ഷുഗര്‍ കോസ്‌മെറ്റിക്‌സുമായി കൈപിടിച്ച് കരീന കപൂര്‍
- ആഗോള- ദേശീയ തലത്തില്‍ ബ്യൂട്ടി ബ്രാന്‍ഡുകളിലും സ്റ്റാര്‍ട്ടപ്പുകളിലും വന്‍കുതിപ്പ് പ്രകടമാണ്
പ്രീമിയം കൊറിയന്‍ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ക്വഞ്ച്ബൊട്ടാണിക്സ് അവതരിപ്പിക്കുന്നതിനായി ഷുഗർ കോസ്മറ്റിക്സിന്‍റെ സ്ഥാപക വിനീത സിംഗുമായി , ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ പങ്കുചേരും. സ്ട്രാറ്റജിക് നിക്ഷേപകയായിട്ടാണ് കരീന കപൂർ സംയുക്ത സംരംഭത്തില്‍ പങ്കാളിയാകുന്നത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
'ഒരു നിക്ഷേപകയായും സഹ ഉടമയായും കരീന ഞങ്ങളുമായി ഒരു സംയുക്ത സംരംഭത്തില്‍ പങ്കാളിയായിട്ടുണ്ട്. കൊറിയന്‍ സൗന്ദര്യം ആഗോള ചര്‍മ്മ സംരക്ഷണം ഏറ്റെടുത്തു; ഇന്ത്യയിലും ഇതൊരു വലിയ അവസരമായിരിക്കും,' 'ഷുഗര്‍ കോസ്മെറ്റിക്സിന്റെ സ്ഥാപക വിനീത സിംഗ് പറഞ്ഞു.
അടുത്ത 12 മാസത്തിനുള്ളില്‍ 100 കോടി രൂപയുടെ അറ്റവരുമാനമാണ് ക്വഞ്ച് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വലിയ ഉപഭോക്തൃ പിന്തുണയുള്ള മേഖലയാണ് കോസ്‌മെറ്റിക്‌സ്. ആഗോള- ദേശീയ തലത്തില്‍ ബ്യൂട്ടി ബ്രാന്‍ഡുകളിലും സ്റ്റാര്‍ട്ടപ്പുകളിലും വന്‍കുതിപ്പ് പ്രകടമാണ്. സെലിബ്രേറ്റികളാണ് ഈ മേഖലയില്‍ പ്രോത്സാഹനം നല്‍കുന്നത്.
'സൗന്ദര്യ വര്‍ധക മേഖലയില്‍ സ്‌ഫോടനാത്മക വളര്‍ച്ചയാണുള്ളത്. ശൈശവാവസ്ഥ പിന്നിട്ട് ഇന്ത്യ വിപണി അവബോധം, വിദ്യാഭ്യാസം, അഭിലാഷം എന്നിവയുടെ കാര്യത്തില്‍ വളരുകയാണ്. ക്വഞ്ചില്‍ നിക്ഷേപിക്കുന്നതിനുള്ള എന്റെ കാഴ്ചപ്പാട്, ലളിതവല്‍ക്കരിച്ച പ്രകൃതിസൗന്ദര്യത്തിന്റെ വിഭാഗത്തിലുള്ള എന്റെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്, അത് എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്,' കരീന കപൂര്‍ ഖാന്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഷുഗറിന് സമാനമായി ക്വഞ്ച് വലിയ കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 2022 ല്‍ 1560 കോടി ഡോളറുള്ള ഇന്ത്യയിലെ സൗന്ദര്യ വിപണി 2025-ഓടെ 1740 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ലാണ് വിനീത സിംഗ് ഷുഗര്‍ കോസ്മെറ്റിക്സ് സ്ഥാപിച്ചത്.
ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സൗന്ദര്യ വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി സൗന്ദര്യ വിഭാഗത്തില്‍ വലിയ 'ബ്രാന്‍ഡിഫിക്കേഷന്‍' നടക്കുന്നുണ്ടെന്ന് വിനീത സിംഗ് പറഞ്ഞു.