വിദേശ പഠനം: സാമ്പത്തികാസൂത്രണം മറക്കണ്ട

  വിദേശ രാജ്യങ്ങളെ ഉന്നത പഠനം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മികച്ച കോഴ്സുകള്‍, മികച്ച വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ അമേരിക്കയോ, യൂറോപ്യന്‍ രാജ്യങ്ങളൊക്കെയാണ് തെരെഞ്ഞെടുക്കുന്നത്. പഠനത്തിനായി മികച്ച കോളജും, കോഴ്സും തെരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരിക്കുക എന്നത്. കാരണം യാത്ര, താമസം, കോഴ്സ് ഫീസ്, ഭക്ഷണം എന്നിങ്ങനെ ചെലവുകള്‍ ധാരാളമുണ്ട്. രൂപയുടെ വീഴ്ച്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു ശതമാനത്തിലേറെ താഴ്ച്ചയിലാണ്. ഇത് വിദേശ പഠനത്തിനായി […]

Update: 2022-06-25 23:04 GMT

 

വിദേശ രാജ്യങ്ങളെ ഉന്നത പഠനം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മികച്ച കോഴ്സുകള്‍, മികച്ച വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ അമേരിക്കയോ, യൂറോപ്യന്‍ രാജ്യങ്ങളൊക്കെയാണ് തെരെഞ്ഞെടുക്കുന്നത്. പഠനത്തിനായി മികച്ച കോളജും, കോഴ്സും തെരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരിക്കുക എന്നത്. കാരണം യാത്ര, താമസം, കോഴ്സ് ഫീസ്, ഭക്ഷണം എന്നിങ്ങനെ ചെലവുകള്‍ ധാരാളമുണ്ട്.

രൂപയുടെ വീഴ്ച്ച

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു ശതമാനത്തിലേറെ താഴ്ച്ചയിലാണ്. ഇത് വിദേശ പഠനത്തിനായി വായ്പയെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കാരണം ചെലവ് വര്‍ധിക്കും. വായ്പ അനുവദിക്കുമ്പോള്‍, കറന്‍സി മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, പഠന കാലയളവിലെ മൊത്തത്തിലുള്ള വിദ്യാഭ്യാസച്ചെലവിലുണ്ടാകാന്‍ സാധ്യതയുള്ള പൊതുവായ വര്‍ധന തുടങ്ങിയ വശങ്ങള്‍ കണക്കിലെടുത്താണ് വായ്പ നല്‍കാറ്. ചില വായ്പ ദാതാക്കള്‍ വായ്പയ്ക്കായി സമീപിക്കുന്നവരോട് ബജറ്റ് തയ്യാറാക്കുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാകാന്‍ സാധ്യയതുള്ള ഇടിവു കൂടി കണക്കാക്കണം എന്ന് പറയാറുണ്ട്.

ബാങ്കുകള്‍ മാത്രമല്ല

ബാങ്കുകള്‍ക്ക് പുറമേ വിദേശ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോമുകള്‍ ചില ഫിന്‍ടെക് കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്്. ബാങ്കുകളും ഇതേ രീതിയില്‍ വിദേശ പഠനത്തിന് സഹായിക്കുന്ന ആപ്ലിക്കേഷനുകളും മറ്റും അവതരിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. ഐസിഐസിഐ ബാങ്കിന്റെ കാംപസ് പവര്‍ ഇത്തരത്തില്‍ പുതിയ പ്ലാറ്റ്ഫോമാണ്. കൂഹു എജ്യുടെക്, ലീപ് ഫിനാന്‍സ് തുടങ്ങിയവ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളാണ്. ഇത്തരം പ്ലാറ്റ്ഫോമുകള്‍ വായ്പകള്‍ അനുവദിക്കുന്നതിനു പുറമേ, കോഴ്സുകള്‍, സര്‍വകലാശാലകള്‍, പ്രവേശനത്തിനായുള്ള പ്രോസസ്, പരീക്ഷ പരിശീലനം, വിദേശത്തെ താമസ സൗകര്യം എന്നിങ്ങനെയുള്ള മൂല്യവര്‍ധിത സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്നുണ്ട്. ഇത്തരം പുതിയ വായ്പ ദാതാക്കളെയും ആശ്രയിക്കുമ്പോള്‍ അവയുടെ ക്രെഡിബിലിറ്റി, പ്രവര്‍ത്തന ചരിത്രം എന്നിവ കൂടി അന്വേഷിക്കണം.

കൂടണ്ട, കുറയണ്ട

വിദേശ പഠനത്തിനായി ഒരുങ്ങുമ്പോള്‍ തന്നെ സ്‌കോളര്‍ഷിപ്പുകളോ, ഗ്രാന്റുകളോ ലഭ്യമാണോയെന്ന് പരിശോധിച്ച് ഉണ്ടെങ്കില്‍ ആ സേവനം പ്രയോജനപ്പെടുത്താം. ഇത് വായ്പ തുക കുറയ്ക്കാനും സഹായിക്കും. വായ്പയ്ക്കായി അപേക്ഷ തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനുള്ള ഫണ്ടുണ്ടെന്ന് ഉറപ്പു വരുത്തുക. കൂടുതല്‍ തുകയും വേണ്ട, കുറഞ്ഞ തുകയും വേണ്ട. കയ്യിലുള്ള തുകയും, സ്‌കോഷര്‍ഷിപ്പുകള്‍ ഗ്രാന്റുകള്‍ എന്നിവയേയും പരിഗണിക്കുക. അതിനുശേഷം എത്ര തുക വായ്പ എടുക്കണമെന്ന് കണക്കാക്കാം. നിക്ഷേപങ്ങളുണ്ടെങ്കില്‍ അവ പൂര്‍ണമായും ഉപയോഗിക്കാതെ അല്‍പ്പം അടിയന്തര സാഹചര്യങ്ങളിലേക്കായി സൂക്ഷിച്ചുവെയ്ക്കുക. കൃത്യമായ കണക്കുകൂട്ടല്‍ നടത്താതെ വായ്പ എടുത്താല്‍ തുക കുറവാണെങ്കില്‍ പണം വീണ്ടും കണ്ടെത്തേണ്ടി വരും.

നികുതി

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന് നികുതി കിഴിവ് ലഭിക്കും. ജോലി ലഭിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ നികുതി നല്‍കുന്നതിനേക്കാള്‍ നല്ലതാണ് വായ്പ എടുത്ത് 10-12 ശതമാനം പലിശ നിരക്കില്‍ വായ്പ തിരിച്ചടവ് നടത്തുന്നത്.

പലിശ നിരക്ക് മാത്രമല്ല

വായ്പ എടുക്കുമ്പോള്‍ പലരും പലിശ നിരക്കു മാത്രമേ പരിഗണിക്കാറുള്ളു. എന്നാല്‍, പലിശ നിരക്കു മാത്രം പരിഗണിച്ചാല്‍ പോര അതിനൊപ്പം പ്രോസസിംഗ് ഫീസ്, ഇന്‍ഷുറന്‍സ് ചാര്‍ജ്, ഫോറിന്‍ എക്സ്ചേഞ്ച് റേറ്റ് എന്നിവ കൂടി പരിഗണിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വായ്പ ലഭിക്കാനെടുക്കുന്ന കാലയളവും പരിശോധിക്കാം.

നിക്ഷേപം

വിദേശപഠനം എന്ന ലക്ഷ്യമുണ്ടെങ്കില്‍ അതിനായി അഞ്ചു വര്‍ഷം മുതല്‍ നിക്ഷേപങ്ങള്‍ കരുതിവെയ്ക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപങ്ങളും മറ്റും ഇത്തരം ലക്ഷ്യത്തോടെ ആരംഭിക്കാവുന്നതാണ്. ഇത് വായ്പ തുക കുറയ്ക്കാന്‍ സഹായിക്കും.

Similar News