പണം നഷ്ടപ്പെട്ടത് അക്കൗണ്ടുടമയുടെ അലംഭാവം കൊണ്ടല്ലെങ്കിൽ ബാങ്ക് നൽകണം: കോടതി

  ഗുവാഹത്തി: ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒടിപി, പാസ്വേര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപരിചിതര്‍ക്കോ, വിശ്വസനീയമല്ലാത്ത ആപ്പുകള്‍, ഫോണ്‍ കോളുകള്‍ എന്നിവരുമായോ പങ്കവെയ്ക്കരുതെന്നും എപ്പോഴും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. പക്ഷേ, തട്ടിപ്പുകള്‍ തുടരുന്നുണ്ട്. പുതിയ രീതികളും, മാര്‍ഗങ്ങളുമായി തട്ടിപ്പുകാര്‍ സജീവമാണ്. ചിലര്‍ തട്ടിപ്പിനിരയായാല്‍ പരാതിയുമായി പോകും. ചിലര്‍ പറ്റിയ അബദ്ധം ആരെയും അറിയിക്കാതെയുമിരിക്കും. ഈ സാഹചര്യത്തിലാണ് ഗുവാഹത്തി ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധി ശ്രദ്ധേയമാകുന്നത്. പൊതുവേ ബാങ്ക് അക്കൗണ്ട് ഉടമയുടെ […]

Update: 2022-10-14 22:25 GMT

 

ഗുവാഹത്തി: ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒടിപി, പാസ്വേര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപരിചിതര്‍ക്കോ, വിശ്വസനീയമല്ലാത്ത ആപ്പുകള്‍, ഫോണ്‍ കോളുകള്‍ എന്നിവരുമായോ പങ്കവെയ്ക്കരുതെന്നും എപ്പോഴും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. പക്ഷേ, തട്ടിപ്പുകള്‍ തുടരുന്നുണ്ട്. പുതിയ രീതികളും, മാര്‍ഗങ്ങളുമായി തട്ടിപ്പുകാര്‍ സജീവമാണ്. ചിലര്‍ തട്ടിപ്പിനിരയായാല്‍ പരാതിയുമായി പോകും. ചിലര്‍ പറ്റിയ അബദ്ധം ആരെയും അറിയിക്കാതെയുമിരിക്കും. ഈ സാഹചര്യത്തിലാണ് ഗുവാഹത്തി ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധി ശ്രദ്ധേയമാകുന്നത്.

പൊതുവേ ബാങ്ക് അക്കൗണ്ട് ഉടമയുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണ് പണം നഷ്ടപ്പെടാന്‍ കാരണമെങ്കില്‍ നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവില്ല. അതിനായി അവര്‍ ഇടയ്ക്കിടെ മുന്നറിയിപ്പുകള്‍ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കുന്നു. തട്ടിപ്പിന് അക്കൗണ്ട് ഉടമയുടെ അലംഭാവം കാരണമായിട്ടില്ലെങ്കില്‍ അതായത് ഒടിപി, പാസ് വേര്‍ഡ്, പിന്‍ നമ്പര്‍ എന്നിവ പറഞ്ഞു നല്‍കിയുള്ള തട്ടിപ്പിലൂടെയല്ല പണം നഷ്ടപ്പെട്ടെതെങ്കില്‍ പണം ഉടമയ്ക്ക് തിരിച്ചു നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണ്. അങ്ങനെ ഈ കേസിലെ പരാതിക്കാരന് നഷ്ടപ്പെട്ട 94,204.80 രൂപ തിരികെ നല്‍കാന്‍ എസ്ബി ഐ യോട് കോടതി ആവശ്യപ്പെട്ടു.

ഗുവാഹത്തിയിലെ എസ്ബിഐ ബ്രാഞ്ചിലായിരുന്നു ഈ കേസിലെ പരാതിക്കാരന്റെ അക്കൗണ്ട്. 2021 ഒക്ടോബര്‍ 18 ന് അദ്ദേഹം ലൂയി ഫിലിപ്പ് ബ്രാന്‍ഡിലുള്ള ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും കുറച്ചു വസ്ത്രങ്ങള്‍ വാങ്ങി. പക്ഷേ, പിന്നീട് ഇത് തിരിച്ച് നല്‍കി പണം തിരികെ ആവശ്യപ്പെട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ഫോണ്‍കോള്‍ അദ്ദേഹത്തിന് വരുന്നത്. ലൂയി ഫിലിപ്പ് കസ്റ്റമര്‍ കെയര്‍ മാനേജരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു വിളി. വസ്ത്രങ്ങള്‍ തിരികെ നല്‍കി നാലായിരം രൂപ മടക്കി വാങ്ങാന്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലൂയി ഫിലിപ്പിലെ കസ്റ്റമര്‍ മാനേജരാണെന്നു വിശ്വസിച്ച പരാതിക്കാരന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉടനെ തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 94,204 രൂപ നഷ്ടപ്പെട്ടു. ആദ്യം 64,017 രൂപയും പിന്നീട് രണ്ടു തവണയായി 15,093 രൂപ വീതവുമാണ് നഷ്ടപ്പെട്ടത്.

പരാതിക്കാരന്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം സെല്‍ ഓഫ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. അദ്ദേഹം ആര്‍ബിഐ ഓംബുഡ്സ്മാനും പരാതി നല്‍കി. എന്നാല്‍, എസ്ബിഐ ഈ പണം നല്‍കാന്‍ ബാധ്യസ്ഥമല്ലെന്നായിരുന്നു ആര്‍ബിഐ ഓംബുഡ്സ്മാന്റെയും തീരുമാനം. കാരണം ഉപഭോക്താവിന്റെ അലംഭാവം മൂലം ഒടിപി, പിന്‍ നമ്പര്‍ എന്നിവ നല്‍കിയതിനാലാണ് പണം നഷ്ടപ്പെട്ടതെന്നും, 2021 ലെ ആര്‍ബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിലെ ക്ലോസ് 10 പ്രകാരം ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നും പറഞ്ഞു.

എന്നാല്‍ പരാതിക്കാരന്‍ കോടതിയില്‍ ഒടിപിയോ, പിന്‍ നമ്പറോ ആരുമായും പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇവിടെ ബാങ്കിലെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയാണുണ്ടായത്. തട്ടിപ്പ് നടന്ന് പിറ്റേദിവസം തന്നെ ബാങ്കിനെ പരാതി അറിയിക്കുകയും ചെയ്തു. കൂടാതെ, എസ്ബിഐയും ആര്‍ബിഐ ഓംബുഡ്സ്മാനും ഒടിപി, പിന്‍ നമ്പര്‍ എന്നിവ ഷെയര്‍ ചെയ്തു എന്നത് തെളിയിക്കാനും പരാജയപ്പെട്ടു. അതോടെയാണ് മുപ്പതു ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട തുക തിരികെ നല്‍കണമെന്നും. മുപ്പതു ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ വൈകുന്ന ദിവസങ്ങളില്‍ ഒമ്പത് ശതമാനം നിരക്കില്‍ പലിശ നല്‍കണമെന്നും വിധിയുണ്ടായത്. ബാങ്കുകള്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്നും തടയാന്‍ സൈബര്‍ സെക്യൂരിറ്റി സംവിധാനം നടപ്പിലാക്കണം. ഏതെങ്കിലും ആപ്ലിക്കേനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ യിലേക്ക് പണം മാറ്റാന്‍ പ്രത്യേക അനുമതി വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News