ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാര്‍; ഈ വര്‍ഷം തീരുമാനമെന്ന് പ്രതീക്ഷ

  • ഇന്ത്യയുടെ വാണിജ്യസെക്രട്ടറി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കി
  • അതേസമയം സമ്പദ് വ്യവസ്ഥയുടെ താല്‍പ്പര്യത്തിന് അനുസൃതമായിമാത്രം തീരുമാനമെന്ന് യുകെ
  • ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 16ശതമാനത്തിലധികം വര്‍ധന

Update: 2023-07-29 06:01 GMT

ഇന്ത്യയും ബ്രിട്ടനും ഈ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവെച്ചേക്കുമെന്ന് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നിക്ഷേപ ഉടമ്പടികള്‍, ബൗദ്ധിക സ്വത്തവകാശം (ഐപിആര്‍), ഉത്ഭവ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ഇപ്പോള്‍ തീവ്രമായി പരിശ്രമിച്ചുവരികയാണ്.

മിക്കവാറും എല്ലാ തര്‍ക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ വര്‍ഷാവസാനത്തോടെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നും ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിയുന്നതുവേഗം ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വതന്ത്ര വ്യാപാര കരാറിലെ 26 ചാപ്റ്ററുകളില്‍ 19എണ്ണവും ചര്‍ച്ചചെയ്ത് സമവായത്തിലെത്തിയിട്ടുണ്ട്. 'ബാക്കിയുള്ള പ്രശ്‌നങ്ങളില്‍ ബൗദ്ധിക സ്വത്തവകാശം , ഉത്ഭവ നിയമങ്ങള്‍, നിക്ഷേപ ഉടമ്പടി എന്നിവ ഉള്‍പ്പെടുന്നു,' ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്ഭവ നിയമങ്ങളില്‍, ഇരു രാജ്യങ്ങളും ഉല്‍പ്പന്ന-നിര്‍ദ്ദിഷ്ട നിയമങ്ങള്‍, മൂല്യവര്‍ധനവ്, ചാപ്റ്റര്‍ തലക്കെട്ടിലെ മാറ്റം, സര്‍ട്ടിഫിക്കേഷന്‍ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുമായി ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഒരു വികസിത രാജ്യവുമായുള്ള ആദ്യത്തെ എഫ്ടിഎ യുകെയുമായി ആയിരിക്കും.

ബ്രിട്ടനെ സംബന്ധിച്ചിടത്തോളം, 2020-ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തായതിന് ശേഷം വൈവിധ്യമാര്‍ന്ന ആഗോള വ്യാപാര ബന്ധങ്ങള്‍ക്കായുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. പുതിയ വ്യാപാര സഖ്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ യുകെയുടെ സാമ്പത്തിക നില പരുങ്ങലിലാകും.

''ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതില്‍ ഞങ്ങള്‍ നല്ല പുരോഗതി കൈവരിച്ചെങ്കിലും, ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള ഉയര്‍ന്ന അഭിലാഷ മേഖലകളിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,'' ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. അതേസമയം ന്യായമായതും സന്തുലിതവും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു കരാര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്ന് യുകെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബര്‍ത്ത്വാളിന്റെയും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും സന്ദര്‍ശനത്തിനിടെ 11-ാം റൗണ്ട് ചര്‍ച്ചകള്‍ അടുത്തിടെ ലണ്ടനില്‍ അവസാനിച്ചിരുന്നു. ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മാര്‍ച്ചില്‍ അവസാനിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16.6 ശതമാനം വര്‍ധിച്ച് 20.42 ബില്യണ്‍ ഡോളറായി.

റെഡിമെയ്ഡ് വസ്ത്രങ്ങളും തുണിത്തരങ്ങളും, രത്‌നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയാണ് യുകെയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.സേവന മേഖലയില്‍, ഇന്ത്യന്‍ ഐടി സേവനങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിപണിയാണ് യുകെ. നിക്ഷേപ മേഖലയില്‍ യുകെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകരില്‍ ഒന്നാണ്. 2022-23 ല്‍, യുകെയില്‍ നിന്ന് 1.74 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു. 2021-22 ല്‍ ഒരു ബില്യണ്‍ ഡോളറായിരുന്നു അത്. ലോകബാങ്ക് കണക്കുകള്‍ പ്രകാരം 3.1 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുള്ള യുകെ വളരെക്കാലമായി ഒരു സേവന മേഖലയിലെ പവര്‍ഹൗസാണ്.

Tags:    

Similar News