റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്ന് കയറ്റുമതിക്കാര്‍

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ സൈനിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുകളുടെ നീക്കം, പേയ്മെന്റുകള്‍, എണ്ണ വില എന്നിവയടക്കം ആ മേഖലയിലെ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്ന് കയറ്റുമതിക്കാര്‍. ബ്ലാക് സീ വഴി ഈ പ്രദേശത്തേക്കുള്ള ചരക്ക് നീക്കവും മറ്റും താല്‍ക്കാലികമായി നര്‍ത്തി വയ്ക്കാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടു. റഷ്യയിലേക്കും യുക്രെയ്‌നിലേക്കും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സൂയസ് കനാലില്‍ നിന്നും ബ്ലാക് സീയില്‍ നിന്നുമാണ് ചരക്ക് നീങ്ങുന്നതെന്ന് എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായി […]

Update: 2022-02-25 06:31 GMT

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ സൈനിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുകളുടെ നീക്കം, പേയ്മെന്റുകള്‍, എണ്ണ വില എന്നിവയടക്കം ആ മേഖലയിലെ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്ന് കയറ്റുമതിക്കാര്‍. ബ്ലാക് സീ വഴി ഈ പ്രദേശത്തേക്കുള്ള ചരക്ക് നീക്കവും മറ്റും താല്‍ക്കാലികമായി നര്‍ത്തി വയ്ക്കാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടു.

റഷ്യയിലേക്കും യുക്രെയ്‌നിലേക്കും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സൂയസ് കനാലില്‍ നിന്നും ബ്ലാക് സീയില്‍ നിന്നുമാണ് ചരക്ക് നീങ്ങുന്നതെന്ന് എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായി പറഞ്ഞു. “യുദ്ധം വ്യാപാരത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി യുദ്ധത്തിന്റെ കാലയളവിനെ ആശ്രയിച്ചിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനാല്‍ നമ്മുടെ രാജ്യത്തിന്റെ കയറ്റുമതിയെ അത് ബാധിക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള കയറ്റുമതിക്കാരനായ ശരദ് കുമാര്‍ സറഫ് പറഞ്ഞു. 2020-21 ലെ 8.1 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇതുവരെ 9.4 ബില്യണ്‍ യുഎസ് ഡോളറാണ്.

ഇന്ധനങ്ങള്‍, ധാതു എണ്ണകള്‍, മുത്തുകള്‍, വിലയേറിയ കല്ലുകള്‍, ആണവ റിയാക്ടറുകള്‍, ബോയിലറുകള്‍, യന്ത്രങ്ങള്‍, മെക്കാനിക്കല്‍ വീട്ടുപകരണങ്ങള്‍, വൈദ്യുത യന്ത്രങ്ങളും ഉപകരണങ്ങളും, രാസവളങ്ങള്‍ എന്നിവയെല്ലാമാണ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉത്പന്നങ്ങള്‍. അതേസമയം ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികളും ഉപകരണങ്ങളും, ഓര്‍ഗാനിക് രാസവസ്തുക്കൾ, വാഹനങ്ങൾ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള പ്രധാന കയറ്റുമതി ഇനങ്ങള്‍.

യുക്രെനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 2.5 ബില്യണ്‍ യുഎസ് ഡോളറിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.3 ബില്യണ്‍ ഡോളറാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മെറ്റലര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകളും പോളിമറുകളും മറ്റുമാണ് യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന ഇറക്കുമതികള്‍. അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഷിനറികള്‍, രാസവസ്തുക്കള്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മുതലായവയാണ് യുക്രെയിനേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങള്‍.

സൈനിക നടപടികള്‍ ദീര്‍ഘകാലത്തേക്ക് തുടരുകയാണെങ്കില്‍ അത് കയറ്റുമതിയിലും ആ മേഖലയില്‍ നിന്നുള്ള ഇറക്കുമതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എഫ്‌ഐഇഒ വൈസ് പ്രസിഡന്റ് ഖാലിദ് ഖാന്‍ പറഞ്ഞു. “എണ്ണയുടെയും, പ്രകൃതി വാതകത്തിന്റെയും വില കൂടുകയും വ്യാപാരികള്‍ക്ക് പണം ലഭിയ്ക്കാന്‍ കാലതാമസമുണ്ടാകും,” അദ്ദേഹം പറഞ്ഞു.

ഈ സംഘര്‍ഷം എണ്ണ, വാതക വിലകളെ ബാധിക്കുകയും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇത് പണപ്പെരുപ്പം ഉണ്ടാക്കുകയും ചെയ്യുമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസര്‍ ബിശ്വജിത് ധര്‍ പറഞ്ഞു. എല്ലാ സമ്പദ് വ്യവസ്ഥകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബാധിക്കുെമന്ന് അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തിന് ഇതൊരു ആശങ്കാജനകമായ സാഹചര്യമാണെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സമുദ്ര കയറ്റുമതി വ്യാപാരി യോഗേഷ് ഗുപ്ത പറഞ്ഞു.

യുക്രെനിലേക്കും, റഷ്യയിലേക്കും പ്രതിവര്‍ഷം 100-120 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ പ്ലാസ്റ്റിക് കയറ്റുമതി മാത്രമാണ് നടക്കുന്നതെന്നും എന്നാല്‍ പ്ലാസ്റ്റിക് ഇറക്കുമതിയാണ് വളരെ ഉയര്‍ന്നതെന്നും പ്ലാസ്റ്റിക് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പ്ലക്സ്‌കോണ്‍സില്‍) ചെയര്‍മാന്‍ അരവിന്ദ് ഗോയങ്ക പറഞ്ഞു. കയറ്റുമതിയില്‍ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളും, മൂല്യവര്‍ധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഇറക്കുമതി പ്രധാനമായും അസംസ്‌കൃത വസ്തുക്കള്‍ക്കായാണെന്നും ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

റഷ്യയ്ക്കെതിരായ യുഎസ് ഉപരോധം കയറ്റുമതിക്കാരുടെ അനിശ്ചിതത്വം വര്‍ധിപ്പിച്ചതായി എഫ്‌ഐഇഓ പ്രസിഡന്റ് എ ശക്തിവേല്‍ പറഞ്ഞു. ബാങ്കിംഗ്, സാമ്പത്തിക ഉപരോധങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്, അവയില്‍ നിന്നുള്ള കൃത്യമായ സൂചനയ്ക്കായി കയറ്റുമതിക്കാര്‍ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News