റദ്ദാക്കിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഈ മാസം നടത്തിയ രണ്ടാമത്തെ പരീക്ഷ

  • ക്രമക്കേട് സിബിഐക്ക് കൈമാറുന്നു
  • പുതിയ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും
  • പരീക്ഷ എഴുതിയത് 11 ലക്ഷത്തിലധികം പേര്‍

Update: 2024-06-20 03:03 GMT

യുജിസി-നെറ്റ് പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ക്രമക്കേടുകളുടെ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. വിഷയം സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

കോളജ് അധ്യാപന യോഗ്യതാ പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നടത്തിയത്. 11 ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയിരുന്നു.

നേരത്തെ നീറ്റ്-യുജി പരീക്ഷ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രതിരോധത്തിലായിരുന്നു. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുമ്പിലെത്തിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റില്‍ നിന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ പരീക്ഷയെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിറക്കിയിട്ടുണ്ട്. നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ക്രമക്കേട് നടതായി കണ്ടെത്തിയത്.

പുതിയ പരീക്ഷ നടത്തുമെന്നും അതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചൊവ്വാഴ്ച രാജ്യത്തെ 1205 നഗരങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്.

അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് നെറ്റ് നടത്തുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന രണ്ടാമത്തെ പരീക്ഷയാണ് ഈ മാസം റദ്ദാക്കുന്നത്.

Tags:    

Similar News