വായ്പ വളർച്ചയിലും ആസ്തി ഗുണ നിലവാരത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട മുന്നിൽ

  • ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.94 ശതമാനമായി കുറഞ്ഞു.
  • അറ്റാദായത്തിലും പൊതു മേഖല ബാങ്കുകൾ ശക്തമായ വളർച്ച കൈവരിച്ചു.

Update: 2023-02-20 11:00 GMT

മുംബൈ: രാജ്യത്ത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ പൊതു മേഖല ബാങ്കുകൾക്കിടയിൽ പല ബാങ്കുകൾക്കും മികച്ച വായ്പ വളർച്ചയാണ് ഉണ്ടായത്. പുതിയ കണക്കുകൾ പ്രകാരം ഏറ്റവുമധികം വായ്പ വളർച്ച ഉണ്ടായ ബാങ്കുകളിൽ ഒന്നാമത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് വാർഷികാടിസ്ഥാനത്തിൽ 21.67 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.

കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ട് കൂടി കഴിഞ്ഞ 10 പാദങ്ങളിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പ വളർച്ചയിൽ മുന്നിൽ തന്നെ തുടരുകയാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിൽ യൂണിയൻ ബാങ്കാണുള്ളത്. യൂണിയൻ ബാങ്കിന്റെ വായ്പ വളർച്ച വാർഷികാടിസ്ഥാനത്തിൽ 19.80 ശതമാനമായി. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനമായ എസ് ബിഐ നാലാം സ്ഥാനത്താണുള്ളത്. ബാങ്കിന് 16.91 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തിട്ടുളത്.

എങ്കിലും എസ് ബിഐയുടെ മൊത്ത വായ്പ ബാങ്ക് ഓഫ് മഹാരാഷ്ട്രയേക്കാൾ 17 ശതമാനം കൂടുതലാണ്. എസ് ബിഐയുടെ മൊത്ത വായ്പ 2,64,7205 കോടി രൂപയാണ്. എന്നാൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത വായ്പ 1,56,962 കോടി രൂപയാണ്.

റീട്ടെയിൽ, കാർഷിക, എംഎസ്എംഇ സംരംഭങ്ങൾക്കുള്ള വായ്പയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്കാലത്തെയും ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വിഭാഗങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 19.18 ശതമാനത്തിന്റെ വളർച്ച റിപ്പോർട്ട് ചെയ്തു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 19.07 ശതമാനവും, ബാങ്ക് ഓഫ് ബറോഡയ്ക്ക് 18 .85 ശതമാനം വളർച്ചയും ഉണ്ടായി.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.94 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.47 ശതമാനമായി. തൊട്ടു പിന്നിലുള്ള എസ് ബിഐയുടെ മൊത്തനിഷ്ക്രിയ ആസ്തി 3.14 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.77 ശതമാനവുമായി.

മൂലധന പര്യാപ്തത അനുപാതം 17.53 ശതമാനമായി. കാനറാ ബാങ്ക് 16.72 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും ഇന്ത്യൻ ബാങ്ക് 15.74 ശതമാനത്തോടെ മൂന്നാം സ്ഥാനത്തുമെത്തി.

മൊത്ത നിക്ഷേപ വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മൂന്നാം സ്ഥാനത്താണുള്ളത്. ബാങ്ക് ഓഫ് ബറോഡ 14.50 ശതമാനം വളർച്ചയുടെ ഒന്നാമതും, 13.48 ശതമാനം വളർച്ചയോടെ യൂണിയൻ ബാങ്ക് രണ്ടാമതുമെത്തി.

മൊത്ത ബിസിനസ് വളർച്ചയിൽ യൂണിയൻ ബാങ്കാണ് ഏറ്റവും മുന്നിലുള്ളത്. ഈ പാദത്തിൽ ബാങ്ക് 16.07 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 15.77 ശതമാനം വളർച്ചയോടെ രണ്ടാം സ്ഥാനത്താണുള്ളത്. ബാങ്ക് ഓഫ് ബറോഡ 15.23 വളർച്ചയോടെ മൂന്നാം സ്ഥാനത്തെത്തി.

അറ്റാദായത്തിലും പൊതു മേഖല ബാങ്കുകൾ ശക്തമായ വളർച്ച കൈവരിച്ചു. ഡിസംബർ പാദത്തിൽ പിഎസ് ബി ബാങ്കുകളുടെ അറ്റാദായം 65 ശതമാനം വർധിച്ച് 29,175 കോടി രൂപയായി. ഇതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 139 ശതമാനം വർധിച്ച് 775 കോടി രൂപയായി. അറ്റാദായം 110 ശതമാനം വർധിച്ച് 653 കോടി രൂപയായ കൊൽക്കത്ത ആസ്ഥാനമായുള്ള യുകോ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്.

Tags:    

Similar News