അറിയിപ്പുണ്ട്. വൈറ്റ്, വൈറ്റ് റിസര്‍വ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമായിരില്ല.

Tags:    

Similar News