നേട്ടം കുത്തനെ ഇടിഞ്ഞു; വിപണി നല്‍കിയത് 16.36 ലക്ഷം കോടി, മുന്‍വര്‍ഷം നിക്ഷേപകർ കൊയ്തത് 78 ലക്ഷം കോടി

മികച്ച സാമ്പത്തിക അടിസ്ഥാന ഘടകങ്ങള്‍ വിപണിയ്ക്ക് അനുകൂലമായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെയും, വിദേശ നിക്ഷേപകരുടെയും നിക്ഷേപം വര്‍ധിച്ചത് ആഭ്യന്തര വിപണിക്ക് വലിയ പിന്തുണ നല്‍കി. ഇത് മറ്റുള്ള ആഗോള വിപണികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനു സഹായിച്ചു.

Update: 2022-12-30 10:10 GMT

ഹരിപ്രിയ. കെ


വളരെ സങ്കീര്‍ണമായ ഒരു വര്‍ഷമാണ് ആഗോള വിപണികളെ സംബന്ധിച്ച് കടന്നു പോയത്. സ്ഥിരമായ അനിശ്ചിതത്വങ്ങളും, പണപ്പെരുപ്പ ആശങ്കകളും വിപണികളില്‍ വലിയ അസ്ഥിരത ഉണ്ടാക്കിയിരുന്നു. എങ്കിലും ഈ പ്രതിസന്ധികള്‍ക്കിടയിലും ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ നേടിയത് 16.36 ലക്ഷം കോടി രൂപയാണ്. അതേ സമയം ഇത് 2021 നെ അപേക്ഷിച്ച് ഏറെ കുറവാണ്. 2021 ല്‍, നിക്ഷേപകരുടെ വരുമാനം 78 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം സെന്‍സെക്‌സ് 21.99 ശതമാനം വര്‍ധിച്ചിരുന്നു.

മികച്ച സാമ്പത്തിക അടിസ്ഥാന ഘടകങ്ങള്‍ വിപണിയ്ക്ക് അനുകൂലമായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെയും, വിദേശ നിക്ഷേപകരുടെയും നിക്ഷേപം വര്‍ധിച്ചത് ആഭ്യന്തര വിപണിക്ക് വലിയ പിന്തുണ നല്‍കി. ഇത് മറ്റുള്ള ആഗോള വിപണികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനു സഹായിച്ചു.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റഷ്യ യുക്രൈന്‍ യുദ്ധം വിപണിയെ തകര്‍ത്തിരുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 ന്്് സെന്‍സെക്‌സ് 2,850 പോയിന്റാണ് ഇടിഞ്ഞത്. 2,702.15 പോയിന്റ് നഷ്ടത്തില്‍ 54,529.91 ലാണ് അന്ന് വ്യാപാരമവസാനിപ്പിച്ചത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ ശക്തമായ തിരിച്ചു വരവ് നടത്തി, ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ 2,880.06 പോയിന്റ് അഥവാ 4.94 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബര്‍ ഒന്നിന് സെന്‍സെക്‌സ് എക്കാലത്തെയും റെക്കോര്‍ഡ് വര്‍ധനയായ 63,583.07 ല്‍ എത്തി.

ഡിസംബര്‍ 29 വരെയുള്ള കണക്കു പ്രകാരം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 16,36,254.63 കോടി രൂപയില്‍ നിന്നും 2,82,36,466.18 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 5 നു ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം എക്കാലത്തെയും ഉയര്‍ന്ന 290.46 ലക്ഷം കോടി രൂപയായി.

2022 ല്‍ സെന്‍സെക്‌സ് ഏഴു മാസം ഇടിഞ്ഞുവെങ്കിലും അഞ്ചു മാസം നേട്ടത്തിലായിരുന്നു. ജൂലൈ മാസമാണ് സെന്‍സെക്‌സ് ഏറ്റവുമധികം ഉയര്‍ന്നത്. ജൂലൈയില്‍ സെന്‍സെക്‌സ് 4662.32 പോയിന്റ് അഥവാ 8 .81 ശതമാനമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 29 വരെയുള്ള കണക്കു പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം വിപണി മൂലധനം ഉള്ള കമ്പനി. കമ്പനിയുടെ വിപണി മൂല്യം 17,20,156.95 കോടി രൂപയായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (11,96,235.37 കോടി രൂപ) എച്ച്ഡിഎഫ് സി ബാങ്ക് ( 9,15,089.79 കോടി രൂപ), ഇന്‍ഫോസിസ് (6,38,576.27 കോടി രൂപ) ഐസിഐ സി ഐ ബാങ്ക് (6,32,576 .62 കോടി രൂപ) എന്നിവയാണ് ഏറ്റവുമധികം വിപണി മൂല്യമുള്ള ആദ്യ അഞ്ചു കമ്പനികളില്‍ ഉള്‍പെടുന്നവ.

Tags:    

Similar News