കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് തിരിമറി നടത്തിയത് 21.6 കോടി ; ബാങ്കിലെ പണം നഷ്ടപ്പെടാനുള്ള നാല് സാധ്യതകള്‍ അറിയാം
- ഏതാണ്ട് 17 അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും തുക നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സീനിയര്‍ മാനേജര്‍ കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് 21.6 കോടി രൂപ തട്ടിയെടുത്തെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏതാണ്ട് 17 അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും തുക നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്. എന്നാല്‍ ചില അക്കൗണ്ടുകളിലേയ്ക്ക് പണം തിരിച്ച് നിക്ഷപിച്ചിട്ടുണ്ടെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. പിഎന്‍ബി ബാങ്കിന്റെ ബാങ്ക് സീനിയര്‍ മാനേജര്‍ എ പി റിജിലാണ് തിരിമറികള്‍ നടത്തിയിരിക്കുന്നത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് ഈ തിരിമറി നടന്നിരിക്കുന്നത്.
ഒരു വ്യക്തിയുടെ അക്കൗണ്ട് വഴി മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അക്കൗണ്ടുകളില്‍ നിന്നും നിരവധി ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്കിന്റെയും കോര്‍പറേഷന്റെയും രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. എ പി റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ട് ക്രൈംബ്രാഞ്ച് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ പണമിടപാട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേഷന്റെ പരാതി പ്രകാരം 15 കോടി 24 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇനിയും പരാതികള്‍ ഉയര്‍ന്നുവരുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.
ബാങ്കിലും സുരക്ഷയില്ല
ചെറുതും വലുതുമായ തട്ടിപ്പിന്റെ താവളമാവുകയാണ് ബാങ്കുകളും വീടുകളിലെ സുരക്ഷാ പ്രശ്‌നം മൂലം ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് കാവലിരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജനങ്ങള്‍. ബാങ്കിംഗ് മേഖലയില്‍ തുടരെയുള്ള തട്ടിപ്പുകള്‍ ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിക്കഴിഞ്ഞു. സത്യസന്ധരായ ജീവനക്കാര്‍ക്ക് പോലും ചീത്തപ്പേരുകേള്‍പ്പിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ബാങ്കിംഗ് മേഖലയെ കരിനിഴലിലാക്കുന്നത്. ബാങ്കിംഗ് തട്ടിപ്പുകള്‍ ഇത്തരക്കാര്‍ക്ക് വര്‍ക്ക് വളമാകുന്ന ചില സാധ്യതകള്‍ നോക്കാം...
ആദ്യത്തെ സാധ്യത-സിസ്റ്റത്തില്‍ വേണം ഒരു കണ്ണ്
രണ്ടോ അതില്‍ കൂടുതലോ പരിശോധനകളും മറ്റും കഴിഞ്ഞാണ് ബാങ്കുകളില്‍ പണമിടപാടുകള്‍ നടത്തുന്നത്. മേക്കര്‍, ചെക്കര്‍ അധികാരങ്ങളുള്ള രണ്ടുപേര്‍ ഇതിനായി ബാങ്കുകളില്‍ ഉണ്ടാകും. അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇവര്‍ രണ്ടുപേരും നല്‍കുന്ന സുരക്ഷാ നമ്പര്‍ ഉണ്ടായിരിക്കണം. ക്ലറിക്കല്‍-സ്‌കെയില്‍ ഒന്ന് രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മേക്കര്‍ അധികാരവും അതിനുമുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചെക്കര്‍ അധികാരവുമാണുള്ളത്. ചില നേരങ്ങളില്‍ ജോലിഭാരം കുറയ്ക്കുന്നതിനുവേണ്ടി ജീവനക്കാര്‍ സുരക്ഷാ നമ്പറുകള്‍ ആവശ്യം വരുമ്പോള്‍ പരസ്പരം കൈമാറുന്നു. ഇതുവഴി പലവിധത്തിലുള്ള തട്ടിപ്പുകള്‍ക്കും അറിയാതെ വഴിതെളിയിച്ചുകൊടുക്കുന്നു.
രണ്ടിലൊരാള്‍ അറിയാതെയുള്ള രണ്ടാം സാധ്യത
വിരലടയാളം എന്നത് ബാങ്കിനെ സംബന്ധിച്ച് ഒരു സുരക്ഷാമാര്‍ഗമല്ല. എന്തെന്നാല്‍ വിരലടയാളം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന കംപ്യൂട്ടര്‍ പിന്നീട് ലോഗിന്‍ ചെയ്ത ഉദ്യോഗസ്ഥന്‍ അറിയാതെ രണ്ടാമത്തെ ഉദ്യോഗസ്ഥന് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതുവഴി ഇടപാടുകളില്‍ തന്റെ നിലപാട് സ്വീകരിക്കാം. അങ്ങനെ ഇടപാടുകള്‍ക്ക് സമ്മതം നല്‍കി മറ്റൊരാള്‍ അറിയാതെ ഈ ഉദ്യോഗസ്ഥന് തട്ടിപ്പുനടത്താന്‍ കഴിയുന്നു. സിസിടിവി പ്രവര്‍ത്തനസജ്ജമാണെങ്കില്‍ മാത്രം ഇതൊരു തെളിവായി കൊടുത്തുകൊണ്ട് കുറ്റവാളിയെ കണ്ടുപിടിക്കാം. ഇങ്ങനെയുള്ള പിഴവുകള്‍ പരിഹരിക്കാനായി ബാങ്കുകള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
ഉപയോഗശൂന്യമായ അക്കൗണ്ടുകളാണ് മൂന്നാം സാധ്യത
തട്ടിപ്പുകാരുടെ മറ്റൊരു പ്രധാന സ്രോതസ് എന്നത് വര്‍ഷങ്ങളായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളാണ്. ഇങ്ങനെയുള്ള അക്കൗണ്ടുകളില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം നേരിട്ട് മാറ്റാന്‍ സാധിക്കും. കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റിയും ഇടപാട് നടത്താം. ഇതിനായി കൂടുതലും തെരഞ്ഞെടുക്കുന്നത് സംഘടനകളുടെയും മറ്റും അക്കൗണ്ടുകളാണ്. അങ്ങനെ വരുമ്പോള്‍ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് കൊടുക്കുന്ന ഒരു നമ്പര്‍ ഉണ്ടാകും. വ്യക്തിമാറിയാലും നമ്പര്‍ ചിലപ്പോള്‍ മാറ്റാന്‍ ഓര്‍മ്മകാണില്ല. അങ്ങനെ വരുമ്പോള്‍ അക്കൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ പോയെന്ന് വരാം.
നിഷ്‌ക്രിയ നമ്പറുകളില്‍ തെളിയുന്നു നാലാം സാധ്യത
വര്‍ഷങ്ങളോളം നമ്പര്‍ ഉപയോഗിക്കാതിരുന്നാല്‍ ആ നമ്പര്‍ കട്ടാവുകയും മറ്റൊരാളിലേക്ക് ടെലികോം കമ്പനി ആ നമ്പര്‍ കൈമാറുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ബാങ്കില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ ഇതാണെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ടുവരുന്ന മെസ്സേജുകള്‍ ഇപ്പോള്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളുടെ ഫോണിലായിരിക്കും വരുന്നത്. അയാള്‍ അതുവച്ച് ഒന്നും ചെയ്തില്ലെങ്കിലും ബാങ്കില്‍ തന്നെ ഇതിനെ കരുവാക്കുന്നവര്‍ ഉണ്ടാകും. ചിലബാങ്കുകളില്‍ ഇടപാടുകളുടെ സന്ദേശം ചിലപ്പോള്‍ ലഭിക്കാറില്ല. അതിനാല്‍ മൊബൈല്‍ സേവന ദാതാക്കളും ഇതില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.