മികച്ച വിദ്യാഭ്യാസം; എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍
- ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ ആരംഭിക്കും
- 29 ഇന്ത്യന്‍ ഭാഷകളിലെ ചാനലുകള്‍ക്ക് വരുംമാസങ്ങളില്‍ തുടക്കമാകും
രാജ്യവ്യാപകമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുന്നതിനായി എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍.
ഗൂഗിളുമായുള്ള സഹകരണത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ ആരംഭിക്കും. ഇത്തരത്തില്‍ ആംഗ്യഭാഷ ഉള്‍പ്പെടെ 29 ഇന്ത്യന്‍ ഭാഷകളിലെ ചാനലുകള്‍ക്കാണ് വരുംമാസങ്ങളില്‍ തുടക്കമാവുക.
എളുപ്പത്തില്‍ ലഭ്യമാകുന്ന വിദ്യാഭ്യാസം രാജ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് യൂട്യൂബ് ലേണിങ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ജൊനാഥന്‍ കാറ്റ്‌സ്മാന്‍ ബ്ലോഗ് പറഞ്ഞു. നൂതന പങ്കാളിത്തങ്ങള്‍, ടൂളുകള്‍, ഉറവിടങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ ഉള്ളടക്കങ്ങള്‍ നല്‍കാന്‍ യൂട്യൂബിന് സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബില്‍ ക്രെഡന്‍ഷ്യല്‍ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നതിന് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പ്രോഗ്രാമുമായി ഗൂഗിള്‍ സഹകരിച്ചിട്ടുണ്ട്. ശാസ്ത്രവും സാഹിത്യവും മുതല്‍ സ്‌പോര്‍ട്‌സ് സൈക്കോളജി, റോക്കറ്റ് പ്രൊപ്പല്‍ഷന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാക്കാനാണ് ശ്രമം.