ധനമന്ത്രി ജാപ്പനീസ് നിക്ഷേപങ്ങള്‍ ക്ഷണിച്ചു ഇന്ത്യയെ വികസിത രാജ്യമാക്കുക ലക്ഷ്യം
- ബിസിനസ് രംഗത്ത് ഇന്ത്യ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു
- നിക്ഷേപങ്ങള്‍ ക്ഷണിച്ചത് ജി7 സമ്മേളനത്തില്‍
- വളര്‍ച്ചയുടെ നേട്ടം ഓരോ പൗരനും ഉറപ്പാക്കും
;

രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ജാപ്പനീസ് നിക്ഷേപകരെയും ബിസിനസ്സ് മേധാവികളെയും ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ക്ഷണിച്ചു. ഇന്ത്യ ധാരാളം നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും മൊത്തത്തിലുള്ള ബിസിനസ് വേഗത ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അവസാനിക്കുന്ന 25 വര്‍ഷത്തെ 'അമൃത്കാല്‍' എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇതോടനുബന്ധിച്ചാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ജി 7 യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലെ നിഗാതയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനെത്തിയവേളയിലാണ് ധനമന്ത്രി കൂടുതല്‍ വ്യവസായ പ്രമുഖരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.ജി 7 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലേക്ക് ഇന്ത്യ പ്രത്യേക ക്ഷണിതാവാണ്.
'വര്‍ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങള്‍: ഡെസ്റ്റിനേഷന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ ഒരു കൂട്ടം നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും ധനമന്ത്രി സംവദിച്ചു. അമൃത്കാല്‍ കാലയളവില്‍ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരംഭങ്ങളെക്കുറിച്ച് അവര്‍ നിക്ഷേപകരുമായി സംസാരിച്ചു.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സഹായിക്കുന്നതിനായി അടുത്ത 25 വര്‍ഷത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റ് തയ്യാറാക്കിയതെന്നും അവര്‍ പറഞ്ഞു. അതിനായി അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു.
ഭൗതികവും ഡിജിറ്റലും; നിക്ഷേപങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ മേഖലയില്‍ ആഭ്യന്തരവും വിദേശവും ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നവീകരണത്തിലും ശ്രദ്ധ ചെലുത്തുന്നു.
വളര്‍ച്ചയില്‍ നിന്നുള്ള നേട്ടങ്ങള്‍ ഓരോ പൗരനും ഉറപ്പാക്കാനാകുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഈ കാലഘട്ടത്തില്‍ ബിസിനസ് ചെയ്യുന്നതിന് കാലതാമസം ഉണ്ടാകാന്‍ പാടില്ല. അതിനനുസരിച്ചുള്ള നടപടികള്‍ എല്ലാതലങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. വിവിധ ട്വീറ്റുകളിലാണ് ഇക്കാര്യങ്ങള്‍ ധനമന്ത്രി വ്യക്തമാക്കിയത്. മാറിയ വ്യവസായ അന്ത്രീക്ഷം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മല സീതാരാമന്‍.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലൂടെ ബിസിനസ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണനയും അവര്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ഇത് തുടക്കത്തില്‍ 14 മേഖലകള്‍ക്കായി അവതരിപ്പിക്കുകയും ഇപ്പോള്‍ സെമി-കണ്ടക്ടറുകളുടെയും സോളാര്‍ ഘടകങ്ങളുടെയും മേഖലകളിലേക്ക് വിപുലീകരിക്കുകയും ചെയ്യുന്നു.
പുനരുപയോഗ ഊര്‍ജ്ജത്തില്‍, രാജ്യം ഇതിനകം സ്വന്തം ഫണ്ട് ഉപയോഗിച്ച് 175 ഏണ സൗരോര്‍ജ്ജം നേടിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. സമ്പദ്വ്യവസ്ഥയുടെ ഹരിതവല്‍ക്കരണത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ദേശീയമായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളെയും പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
175 ഗിഗാവാട്ട് സോളാര്‍ ഊര്‍ജ്ജമാണ് ഇപ്പോള്‍ ഇന്ത്യ സ്വന്തം ഫണ്ടുകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്നത്. 2030-ഓടെ 300 ഗിഗാവാട്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇന്ത്യ ദേശീയ ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ചിട്ടുള്ളത് ധനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിവേഗം വളരുന്ന മേഖലയാണ് ഇത്. ഈരംഗത്ത് താല്‍പ്പര്യമുള്ളവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതില്‍ രാജ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
അതിവേഗം വികസിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല യുവജനങ്ങള്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും നൂതനമായ പരിഹാരങ്ങള്‍ക്കായി ഉപയോഗിക്കാനാകുന്നതിനെക്കുറിച്ചും മന്ത്രി ട്വീറ്റുചെയ്തു.