വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 09)
എല്ലാ കണ്ണുകളും ആര്‍ബിഐ പണനയത്തില്‍
ഹരിയാന തെരഞ്ഞെടുപ്പു ഫലം സഹര്‍ഷം സ്വാഗതം ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഉറ്റു നോക്കുന്നത് റിസര്‍വ് ബാങ്കിന്റെ പണനയ മീറ്റിംഗിലെ തീരുമാനത്തിലാണ്. പലിശ നിരക്കു കുറയ്ക്കുകയോ അല്ലെങ്കില്‍ എന്നു മുതല്‍ പലിശനിരക്കു ഘട്ടം ആരംഭിക്കുമെന്നു വ്യക്തമാക്കുകയോ ചെയ്യുന്നത് വിപണിയെ മെച്ചപ്പെട്ട ഉയരത്തിലേക്കു നയിക്കും. ഇപ്പോള്‍ ആഗോളസംഭവ വികാസങ്ങളേക്കാള്‍ ആഭ്യന്തര സംഭവങ്ങളാണ് വിപണിക്കു ദിശ നല്‍കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഉയര്‍ന്നു നില്‍ക്കുന്ന വായ്പാ പലിശ നിരക്ക് കുറയ്ക്കുകയെന്ന തീരുമാനം. വളര്‍ച്ചയില്‍ മന്ദത അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിലൊരു പ്രധാനകാരണമാണ് കമ്പനികളുടെ കടമെടുക്കല്‍ചെലവ്. 2024-25 സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനവും വിപണി കാത്തിരിക്കുന്നു.
അടുത്തത് രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ്. മെച്ചപ്പെട്ട ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ത്യന്‍ കമ്പനികളിലേക്ക് അധികമൂല്യം കൂട്ടിച്ചേര്‍ക്കപ്പെടും. യാഥാര്‍ഥത്തിലുള്ളതിനേക്കാള്‍ ഉയര്‍ന്ന മൂല്യത്തിലാണ് ഇന്ത്യന്‍ ഓഹരികള്‍ എന്നാരോപിച്ചാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ദിവസങ്ങളായി ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നത്. താഴ്ന്ന മൂല്യത്തില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികളിലേക്ക് അവര്‍ നിക്ഷേപം മാറ്റുകയാണ്. കഴിഞ്ഞ ദിവസത്തെ തിരുത്തലുകള്‍ ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടെങ്കിലും വളര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതകളും സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. രണ്ടാം ക്വാര്‍ട്ടറില്‍ നിഫ്റ്റി ഇപിഎസ് കുറയുമെന്നാണ് പല ബ്രോക്കറേജ് സ്ഥാപനങ്ങളും വിലയിരുത്തുന്നത്.
ഹാംഗ്സെംഗ് സൂചിക പത്തു ശതമാനത്തോളം ( 2172 പോയിന്റ്) ഇടിവു കാണിച്ചത് ചൈനീസ് ഉത്തേജക നടപടികളെക്കുറിച്ച് സംശയം ഉയര്‍ത്തിയിരിക്കുകയാണ്. കൂടുതല്‍ ഉത്തേജക നടപടികളെക്കുറിച്ച് ചൊവ്വാഴ്ച ചേര്‍ന്ന ചൈനീസ് നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റീഫോം കമ്മീഷന്‍ ഒന്നും പറയാത്തതാണ് സിംഗപ്പൂര്‍ വിപണിയില്‍ ഇടിവുണ്ടാക്കിയത്. ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് ചൊവ്വാഴ്ച 153 പോയിന്റ് ഉയര്‍ന്നിരുന്നു.
ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞത് ഇന്നലെ യുഎസ് വിപണിയില്‍ പ്രതിഫലിച്ചു. യുദ്ധഭീഷണിയുടെ ശക്തി കുറഞ്ഞതാണ് വിപണിക്കു തുണയായത്.
ഇന്ത്യന്‍ വിപണി ഇന്നലെ
തുടര്‍ച്ചയായ ആറാം ദിവസത്തെ ഇടിവിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുവന്നിരിക്കുകയാണ്. ഇന്നലെ വ്യാപാരം ആരംഭിച്ചതുമുതല്‍ പോസീറ്റീവായിട്ടായിരുന്നു വിപണിയുടെ നീക്കം. ഇപ്പോള്‍ വിപണിയെ പിന്നോട്ടു തള്ളുന്നത് ആഗോള സംഭവങ്ങളേക്കാള്‍ ആഭ്യന്തര സംഭവങ്ങളാണ്. പ്രത്യേകിച്ചും ഉയര്‍ന്ന നില്‍ക്കുന്ന വാല്വേഷന്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുവാന്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയാണ്. കുറഞ്ഞ മൂല്യത്തില്‍ നില്‍ക്കുന്ന ചൈനീസ് ഓഹരികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ വിപണിയിലുണ്ടായിട്ടുള്ള തിരുത്തലിനൊപ്പം രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ കമ്പനികളുടെ മൂല്യത്തില്‍ എന്തു കൂട്ടിച്ചേര്‍ക്കുമെന്നത് അവരെ തിരികെക്കൊണ്ടുവരുവാന്‍ സഹായിക്കും. ഉയര്‍ന്ന വായ്പാ പലിശ കമ്പനികളുടെ ലാഭത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ്. പണനയം അതിനു പരിഹാരം കാണുമോയെന്നാണ് അറിയേണ്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്നു ബിജെപി പതിയ മുക്തമാകുകയാണെന്ന സൂചന നല്‍കി ഹരിയാനയില്‍ തിരിച്ചുവന്നത് വിപണി സഹര്‍ഷം സ്വാഗതം ചെയ്തു. ആറു ദിവസത്തെ തുടര്‍ച്ചയായ ഇടിവില്‍ നിന്നു തിരിച്ചുവരുവാന്‍ ഈ സെന്റിമെന്റും വിപണിയെ സഹായിച്ചു. ഒരു ദിവസത്തേക്കേ ഉള്ളുവെങ്കിലും.
ഇന്ത്യ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി തുടര്‍ച്ചയായ ആറു ദിവസത്തെ ഇടിവിനുശേഷമാണ് ( ഏതാണ്ട് 1500 പോയിന്റ്) ഇന്നലെ മെച്ചപ്പെട്ടത്. വിപണി ഓപ്പണ്‍ ചെയ്തതു മുതല്‍ വിപണി പോസീറ്റീവായിത്തന്നെ നീങ്ങുകയായിരുന്ന നിഫ്റ്റി 25000 പോയിന്റിനു മുകളിലേക്കു തിരിച്ചെത്തുകയും ചെയ്തു. നിഫ്റ്റി സൂചിക 217.4 പോയിന്റ് (0.88 ശതമാനം ) മെച്ചത്തോടെ 25013.15 പോയിന്റില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 27-ലെ 26277.35 പോയിന്റാണ് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയര്‍ച്ച.
മെറ്റല്‍ വിഭാഗമൊഴികെ ഓട്ടോ, ബാങ്കിംഗ്, ഹെല്‍ത്ത്കെയര്‍, റിയല്‍ എസ്റ്റേറ്റ്, കാപ്പിറ്റല്‍ ഗുഡ്സ്, പവര്‍, ടെലികോം, മീഡിയ തുടങ്ങിയ മേഖലകളെല്ലാം സജീവമായിത്തന്നെ ഇന്നലത്തെ മുന്നേറ്റത്തില്‍ പങ്കെടുത്തു. ഈ വിഭാഗത്തില്‍പ്പെട്ട മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളും നന്നായി മെച്ചപ്പെട്ടു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 584.81 പോയിന്റ് (0.72 ശതമാനം) മെച്ചപ്പെട്ട് 81634.81 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
സാങ്കേതികമായി നിഫ്റ്റി അമ്പതു ദിന മൂവിംഗ് ആവേറജിന്റെ താഴെ തുടര്‍ച്ചയായ രണ്ടാം ദിവസവും ക്ലോസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബറിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് നിഫ്റ്റി എത്തിയിരിക്കുന്നു. ഇവിടെ നിഫ്്റ്റിക്കു പിന്തുണ കിട്ടേണ്ടതാണ്. പ്രത്യേകിച്ചും ഓവര്‍ സോള്‍ഡ് സോണിനടുത്തേക്ക് വന്നിരിക്കുന്ന സാഹചര്യത്തില്‍. ഒരു തിരിച്ചുവരവ് അനിവാര്യമാണ്. ഇപ്പോഴത്തെ നിലവാരത്തില്‍ ശക്തമായ പിന്തുണ നിഫ്റ്റിക്കുണ്ട്.
നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25230 പോയിന്റിലും തുടര്‍ന്ന് 25331 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 25500-25600 തലത്തിലാണ്.
നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24700-24750 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24450 പോയിന്റിലും 24300 പോയിന്റിലുമാണ് പിന്തുണ കിട്ടുക.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 42.61 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ഇന്നലെ 542.10 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ക്ലോസിംഗ് 51021. പോയിന്റാണ്. ബാങ്ക് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയര്‍ച്ച54467.35 പോയിന്റാണ്. ആറു ദിവസത്തെ തുടര്‍ച്ചയായ ഇടിവില്‍നിന്നാണ് ബാങ്ക് നിഫ്റ്റി തിരിച്ചുവന്നിട്ടുള്ളത്.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51650 പോയിന്റിലും തുടര്‍ന്ന് 51780-51890 പോയിന്റ് തലം വരെയുമെത്താം. അടുത്ത റെസിസ്റ്റന്‍സ് 52360 പോയിന്റും 52600 പോയിന്റുമാണ്.
മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50450 പോയിന്റിലും 50200 പോയിന്റിലും പിന്തുണ ലഭിക്കും. ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ 49750 പോയിന്റിലും കുത്തനെ ഇടിവുണ്ടായാല്‍ 48900 പോയിന്റിലുമാണ്.
ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 40-ലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി ന്യൂട്രല്‍ സോണില്‍ നീങ്ങുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി മൂന്നു പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നും യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടുമാണ് നീങ്ങുന്നത്.
ഇന്ത്യ വിക്‌സ്
ഇന്ത്യ വികസ് ഇന്നലെ നേരിയ തോതില്‍ താഴ്ന്ന് 14.59-ലെത്തി. തിങ്കളാഴ്ചയിത് 15.18 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.74-ലേക്ക് ഉയര്‍ന്നു. തിങ്കളാഴ്ചയിത് 0.67 ആയിരുന്നു. വെള്ളിയാഴ്ച 0.69 -ഉം ആയിരുന്നു. വിപണി ഏതാണ്ട് ബെയറീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയ്ക്ക് ഇനിയും ശമനം വന്നിട്ടില്ല. ഇന്നലെ അവര്‍ 5729.6 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തി. അവര്‍ 14774.19 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 20503.79 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഒക്ടോബറിലെ എല്ലാ വ്യാപാരദിനങ്ങളിലും നെറ്റ് വില്‍പ്പനക്കാരായിരുന്ന അവരുടെ ഒക്ടോബര്‍ എട്ടുവരെയുള്ള നെറ്റ് വില്‍പ്പന 44742.58 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം ഇന്ത്യന്‍ നിക്ഷേപ സ്ഥാപനങ്ങളുടെ ഒക്ടോബറിലെ നെറ്റ് വാങ്ങല്‍ 46674.39 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 7000.68 കോടി രൂപയുടേതാണ്. അവര്‍ 219494.71 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും12494.03 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകളില്‍ നല്ലൊു പങ്കും ഇന്നലെ മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. ഐടി ഓഹരിയായ വിപ്രോ 0.31 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.34 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. എന്നാല്‍ മറ്റുള്ളവയെല്ലാം പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് 1.79 ശതമാനവും ഐസിഐസിഐ ബാങ്ക് 1.7 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 1.56 ശതമാനവും മേക്ക് മൈ ട്രിപ് 4.84 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 0.61 ശതമാനവും ഡോ. റെഡ്ഡീസ് 1.4 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
യുഎസ് വിപണി സൂചികകള്‍
ക്രൂഡോയില്‍ വില വീണ്ടും താഴേയ്ക്ക് നീങ്ങിയതിനെത്തുടര്‍ന്ന് ഇന്നലെ യുഎസ് വിപണി സൂചികകള്‍ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. തിങ്കളാഴ്ച കുതിച്ചുയര്‍ന്ന ബോണ്ട് യീല്‍ഡ് സ്ഥിരത നേടിയതും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് പത്തു ശതമാനത്തോളം ( ഏകദേശ 2200 പോയിന്റ് ) ഇടിഞ്ഞതും യുഎസ് വിപണിക്കു ഊര്‍ജമായി. ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് 126.13 പോയിന്റ് (0.30 ശതമാനം) മെച്ചത്തോടെ 42080.37 പോയിന്റില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റാണ് റിക്കാര്‍ഡ് ഉയരം.
ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് 259.01 പോയിന്റും (1.45 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 55.19 പോയിന്റും (0.97 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.
യൂറോപ്യന്‍ വിപണികള്‍ എല്ലാം തന്നെ ഇന്നലെ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 113.01 പോയിന്റും (1.36 ശതമാനം) സിഎസി ഫ്രാന്‍സ് 54.7 പോയിന്റും (0.72 ശതമാനം) ജര്‍മന്‍ ഡാക്‌സ് 37.6316.83 പോയിന്റ്ും (0.2 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 80.62 പോയിന്റും (0.24 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് പോസീറ്റീവായാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍: ഇന്നലെ 395.2 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 350 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 417.96 പോയിന്റ് മെച്ചത്തിലാണ്.
ഇന്നലെ 2175 പോയിന്റ് ഇടിഞ്ഞ സിംഗപ്പൂര്‍ ഹാംഗ്സെഗ് സൂചിക ഇന്നു രാവിലെ 345.72 പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ചൈനീസ് ഉത്തേജകത്തിന്റെ പിന്‍ബലത്തിലും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പിന്തുണയാലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം മെച്ചപ്പെട്ട ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 89.8 പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.
സാമ്പത്തിക വാര്‍ത്തകള്‍
ആര്‍ബിഐ പണനയം: പലിശനിരക്കു സംബന്ധിച്ച തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നു പ്രഖ്യാപിക്കും. യുഎസ് പലിശനിരക്കു കുറച്ചതിനു പിന്നാലെ പല രാജ്യങ്ങളും അവരുടെ പാത പിന്തുടര്‍ന്നിട്ടുണ്ട്. ചൈനയാകട്ടെ ഒരു പടികൂടി കടന്നു വിപുലമായ ഉത്തേജന നടപടികളാണ് കൈക്കൊണ്ടത്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തിനു താഴെയെത്തുകയും മികച്ച മണ്‍സൂണ്‍ ഭക്ഷ്യവിലക്കയറ്റത്തെ ശമിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പലിശ കുറച്ചില്ലെങ്കില്‍പോലും ഇതു സംബന്ധിച്ച ആര്‍ബിഐ നിലപാടാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പലിശ വെട്ടിക്കുറയ്ക്കല്‍ ഈ വര്‍ഷമുണ്ടാകുമോ അതോ അടുത്ത വര്‍ഷത്തേക്കു നീട്ടി വയ്ക്കുമോയെന്നാണ് അറിയാനുള്ളത്. ഇപ്പോള്‍ റീപോ നിരക്ക് 6.5 ശതമാനമാണ്. 2023 ഏപ്രില്‍ മുതല്‍ ഇതു മാറ്റമില്ലാതെ തുടരുകയാണ്.
ബാങ്ക് ഡിപ്പോസിറ്റ് വളര്‍ച്ച: നവീന പദ്ധതികളും മെച്ചപ്പെട്ട പലിശയും ബാങ്കുകളുടെ ഡിപ്പോസിറ്റ് സെപ്റ്റംബര്‍ 20-ന് അവസാനിച്ച ദ്വൈവാരത്തില്‍ രണ്ടു മാസത്തെ ഉയരത്തില്‍ എത്തിച്ചു. ഡിപ്പോസിറ്റ് വളര്‍ച്ച 11.34 ശതമാനമാണ്. സെപ്റ്റംബര്‍ ആറിന് അവസാനിച്ച ദ്വൈവാരത്തിലിത് 10.96 ശതമാനമായിരുന്നു. ഇതിനുമുമ്പ് ജൂണ്‍ 28-ന് അവസാനിച്ച ദ്വൈവാരത്തിലെ 12.55 ശതമാനമായിരുന്നു ഉയര്‍ന്ന വളര്‍ച്ച. അതേസമയം വായ്പ വളര്‍ച്ച 13 ശതമനമായി മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു.
കമ്പനി വാര്‍ത്തകള്‍
രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍: ടിസിഎസ്, ടാറ്റ് എല്‍ക്സി, ഐആര്‍ഇഡി, ഡെന്‍ നെറ്റ് വര്‍ക്സ്, ജിഎം ബ്രൂവറീസ് ( ഒക്ടോബര്‍ 10). ജസ്റ്റ് ഡയല്‍, ഹാത് വേ കേബിള്‍ ആന്‍ഡ് ഡേറ്റാകോം, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്ര് ( ഒക്ടോബര്‍ 11). അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ്സ്, നെറ്റ് വര്‍ക്ക് 18 മീഡീയ( ഒക്ടോബര്‍12). റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒറിയന്റ് ഹോ്ട്ടല്‍സ്,ഇന്റര്‍നാഷണല്‍ ട്രാവല്‍ ഹൗസ്, ഏഞ്ചല്‍ വണ്‍ അലോക് ഇന്‍ഡസ്ട്രിയല്‍ ( ഒക്ടോബര്‍ 14)
ക്രൂഡോയില്‍ വില
ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും (ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം) ക്രൂഡോയില്‍ സപ്ലൈയില്‍ യാതൊരു തടസവുമുണ്ടാവാത്തത്് ഇന്നലെ ക്രൂഡോയില്‍ വിലയില്‍ കുത്തനെ ഇടിവുണ്ടാക്കി. തിങ്കാളാഴ്ച 80 ഡോളിനു മുകളിലേക്ക് ഉയര്‍ന്ന ബ്രെന്റ് ക്രൂഡോയില്‍ വിലയില്‍ മൂന്നു ശതമാനത്തിലധികം ഇടിവ് ഉണ്ടായിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നല്‍കിയ പ്രീമിയം വിപണിയില്‍നിന്നു അപ്രത്യക്ഷമായിരിക്കുകയാണ്. ഇനി ചൈനീസ് ഡിമാണ്ടിലേക്കാണ് വിപണി ഉറ്റു നോക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷമേ ഇറാനെതിരേ ഇസ്രയേല്‍ ആക്രമണം നടത്തുകയുള്ളുവെന്ന വിലയിരുത്തലും ക്രൂഡോയില്‍ മുന്നേറ്റത്തിനു തടയിട്ടു.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 77.61 ഡോളറാണ്. ചൊവ്വാഴ്ച രാവിലെ 80.4 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 73.99 ഡോളറുമാണ്. ചൊവ്വാഴ്ചയിത് 76.70 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.
ഇന്ത്യന്‍ രൂപ ഇന്നലെ
രൂപ ഇന്നലെ മൂന്നു പൈസയുടെ നേട്ടം കുറിച്ചു. ഡോളറിന് 83.96 രൂപയിലേക്കാണ് മെച്ചപ്പെട്ടത്. തിങ്കാളാഴ്ച 83.99 രൂപയായിരുന്നു ഡോളറിന്റെ വില. റിസര്‍വ് ബാങ്കിന്റെ ശക്തമായ പിന്തുണയാണ് ഡോളറിന് 84 രൂപയിലെത്തുന്നതില്‍നിന്നു തടഞ്ഞത്. ഇന്ത്യന്‍ വിപണി മെച്ചപ്പെട്ടതും ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായതും രൂപയ്ക്കു താങ്ങായി. ആഗോള കറന്‍സികള്‍ക്കെതിരേ ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്കു തുണയായി.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.