2018 തിയറ്ററില്‍ ഹിറ്റടിച്ചപ്പോള്‍ കേരള സ്‌റ്റോറിക്ക് സംഭവിച്ചതെന്ത്?
- റിലീസ് ദിനം 8.03 കോടി രൂപ കേരള സ്‌റ്റോറി നേടി
- റിലീസിനു തൊട്ടു മുമ്പ് കൂടുതല്‍ തിയറ്ററുകള്‍ പിന്മാറുന്നു
- മൂന്നു ദിവസം കൊണ്ട് 9 കോടി ഗ്രോസ് നേടി 2018
- 2018 മഹാപ്രളയം പ്രമേയമാക്കിയ സിനിമ
മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തയാളാണ് ബംഗാളി ചലച്ചിത്രകാരനായ സുദിപ്‌തോ സെന്‍. എന്നാല്‍ പ്രേക്ഷകരുടെ മനസ് വായിക്കുന്നതില്‍ അദ്ദേഹം വിജയിച്ചില്ല എന്നാണ് ദ കേരള സ്‌റ്റോറി എന്ന ചലച്ചിത്രത്തിന്റെ ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
40 കോടി രൂപ ബജറ്റിലെടുത്ത ഒരു സിനിമ വിജയിക്കണമെങ്കില്‍ കലക്ഷന്‍ 80 കോടി കടക്കണം. തിയറ്റര്‍ വിഹിതം, വിതരണക്കാരന്റെ വിഹിതം എന്നിവ കഴിഞ്ഞേ നിര്‍മാതാവിന്റെ അക്കൗണ്ടിലേക്ക് വല്ലതും എത്തൂ.
കളക്ഷന്‍ 45.75 കോടി
വലിയ ഹൈപ്പുമായി വന്നതിനാല്‍ റിലീസ് ദിനം 8.03 കോടി രൂപ കേരള സ്‌റ്റോറി സിനിമയ്ക്കു ലഭിച്ചു. രണ്ടാംദിനം 11.22 കോടി. മൂന്നാംദിനം ഞായറാഴ്ചയായതിനാല്‍ 16 കോടിയും നേടി. നാലാംദിനത്തിൽ 10.50 കോടി രൂപയും. ആകെ 45.75 കോടി രൂപ.
ഒരുദിവസത്തെ എല്ലാ ഷോകളും കൂടി നോക്കിയാല്‍ 36.13% ആയിരുന്നു രണ്ടാം ദിനം ഹിന്ദി ബെല്‍റ്റില്‍ സിനിമ കാണാനെത്തിയവരുടെ കണക്ക്. എന്നാല്‍ മൂന്നാംദിവസമായപ്പോഴേക്കും തിയറ്ററുകള്‍ സിനിമ മാറ്റുകയും പുതിയ റിലീസ് ചിത്രങ്ങള്‍ക്ക് ഇടംനല്‍കുന്നതുമാണ് ഇപ്പോഴത്തെ കാഴ്ച. നാലാംദിനം ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്ന് 27.57% ആണ് കലക്ഷന്‍.
30 തിയറ്ററുകളില്‍
കേരളത്തില്‍ ആകെ 50 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരുമായി ധാരണയായത്. എന്നാല്‍ റിലീസിനു തൊട്ടു മുമ്പ് കൂടുതല്‍ തിയറ്ററുകള്‍ പിന്മാറി. അതോടെ 30 തിയറ്ററുകളിലായി ചുരുങ്ങി പ്രദര്‍ശനം.
തുടക്കത്തില്‍ 28 തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായിരുന്നു കരാറെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്റ് എം.വിജയകുമാര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലാകും കൂടുതല്‍ തിയറ്ററുകളും സിനിമ പ്രദര്‍ശിപ്പിക്കാന്‍ മടിച്ചതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉപദേശകസമിതി അംഗം ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
കൊച്ചി, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലെ തിയറ്ററുകള്‍ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
പ്രദര്‍ശനം നിര്‍ത്തി തമിഴ്‌നാട്, ബംഗാള്‍
സിനിമക്ക് തണുത്ത പ്രതികരണമാണ് തമിഴ്‌നാട്ടിലുണ്ടായത്. അവിടെ നിരവധി തിയറ്ററുകള്‍ ഇന്നലെയോടെ ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചവരില്‍ എന്‍.ടി.കെ (നാം തമിളര്‍ കച്ചി) നേതാവും നടനുമായ സീമാനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കും എന്ന കാരണത്താല്‍ ഇപ്പോള്‍ പശ്ചിമ ബംഗാളിലും സിനിമ നിരോധിച്ചിരിക്കുകയാണ്.
നികുതി ഒഴിവാക്കി മധ്യപ്രദേശ്
ഒരുഭാഗത്ത് ബഹിഷ്‌കരണവും പ്രതിഷേധവും നടക്കുമ്പോള്‍ ദ കേരള സ്‌റ്റോറി സിനിമയ്ക്കു നികുതിയിളവു നല്‍കി മധ്യപ്രദേശ്. ഭീകരരുടെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരുന്ന സിനിമയാണിതെന്ന് കര്‍ണാടകയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ സംസ്ഥാനത്ത് ഈ സിനിമയ്ക്കുള്ള വിനോദ നികുതി ഒഴിവാക്കിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എതിരേറ്റത്.
ഒരു സിനിമയെ നികുതിവലയില്‍ നിന്ന് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ മാനണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടില്ല. 2017ല്‍ ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്ന അക്ഷയ് കുമാര്‍ നായകനായ സിനമയെ യു.പി സര്‍ക്കാര്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മറ്റൊരു അക്ഷയ് കുമാര്‍ ചിത്രമായ പദ്മാ ന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നികുതിവിമുക്തമായി പ്രഖ്യാപിച്ചിരുന്നു.
2017ല്‍ ജി.എസ്.ടി നിലവില്‍വരുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സിനിമകള്‍ക്ക് വിനോദനികുതി ഏര്‍പ്പെടുത്തിയിരുന്നു. ജി.എസ്.ടി വന്നതോടെ ഒരു സിനിമാ ടിക്കറ്റിനു മേല്‍ 28% നികുതി ഏര്‍പ്പെടുത്തി. 100 രൂപയ്ക്കു താഴെയുള്ള ടിക്കറ്റിന് 12 ശതമാനവും 100നു മുകളിലുള്ളതിന് 18 ശതമാനവുമായി ജി.എസ്.ടി. സിനിമയെ നികുതിരഹിതമായി പ്രഖ്യാപിച്ചാല്‍ വിനോദനികുതിയുടെ പകുതി (6-9%) മാത്രമാണ് ഒഴിവാക്കുക. ഇവയ്ക്കും കേന്ദ്ര ജി.എസ്.ടി നിര്‍ബന്ധമാണ്.
2018ന്റെ വിജയം
ദ കേരള സ്‌റ്റോറി റിലീസ് ചെയ്ത ദിവസം തന്നെയാണ് 2018 എന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം തിയറ്ററുകളിലെത്തിയത്. കൊട്ടും കുരവയുമില്ലാതെ വന്ന ചിത്രം പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അപര്‍ണ ബാലമുരളി എന്നിവര്‍ അഭിനയിക്കുന്ന ലോ ബജറ്റ് ചിത്രം മൂന്നു ദിവസം കൊണ്ട് 9 കോടി ഗ്രോസ് നേടി. റിലീസ് ദിനം കേരളത്തില്‍ 1.85 കോടി നേടിയ ചിത്രം രണ്ടാം ദിനം 3.55 കോടി നേടി.
2018ലെ മഹാപ്രളയം പ്രമേയമാക്കിയ സിനിമയാണ് 2018. താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞ 22 പേരുടെ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് 2018 ടീം.
ജൂഡ് ആന്റണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2018 കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ് നിര്‍മിച്ചത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ പങ്കാളിയാണ്.