വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 02)
നിഫ്റ്റിയുടെ ഉറച്ച തുടക്കം കരുത്താകുമോ?
തുടര്‍ച്ചയായി 12 ദിവസം മെച്ചപ്പെട്ടു ക്ലോസ് ചെയ്തശേഷം ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി പുതിയ മാസത്തിലേക്ക് കടക്കുകയാണ്. അവസാന വ്യാപാരദിനത്തില്‍ റിക്കാര്‍ഡ് ക്ലോസിംഗിലാണ് നിഫ്റ്റി. കഴിഞ്ഞവാരത്തിലെ ഏല്ലാ ദിവസവും തന്നെ ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ചാണ് നിഫ്റ്റി ക്ലോസ് ചെയ്തിട്ടുള്ളത്. ഇതൊരു പോസിറ്റീവ് ഘടകമാണ്.
ആദ്യക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ ഓഗസ്റ്റ് 30-ന് പുറത്തുവന്നശേഷമുള്ള ആദ്യത്തെ വ്യാപാരദിനമാണിന്ന്. ജിഡിപി വളര്‍ച്ച അഞ്ചു ക്വാര്‍ട്ടറുകളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജിഡിപി വളര്‍ച്ച 6.7 ശതമാനമാണ്.
ഓഗസ്റ്റ് മാസത്തിലെ ഓട്ടോ വില്‍പ്പനക്കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത് ഓട്ടോ ഓഹരികളില്‍ ഇന്നു പ്രതിഫലിക്കും.
എച്ച് എസ് ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ഇന്നു പുറത്തുവിടും. ആദ്യ കണക്കുകളനുസരിച്ച് ഓഗസ്റ്റിലെ പിഎംഐ 57.9 ആണ്. ജൂലൈയിലിത് 58.1 ആയിരുന്നു.
യുഎസ് വിപണിക്ക് ലേബര്‍ ഡേ പ്രമാണിച്ച് ഇന്ന് അവധിയാണ്. അതിനാല്‍ തന്നെ ആഗോളവിപണി ഉത്സാഹരഹിതമായിരിക്കാനാണ് സാധ്യത. യൂറോസോണ്‍, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ഇന്നു പുറത്തുവരും. യുഎസ് മാനുഫാക്ചറിംഗ് പിഎംഐ നാളെയാണ് എത്തുക.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച
പുതിയ പ്രതിമാസ എഫ് ആന്‍ഡ് ഒ സീരീസിന്റെ ആദ്യ വ്യാപാരദിവസം പോസീറ്റീവായി അവസാനിച്ചു. ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റത്തിലാണ് അവസാനിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി കഴിഞ്ഞ ഒരു ഡസന്‍ വ്യാപാരദിവസങ്ങളിലായി മെച്ചപ്പെട്ടു ക്ലോസ് ചെയ്തുപോരുകയാണ്. ഇതു റിക്കാര്‍ഡാണ്. മാത്രവുമല്ല, നിഫ്റ്റി വളരെ ഉറച്ച രീതിയില്‍ 25000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച നിഫ്റ്റി 83.95 പോയിന്റ് മെച്ചത്തോടെ 25235.9 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്.
മാത്രമല്ല, നിഫ്റ്റി പുതിയ പ്രതിദിന റിക്കാര്‍ഡ് ഉയരം കുറിക്കുകയും ചെയ്തു. വെള്ളിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 25268.35 ആണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക വെള്ളിയാഴ്ച 231.16 പോയിന്റ് നേട്ടത്തോടെ 82365.77 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് സെന്‍സെക്സ് മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി ഉയരത്തിലേക്കുള്ള പ്രയാണം തുടരുകയാണ്. അടുത്ത ലക്ഷ്യം 26260 പോയിന്റാണ്. ഘട്ടംഘട്ടമായി ഈ ലക്ഷ്യത്തിലേക്ക് എത്താം. പ്രത്യേകിച്ചും പലിശനിരക്കു വെട്ടിക്കുറയ്ക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കുന്ന സാഹചര്യത്തില്‍.
വെള്ളിയാഴ്ചത്തെ മൊമന്റം ഇന്നും തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 25340 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്തത് 25540 പോയിന്റാണ്.
ഇന്നു നിഫ്റ്റി താഴേയക്കു നീങ്ങുകയാണെങ്കില്‍ 25130 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും തുടര്‍ന്ന് 25000 പോയിന്റിനു ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24800 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 69.15 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. വെള്ളിയാഴ്ച 198.25 പോയിന്റ് നേട്ടത്തോടെ 51351 പോയിന്റില്‍ ക്ലോസ് ചെയ്തു.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51700 പോയിന്റിലേക്ക് ഉയരാം. തുടര്‍ന്ന് 51950-52000 തലത്തിലേക്ക് ഉയരാം.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51000 പോയിന്റ് ശക്തമായ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് 50800 പോയിന്റിലും 50500 പോയിന്റിലും പിന്തുണകിട്ടും.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 55.75 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 20 പോയിന്റ് താഴ്ന്നാണ്.
ഇന്ത്യന്‍ എഡിആറുകള്‍
നല്ലൊരു പങ്ക് ഇന്ത്യന്‍ എഡിആറുകളും വെള്ളിയാഴ്ച പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ വിപ്രോ എഡിആര്‍ 0.16 ശതമാനം നേരിയ കുറവില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ബാങ്ക് ഓഹരികളായ ഐസിഐസിഐ ബാങ്ക് 0.65 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.18 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 1.46 ശതമാനം മെച്ചപ്പട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.55 ശതമാനം നേട്ടമു
ണ്ടാക്കി. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 7.47 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് വെള്ളിയാഴ്ച 2.86 ശതമാനം താഴ്ചയോടെ 13.39-ലെത്തി. വ്യാഴാഴ്ചയിത് 13.79 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.41 ആയി. വ്യാഴാഴ്ചയിത് 1.42-ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ് രണ്ടാം ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച പുതുക്കിയതനുസരിച്ച് നേരത്തെ കണക്കാക്കിയിരുന്ന 2.8 ശതമാനത്തില്‍നിന്നു മൂന്നു ശതമാനമായി. എന്നാല്‍ ജോബ്ലെസ് ക്ലെയിം മാറ്റമില്ലാതെ തുടര്‍ന്നു. ഓഗസ്റ്റ് 24-ന് അവസാനിച്ച വാരത്തിലിത് 231000 ആണ്. അതേപോലെ വ്യക്തിഗത സ്പെന്‍ഡിംഗ് 2.5 ശതമാനം ഉയര്‍ന്നു. യുഎസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ 70 ശതമാനവും ഉത്പന്ന- സേവനങ്ങള്‍ക്കുവേണ്ടിയുള്ള വ്യക്തിഗത ചെലവഴിക്കലാണ്. ഇതു സൂചിപ്പിക്കുന്നത് പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിനുള്ള സാധ്യതകൂടുന്നുവെന്നാണ്.
ഡൗ ജോണ്‍ ഇന്‍ഡസ്ട്രിയില്‍സ് ഓഗസ്റ്റ് 30-ന് റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. തലേദിവസം ക്ലോസ് ചെയ്തത് റിക്കാര്‍ഡ് ഉയരത്തിലായിരുന്നു. ടെസ്ല, ആമസോണ്‍ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു. ഡൗ ജോണ്‍സ് 228.03 പോയിന്റ് ഉയര്‍ന്ന് 41563.08 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡാണ്. അതേസമയം നാസ്ഡാക് കോമ്പോസിറ്റ് 197.2 പോയിന്റ് ഉയര്‍ന്ന് 17713.62 പോയിന്റിലെത്തി. എസ് ആന്‍ഡ് പി 500 സൂചിക 56.44 പോയിന്റ് നേട്ടത്തോടെ 5648.4 പോയിന്റായി.
യൂറോപ്യന്‍ സൂചികകളെല്ലാംതന്നെ വെള്ളിയാഴ്ച നേരിയ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 3.01 പോയിന്റും സിഎസി ഫ്രാന്‍സ് 10 പോയിന്റും ജര്‍മന്‍ ഡാക്സ് 5.65 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 180.61 പോയിന്റു നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
യുഎസ് ഡൗ ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് താഴെയാണ്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ജാപ്പനീസ് നിക്കി വെള്ളിയാഴ്ച 285.22 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 377.6 പോയിന്റ് ഉയര്‍ച്ചയിലാണ് നിക്കി ഓപ്പണ്‍ ചെയ്തത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 216.8 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 4.2 പോയിന്റു ഉയര്‍ന്നാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 199.14 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 7.93 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വെള്ളിയാഴ്ച 5318.14 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയയിരിക്കുകയാണ്. 89967.8 കോടി രൂപയുടെ വാങ്ങലും 86649.7 കോടി രൂപയുടെ വില്‍പ്പനയുമാണ് അവര്‍ നടത്തിയത്. ഇതോടെ ഒഗസ്റ്റ് 30 വരെ അവരുടെ നെറ്റ് വില്‍പ്പന 21368.41 കോടി രൂപയാണ്.
അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 3198.07 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. അവര്‍ 18357.37 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 21555.44 കോടി രൂപയുടെ വില്‍പ്പനയുമാണ് നടത്തിയത്. ഇതോടെ ഓഗസ്റ്റില്‍ അവരുടെ നെറ്റ് വാങ്ങല്‍ 48278.65 കോടി രൂപയായി.
സാമ്പത്തിക വാര്‍ത്തകള്‍
ആദ്യക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച: നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ( ഏപ്രില്‍- ജൂണ്‍) ജിഡിപി വളര്‍ച്ച 6.7 ശതമാനമായി. ഇതു 15 മാസത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ്. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലെ വളര്‍ച്ച 8.2 ശതമാനവും നാലാം ക്വാര്‍ട്ടറിലെ വളര്‍ച്ച 7.7 ശതമാനവുമായിരുന്നു. തെരഞ്ഞെടുപ്പും ഗവണ്‍മെന്റ് മൂലധനച്ചെലവുകള്‍ കുറഞ്ഞതുമാണ് ആദ്യക്വാര്‍ട്ടര്‍ വളര്‍ച്ചയെ കുറച്ചത്. മാത്രമല്ല ആദ്യക്വാര്‍ട്ടറിലെ കാര്‍ഷിക വളര്‍ച്ച മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലെ 3.7 ശതമാനത്തില്‍നിന്ന് രണ്ടു ശതമാനമായി കുറയുകയും ചെയ്തു. എന്നാല്‍ മാനുഫാക്ചറിംഗ് മേഖല 8.4 ശതമാനം വളര്‍ച്ച നേടിയതാണ് ആശ്വാസകരമായിട്ടുള്ളത്. മുന്‍വര്‍ഷമിതേ കാലയളവിലിത് 5.9 ശതമാനമായിരുന്നു.
ആഗോള സമ്പദ്ഘടനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്ത് ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. ഇന്ത്യയുടെ ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടര്‍ വളര്‍ച്ച ഏറ്റവും മുന്നിലാണ്. യുഎസ് (3.0 ശതമാനം), ചൈന (4.7 ശതമാനം), ജപ്പാന്‍ (3.1 ശതമാനം), ജര്‍മനി (0.1 ശതമാനം), യുകെ (0.6 ശതമാനം) എന്നിവയാണ് വിവിധ രാജ്യങ്ങളുടെ ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച.
കാതല്‍മേഖല വളര്‍ച്ച: എട്ടു വ്യവസായങ്ങള്‍ ഉള്‍പ്പെട്ട കാതല്‍ മേഖല വളര്‍ച്ച ജൂലൈയില്‍ 6.1 ശതമാനമായി. മേയിലിത് 5.1 ശതമാനമായിരുന്നു. ഇതോടെ നടപ്പൂ വര്‍ഷത്തിലെ നാലു മാസക്കാലത്തെ വളര്‍ച്ച 6.1 ശതമാനമായി. മുന്‍വര്‍ഷമിതേ കാലയളവിലിത് 6.6 ശതമാനമായിരുന്നു. കല്‍ക്കരി ( 6.8 ശതമാനം), റിഫൈനറി ( 6.6 ശതമാനം), വളം(5.3 ശതമാനം), സ്റ്റീല്‍ (7.2 ശതമാനം), സിമന്റ് (5.5 ശതമാനം), വൈദ്യുതി( 6.1 ശതമാനം), പ്രകൃതിവാതകം (1.3 ശതമാനം), ക്രൂഡോയില്‍ (2.9 ശതമാനം) എന്നിവയാണ് കാതല്‍ വ്യവസായത്തിലുള്‍പ്പെടുന്നത്.
പടിഞ്ഞാറന്‍ കാലവര്‍ഷം: ഓഗസ്റ്റില്‍ സാധാരണയേക്കാള്‍ 15.7 ശതമാനം അധികം മഴ ലഭിച്ചതായി ഇന്ത്യന്‍ മീറ്റിറിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ( ഐഎംഡി) അറിയിച്ചു. ഓഗസ്റ്റില്‍ രാജ്യമൊട്ടാകെ 287.1 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഓഗസ്റ്റിലെ ദീര്‍ഘകാല ശരാശരി 248.1 മില്ലിമീറ്ററാണ്. കാലവര്‍ഷ സീസണ്‍ അവസാനിക്കുവാന്‍ ഒരുമാസം കൂടി ബാക്കി നില്‍ക്കേ ഈ മണ്‍സൂണ്‍ സീസണില്‍ രാജ്യത്ത് 6.8 ശതമാനം അധികമഴ കിട്ടി. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ലഭിച്ച മഴ 748.9 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാലശരാശരി 700.7 മില്ലീമീറ്ററാണ്.
കാലവര്‍ഷ സീസണിന്റെ അവസാന മാസമായ സെപ്റ്റംബറിലും ദീര്‍ഘകാലശരാശരിയേക്കാള്‍ അധിക മഴ ( 109 ശതമാനം) ലഭിക്കുമെന്നാണ് ഐഎംഡി പ്രവചനം. സെപ്റ്റംബറിലെ ദീര്‍ഘകാലശരാശരി 167.9 മില്ലീമീറ്ററാണ്.
മെച്ചപ്പെട്ട മഴ ഖാരിഫ് വിളയിറക്കല്‍ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. ഇതു കൂടുതല്‍ കാര്‍ഷികോത്പാദനത്തിനും അതുവഴി ഭക്ഷ്യവിലക്കയറ്റം സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിക്കും. പടിഞ്ഞാറന്‍ മണ്‍സൂണ്‍ അധികമായി ലഭിക്കുന്നത് റാബിവിളയിറക്കല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കും. കാര്‍ഷികമന്ത്രാലയത്തില്‍നിന്നു വിളയിറക്കല്‍ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളു. ഭക്ഷ്യവിലക്കയറ്റം കുറയുന്നത് പലിശ വെട്ടിക്കുറയ്ക്കലിനു കേന്ദ്രബാങ്കിനു പ്രചോദനം നല്‍കും.
ജിഎസ്ടി വരുമാനം: ഓഗസ്റ്റില്‍ ജിഎസ്ടി വരുമാനം 1.75 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയേക്കാള്‍ 10 ശതമാനം കൂടുതലാണിത്. എന്നാല്‍ ജൂലൈയിലെ വരുമാനം 1.82 ലക്ഷം കോടി രൂപയായിരുന്നു. ആദ്യ അഞ്ചുമാസത്തെ ജിഎസ്ടി വരുമാനം 10.1 ശതമാനം വര്‍ധനയോടെ 9.14 ലക്ഷം കോടി രൂപയിലെത്തി. റീഫണ്ടിനുശേഷം നെറ്റ് ജിഎസ്ടി അഞ്ചുമാസക്കാലത്ത് 8.07 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 10.2 ശതമാനം കൂടുതല്‍.
കമ്പനി വാര്‍ത്തകള്‍
എന്‍ബിസിസി ബോണസ് ഓഹരി: നവരത്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ എന്‍ബിസിസി 1: 2 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത് രണ്ട് ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസ് ആയി ലഭിക്കും. റിക്കാര്‍ഡ് ഡേറ്റ് ഒക്ടോബര്‍ ഏഴ് ആണ്.
ഫെഡറല്‍ ബാങ്ക്: മാനേജിംഗ ഡയറക്ടറും സിഇഒയുമായി വെങ്കട്ട സുബ്രമണ്യനെ നിയമിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അംഗീകാരം നല്‍കി. സെപ്റ്റംബര്‍ 23 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി 2024 ഏപ്രില്‍ 30 വരെ പ്രവര്‍ത്തിച്ചു.
ക്രൂഡോയില്‍ വില
ക്രൂഡ് ഓയില്‍ വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സപ്ലൈ സംബന്ധിച്ച ഉത്ക്കണ്ഠയേക്കാള്‍ ഡിമാണ്ട് സംബന്ധിച്ച ആശങ്കകള്‍ ( പ്രത്യേകിച്ചും ചൈനീസ് ഡിമാണ്ട് സംബന്ധിച്ച്) ക്രൂഡ് വിലയില്‍ താഴേയ്ക്കു പോകുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. വാരാദ്യത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിനു മുകളിലായിരുന്നത് വാരാവസാനത്തില്‍ 76 ഡോളറിലേക്കു താഴ്ന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡോയില്‍ സപ്ലൈ തടസപ്പെടുത്തുമെന്ന ആശങ്ക കുറയുകയാണ്.
മാത്രവുമല്ല, ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ വെട്ടിക്കുറച്ച ഉത്പാദനം ഒക്ടോബര്‍ മുതല്‍ പുനസ്ഥാപിക്കാന്‍ തീരുമാനിക്കുമെന്ന വാര്‍ത്തയും എണ്ണവില കുറയുന്നതിനുകാരണമായി. എട്ട് ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ 2.2 ദശലക്ഷം ബാരല്‍ ഉത്പാദനമാണ് വെട്ടിക്കുറച്ചിരുന്നത്. അത് ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്നാണ് വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 76.44 ഡോളറാണ്. ശനിയാഴ്ച 76.93 ഡോളറായിരുന്നു. ഡബ്ള്യുടിഐ ക്രൂഡിന് 73.12 ഡോളറാണ് വില. ശനിയാഴ്ച രാവിലെ ഇത് 73.55 ഡോളറായിരുന്നു.
ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ രൂപ ഇന്നലെ
രൂപ ഡോളറിനെതിരേ നേരിയ റേഞ്ചില്‍ കണ്‍സോളിഡേറ്റ് ചെയ്യുകയാണ്. വെള്ളിയാഴ്ച ഡോളറിന് 83.85 രൂപയായിരുന്നു. തലേദിവസത്തേക്കാള്‍ രൂപ നാലു പൈസ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച ഡോളറിന് 83.89 രൂപയായിരുന്നു. ഓഗസ്റ്റില്‍ ഡോളറിന് 83.97 രൂപ വരെ എത്തിയിരുന്നു.
മാസാവസാനത്തില്‍ ഡോളര്‍ ഡിമാണ്ട് കൂടിയതാണ് രൂപയെ ക്ഷീണിപ്പിച്ചത്. ഇറക്കുമതിക്കാരില്‍നിന്ന് പ്രത്യേകിച്ച് ക്രൂഡോയില്‍ ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിനു നല്ല ഡിമാണ്ട് ആണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ക്രൂഡോയില്‍ വില കുറയുന്നതും കൂടുതല്‍ വിദേശനിക്ഷേപമെത്തുന്നതും അടുത്ത വാരത്തില്‍ രൂപയ്ക്കു കരുത്താകുമെന്നു കരുതുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 5300 കോടി രൂപയുടെ നെറ്റ് വാങ്ങലുകാരായിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.