അടുത്തിടെ `അന്തരിച്ച' അമർത്യ സെന്നിന് ഇന്ന് തൊണ്ണൂറു തികയുന്നു. യാതൊരു പാപഭാരവുമില്ലാതെ അദ്ദേഹത്തിന്റെ മരണ വാർത്ത പടച്ചുവിട്ടവർ അറിഞ്ഞിട്ടുണ്ടാവുകയില്ല, ബഹിഷ്കൃത സമൂഹങ്ങളുടെ വിമോചനം സാമ്പത്തിക ശാസ്ത്രവും, സാമൂഹിക ശാസ്ത്രവും കൈകോർത്താൽ സാധ്യമാകും എന്ന് ലോകത്തെ പഠിപ്പിച്ച ആ അപൂർവ പ്രതിഭ ഇതൊന്നും ശ്രദ്ധിക്കാതെ കേംബ്രിഡ്‌ജിലെ തന്റെ വീട്ടിലിരുന്നു ലിംഗഭേദത്തെ കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ രചനയിൽ അഭിരമിക്കുകയായിരുന്നു എന്ന്.
സാമ്പത്തിക ശാസ്ത്രത്തെ വെറും തിയറികൾക്കും, ഫോർമുലകൾക്കും അപ്പുറം, അതിനെ സമൂഹ വിമോചനത്തിന്റെ ഒരു ടൂളാക്കി മാറ്റിയത് തന്റെ ജീവിതാനുഭവങ്ങളുടെ മൂശയിൽ ഉരുക്കി എടുത്താണ്. വിഭജനത്തിന്റെയും, കൊടും ക്ഷാമത്തിന്റെയും കൈയ്പുള്ള അനുഭങ്ങൾ അയൽക്കാരായ പട്ടിണിപാവങ്ങളായ അമ്മമാർ തന്റെ അമ്മയുമായി പങ്കിടുന്നത് കേട്ടും, വിശ്വ ഭാരതി വിശ്വവിദ്യാലയം നിൽക്കുന്ന ശാന്തിനികേതൻ ക്യാംപസിലുള്ള വീട്ടിൽ നിന്നും കൗമാരത്തിൽ പഴകിദ്രവിച്ച തന്റെ പ്രിയപ്പെട്ട സൈക്കിളിൽ വിദൂര ഗ്രാമങ്ങളിൽ പോയി അവിടുത്തെ ജീവിതങ്ങൾ പഠിച്ചും, അവിടെ നിലനിന്നിരുന്ന ആൺ - പെൺ ഉച്ചനീചത്വങ്ങൾ നിരീക്ഷിച്ചും, ഒരേ പ്രായത്തിലുള്ള ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും പ്രകടമായ ശരീരഭാരം രേഖപ്പെടുത്തിയും , പോഷകാഹാര ലഭ്യതയിലെ ഏറ്റക്കുറച്ചിലാണ് ഇതിന്റെ കാരണം എന്ന് കണ്ടുപിടിച്ചും അദ്ദേഹം ലോകത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തെ കുറിച്ചു തന്റെ മനസ്സിൽ മായാത്ത ഒരു ചിത്രം കുറിച്ചിട്ടു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലെ ജീവിതത്തിന്റെ ഈ നേർക്കാഴ്ചകൾ കരുണയുടെ, മനുഷ്യത്വത്തിന്റെ, ജനാധിപത്യത്തിന്റെ, ബഹുസ്വരതയുടെ, ഒരു അണയാനാളം അദ്ദേഹത്തിൽ കൊളുത്തി.
പിന്നെ യൗവ്വനത്തിൽ, സാമ്പത്തികശാസ്ത്രത്തിലേക്കു ഊളിയിട്ടപ്പോഴും, പരിതസ്ഥിതികളുടെ ബന്ധനത്തിൽ ആയ ഇവരെ താൻ പഠിക്കുന്ന ശാസ്ത്രത്തിനു രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹ൦ മനസ്സിലാക്കി. ഭൂരിഭാഗം സാമ്പത്തികശാസ്ത്രജ്ഞർ പറയുന്നതുപോലെ, സമ്പത്തിന്റെ വിതരണത്തിലെ അസന്തുലിതാവസ്ഥയുടെ മാറ്റം കൊണ്ട് മാത്രം പരിഹരിക്കാവുന്നവയല്ല അവരുടെ പ്രശ്നങ്ങൾ എന്നും, ഇവരെ ജാതിയുടെയും, മതത്തിന്റെയും കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കണമെന്നും, അതിനു സമൂഹത്തിന്റെയും, രാഷ്ട്രീയത്തിന്റെയും ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോദ്ധ്യമായി.
ആ ബോധത്തിൽ നിന്ന് അദ്ദേഹം സാമ്പത്തികശാസ്ത്രത്തിനു സംഭാവന ചെയ്തതാണ് വെൽഫെയർ എക്കണോമിക്‌സും, സോഷ്യൽ ചോയ്സ് തിയറിയും ഒക്കെ. തന്റെ കണ്ടെത്തലുകളോടെ ഏറെ അടുത്തു നിൽക്കുന്ന ഒന്നാണ് ``കേരള മോഡൽ'' എന്ന് അദ്ദേഹത്തിന് ബോധ്യമായി. അതോടെ തന്റെ പ്രഭാഷണങ്ങളിലൂടെയും, എഴുത്തിലൂടെയും അതിനു അദ്ദേഹം ഏറെ പ്രശംസ ചൊരിയുകയും, പ്രചാരണം നൽകുകയും ചെയ്തു. പൊതുവിദ്യാഭ്യാസത്തിന്റെയും, പൊതുജനാരോഗ്യത്തിൻെറയും ആധാരശിലയിലാണ് കേരള മോഡൽ പണിതുയർത്തിയതെന്നു അദ്ദേഹം കണ്ടെത്തി. ഈ കഴിഞ്ഞ കേരളപിറവിക്കും അദ്ദേഹം കേംബ്രിഡ്‌ജിൽ നിന്ന് ആശംസകൾ ചൊരിഞ്ഞു. കേരളം അദ്ദേഹത്തിന്റെ മനസ്സിനോട് അത്ര അടുത്തുനിൽക്കുന്നു .
ഇരുപതിന്റെ പടിവാതുക്കൽ എത്തുന്നതിനു മുമ്പുതന്നെ അദ്ദേഹം തുടർ പഠനത്തിനായി ബക്കിങ്ഹാമിലേക്കു കപ്പൽ കയറി. അവിടെ അദ്ദേത്തെ കാത്തിരുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ ഒരു മഹാസമുദ്രവും. അതിൽ നീന്തിത്തുടിക്കുമ്പോഴും അദ്ദേഹത്തിന് ദിശ തെറ്റിയില്ല. ശാന്തിനികേതനിൽ കഴിച്ചുകൂട്ടിയ തന്റെ ബാല്യ-കൗമാരകാലങ്ങളിൽ തന്നെ സംസ്കൃതം പഠിക്കുകയും അതിലെ പ്രാമാണിക ഗ്രന്ഥങ്ങളിലൂടെ കടന്നുപോവുകയും, ടഗോറിന്റെ മഹാപ്രതിഭ തീർത്ത അന്തരീക്ഷത്തിൽ ജീവിക്കുകയും ചെയ്ത അദ്ദേഹത്തിനെ അത് കിഴക്കിന്റെ ജാലകത്തിലൂടെ ലോകത്തെ കാണാൻ പ്രാപ്തനാക്കി.
ആധുനിക ലോകത്തെ വിശകലനം ചെയ്യുമ്പോളും, തന്റെ ജൈവിക വേരുകൾ താൻ പിറന്ന മണ്ണിലാണെന്ന് പറയാൻ സെന്നിന് യാതൊരു മടിയുമില്ല..
1933 നവംബർ 3 നു ജനിച്ച അദ്ദേഹത്തിന് മരണം ഇല്ലാത്തവൻ എന്ന അർത്ഥം വരുന്ന അമർത്യ എന്ന പേരിട്ടത് മഹാകവി രവീന്ദ്രനാഥാ ടഗോറാണ്. യൗവ്വനത്തിന്റെ ആദ്യനാളുകളിൽ തൊണ്ടയിൽ കാൻസർ പ്രത്യക്ഷപ്പെട്ടെങ്കിലും കഠിന ചികിത്സയിലൂടെ അദ്ദേഹം രോഗമുക്തി നേടി, എങ്കിലും അദ്ദേഹത്തിനു മൂന്നോ, നാലോ വർഷത്തെ ജീവിതമേ വൈദ്യലോകം പ്രവചിച്ചിരുന്നുള്ള. എന്നാൽ അതെല്ലാം കടന്നു അമര്ത്യനായി അദ്ദേഹം തൊണ്ണൂറിന്റെ പടിയും കടന്നിരിക്കുന്നു.
ലോകം നോബെൽ പുരസ്‌ക്കാരവും, രാജ്യം ഭാരത് രത്നവും നൽകി ആദരിച്ച അമർത്യ സെൻ ഇന്ന് ഒരു ഭൂമി കയ്യേറ്റ കേസിലെ പ്രതിയാണ്. ശാന്തിനികേതൻ ക്യാമ്പസ്സിലുള്ള അദ്ദേത്തിന്റെ തറവാട് നിൽക്കുന്ന ഒന്നര ഏക്കർ ഭൂമിയിൽ 13 സെന്റ് നോബെൽ ജേതാവ് കയ്യേറി എന്നാണ് വിശ്വഭാരതി സർവ്വകലാശാലയുടെ കേസ്. കോടതിയുടെ മുമ്പിലാണ് കേസിപ്പോൾ. വിശ്വഭാരതി സർവ്വകലാശാല അടുത്തിടെ മറ്റൊരു നോബെൽ ജേതാവിനെയും അപമാനിച്ചിരുന്നു. അത് മറ്റാരുമല്ല സർവ്വകാലശാല സ്ഥാപിച്ച മഹാകവി രവീന്ദ്രനാഥാ ടഗോറിനെ തന്നെ. അടുത്തിടെ സ്ഥാപിച്ച ഒരു ഫലകത്തിൽ ടഗോറിന്റെ പേര് സർവ്വകലാശാല അധികൃതർ വിട്ടുകളഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് 2008 ൽ അമർത്യ സെൻ കൊച്ചിയിൽ ഒരു സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ, ഒരു അഭിമുഖ൦ അനുവദിച്ചിരുന്നു. തന്റെ വലിയ അറിവിന്റെ ഗർവോ, മുമ്പിലിക്കുന്ന മനുഷ്യന്റെ നിസ്സാരതയോ ആമുഖത്തു നിഴലിച്ചില്ല. മലബാർ ഹോട്ടലിന്റെ പോക്കുവെയിൽ വീണ പുൽത്തകിടിയിൽ ഇരുന്നു ആ മനോഹര സായാഹ്നം ആസ്വദിച്ചുകൊണ്ട് പൂവിതൾ പോലെ മൃദുവായ വാക്കുകളിൽ അദ്ദേഹം എല്ലാ ചോദ്യങ്ങൾക്കു൦ ഉത്തരം പറഞ്ഞു. പത്രപ്രവർത്തന ജീവിതത്തിലെ അപൂർവമായ ധന്യ നിമിഷങ്ങളിൽ ഒന്ന്.
അമർത്യതയെ പുണർന്നു ഇനിയും അദ്ദേഹം ഏറെനാൾ നമ്മോടൊപ്പം ഉണ്ടാകട്ടെ