വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 05)
ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പ്; ദിശയ്ക്കായി കാത്തിരിപ്പ്
ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും വളരെ പോസീറ്റീവ് മനോഭാവത്തിലൂടെയാണ് നീങ്ങുന്നത്. യുഎസ് വിപണിക്ക് ഇന്നലെ അവധിയായിരുന്നുവെങ്കിലും യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ പോസീറ്റീവാണ്.
പുതിയ ഉയരങ്ങളില്‍ വ്യക്തമായദിശ നേടുവാന്‍ വിപണി വിമ്മിഷ്ടപ്പെടുകയാണ്. മുന്നോട്ടു പോകുവാന്‍ ആത്മവിശ്വാസം കാണിക്കുന്നില്ല. അതേ സമയം താഴേയ്ക്കു പോകാനും ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെ റേഞ്ച് ബൗണ്ടില്‍ നീങ്ങുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്.വ്യക്തമായ ദിശയ്ക്കായി വിപണി കാക്കുകയാണ്.
അടുത്തയാഴ്ച മുതല്‍ സജീവമാകുന്ന കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍, ജൂലൈ അവസാന വാരത്തില്‍ എത്തുന്ന 2024-25-ലെ പുതുക്കിയ ബജറ്റ്, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കു വെട്ടിക്കിറയ്ക്കല്‍, തുടങ്ങുന്നതു സംബന്ധിച്ച തീരുമാനം, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം തുടങ്ങിയവയാണ് വിപണി ദിശയെ സ്വാധീനിക്കുന്ന പ്രധാന സംഭവങ്ങള്‍.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡന് കാലിടറുകയാണ്. മുന്‍പ്രസിഡന്റ് ട്രംപുമായി നടന്ന സംവാദത്തില്‍ ബൈഡന് അടി തെറ്റിയത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തന്നെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതേത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ പല ആസ്തികളിലേക്കും മാറിമാറിനീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ബോണ്ട് യീല്‍ഡ് കഴിഞ്ഞദിവസം 0.6 ശതമാനം ഉയര്‍ന്ന് 4.37-ലെത്തിയിരിക്കുകയാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയര്‍ന്ന ബോണ്ട് യീല്‍ഡ് 5.021 ആണ്. ബോണ്ട് യീല്‍ഡ് ഉയരുന്നത് ഓഹരി വിപണി മുന്നേറ്റത്തിനു തടയിടും.
ഇവ എന്തായാലും ദീര്‍ഘകാലത്തില്‍ വിപണി മനോഭാവം ബുള്ളീഷ് ആണ്. എന്നാല്‍ തിരുത്തല്‍ സംഭവിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും കാര്യമായ വ്യാപാരമുണ്ടാകാതെയാണ് വിപണി ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ തിരുത്തല്‍ വിപണിക്ക് കുതിപ്പിനുള്ള ശക്തി നല്‍കും.
വിപണി ഇന്നലെ
ബുധനാഴ്ച 80000 പോയിന്റെന്ന നാഴികക്കല്ലു കടന്ന, സെന്‍സെക്സ് ഇന്നലെ ആദ്യമായി 80000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ രാവിലെ മുന്നൂറോളം പോയിന്റ് ഉയര്‍ന്ന ഓപ്പണ്‍ ചെയ്ത സെന്‍സെക്സ് 80392.64 പോയിന്റില്‍ തൊട്ടതിനുശേഷം ഫ്ളാറ്റായി ക്ലോസ് ചെയ്യുകയായിരുന്നു. സെന്‍സെക്സ് തലേദിവസത്തെ ക്ലോസിംഗായ 79986.8 പോയിന്റില്‍നിന്ന് 62.87 പോയിന്റ് മെച്ചത്തോടെ 80049.67 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്.
ഇന്നലെ ഐടി ഓഹരികളാണ് മുഖ്യമായും വിപണിക്കു കരുത്തു പകര്‍ന്നത്. മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ഓട്ടോ തുടങ്ങിയവ മേഖലകളും മുന്നേറ്റത്തില്‍ സഹകരിച്ചു. എച്ച് സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് , സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയവയാണ് ഏ്റ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് എച്ച്ഡിഎഫ്സി ബാങ്കിനാണ്.
അതേസമയം, നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയശേഷം 15.56 പോയിന്റ് നേട്ടത്തില്‍ 24302.15 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 24401 പോയിന്റാണ്. ഇതേ തലേ ദിവസത്തെ ഉയര്‍ന്ന പോയിന്റിനേക്കാള്‍ 92 പോയിന്റോളം ഉയര്‍ന്നതാണ്. അതേപോലെ ദിവസതാഴ്ചയും തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടതാണ്. വിപണിയുടെ ബുള്ളീഷ് മനോഭാവം തുടരുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്. കഴിഞ്ഞ എട്ടു ദിവസവും ഇതേ പ്രവണതയാണ് വിപണി കാണിക്കുന്നത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റിയുടെ ബുള്ളീഷ് അടിയൊഴുക്കില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. പൊതുവായ മനോഭാവം പോസീറ്റീവ് തന്നെയാണെങ്കിലും ഇത്രയും ഉയര്‍ന്ന തലത്തില്‍ നേരിയ റേഞ്ചിലാണ് നിഫ്റ്റി നീങ്ങുന്നത്. ഇത്രയും ഉയരത്തില്‍ അടുത്ത മുന്നേറ്റത്തിനുള്ള കണ്‍സോളിഡേഷനിലുള്ള ശ്രമത്തിലാണ് വിപണി.
വിപണിയില്‍ ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ 24500 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസന്റന്‍സ് 24650-24750 തലത്തിലാണ്.
ഇന്നു വിപണി താഴുകയാണെങ്കില്‍ നിഫ്റ്റിക്ക് 24150-24200 പോയിന്റിലും തുടര്‍ന്ന് 23980-24000 പോയിന്റിലും പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഉയര്‍ന്ന തലത്തില്‍ ലാഭമെടുക്കാനുള്ള പ്രവണത കൂടിക്കൂടി വരികയാണ്. മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്താലും ലാഭമെടുപ്പുമൂലം വിപണി താഴ്ചയിലേക്കു നീങ്ങുകയും ക്ലോസിംഗ് അതിനുമുകളില്‍ നിര്‍ത്തുകയും ചെയ്യുന്ന പ്രവണതയാണ് കഴിഞ്ഞ ദിനങ്ങളിലെല്ലാം കാണുന്നത്.
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 72.16 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലെത്തിയിരിക്കുകയാണ്. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ഇന്നലെ 2117 ഓഹരികള്‍ മെച്ചപ്പെട്ട ്ക്ലോസ് ചെയ്തപ്പോള്‍ 1821 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റി: ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ ( 53357.7 പോയിന്റ് ) ഓപ്പണ്‍ ചെയ്ത ബാങ്ക് നിഫ്റ്റി തലേദിവസത്തേക്കാള്‍ 14.45 പോയിന്റ് മെച്ചപ്പെട്ട് 53103.7 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡെക്സ് ഹെവിവെയ്റ്റ് ആയ എച്ച്ഡിഎഫ്സി ബാങ്കിന്റെ താഴ്ചയാണ് ബാങ്ക് നിഫ്റ്റിയെ ഉയരത്തില്‍നിന്നു വളരെ താഴ്ന്നു ക്ലോസ് ചെയ്യാന്‍ ഇടയാക്കിയത്. എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് തുടങ്ങിയവയിലും വില്‍പ്പനയുണ്ടായി.
ഇന്നലെത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 53357 പോയിന്റും തുടര്‍ന്ന് 53645.5 പോയിന്റിലും 53900-54000 പോയിന്റ് തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
വിപണി താഴേയ്ക്കു പോകുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52800 പോയിന്റിലും തുടര്‍ന്ന് 52500 പോയിന്റ് ചുറ്റളവിലും 51990-52100 തലത്തിലും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 67.43 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ ഒരു പോയിന്റ് ഉയര്‍ച്ചയിലാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 1 പോയിന്റ് താഴെയാണ്. ഏഷ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവാണെങ്കിലും യുഎസ്, യൂറോപ്യന്‍് ഫ്യൂച്ചേഴ്സ് താഴെയാണ്. ഗിഫ്റ്റ് നിഫ്റ്റി മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിയാണ് നല്‍കുന്നത്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്നലെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎസ് വിപണികള്‍ക്ക് അവധിയായിരുന്നതിനാല്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചില്ല. ഇന്നു വിപണിയില്‍ വ്യാപാരം പുനരാരംഭിക്കും.
ഇന്ത്യ വിക്സ്
ഇന്ത്യന്‍ വിപണി ഏതാണ്ട് സാധാരണ നിലയിലേക്ക് എത്തുകയാണ്. ഇന്നലെ ഇന്ത്യ വിക്സ് 2.65 ശതമാനം താഴ്ന്ന് 12.86 പോയിന്റിലെത്തി. വ്യഴാഴ്ചയിത് 13.21 ആയിരുന്നു. മൂന്നാഴ്ചയായി 15 പോിയന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.27 പോയിന്റിലേക്കു ഉയര്‍ന്നു. ബുധനാഴ്ചയിത് 1.24 ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഇന്ന് യുഎസ് വിപണികള്‍ക്ക് അവധിയായിരുന്നു. ഡൗ ഫ്യൂച്ചേഴ്സ് പോസീറ്റീവായി നീങ്ങുമ്പോള്‍ നാസ്ഡാക്, എസ് ആന്‍ഡ് പി സൂചികകള്‍ ചുവപ്പിലാണ്.
എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ഇന്നലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 49.92 പോയിന്റും സിഎസി ഫ്രാന്‍സ് 93.79 പോയിന്റും ജര്‍മന്‍ ഡാക്സ് 210.47 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 363.65 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
യുകെയില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായി ഫലം വന്നുകൊണ്ടിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.650 അംഗസഭയില്‍ ലേബറിന് 400 സീറ്റിലധികം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതുവരെ ലേബര്‍ 58 സീറ്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 6 സീറ്റും നേടിയിട്ടുണ്ട്.
യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. കൂടുതലും ചുവപ്പിലാണ്.
ഏഷ്യന്‍ വിപണികള്‍
തുടര്‍ച്ചയായി മൂന്നാം ദിവസവും പോസീറ്റീവായി ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ തൊണ്ണൂറോളം പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തതെങ്കിലും പിന്നീട് താഴേയ്ക്കു നീങ്ങുകയാണ് ചെയ്തത്. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 24 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്.
ഇന്നലെ നിക്കി 332 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗ് 40580 പോയിന്റാണ്. നിക്കിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 41087 പോയിന്റാണ്. ചൊവ്വാഴ്ച 443.63 പോയിന്റും ബുധാനാഴ്ച 506.07 പോയിന്റും ഉയര്‍ന്നിരുന്നു.
കൊറിയന്‍ കോസ്പി 12 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ കോസ്പി 23.2 പോയിന്റ് മെച്ചത്തിലാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 33.1 പോയിന്റുമെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 14.7 പോയിന്റു താഴെയും.
അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 142 പോയിന്റും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 4.5 പോയിന്റും മെച്ചത്തിലാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും തമ്മിലുള്ള കാറ്റ് ആന്‍ഡ് മൗസ് കളി തുടരുകയാണ്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നെറ്റ് വാങ്ങലുകാരായപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായി. ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 2575.85 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂലൈയിലെ നെറ്റ് വങ്ങള്‍ 5633.33 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2375.18 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 1266.07 കോടി രൂപയായി താഴ്ന്നു.
കമ്പനി വാര്‍ത്തകള്‍
എച്ചിഡിഎഫ്സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എച്ച് ഡിഎഫ്സി ബാങ്ക് ആദ്യ ക്വാര്‍ട്ടറില്‍ വായ്പയില്‍ 53 ശതമാനവും ഡിപ്പോസിറ്റില്‍ 24.4 ശതമാനവും വര്‍ധനയുണ്ടായി. ഇവ യഥാക്രമം 24.87 ലക്ഷം കോടി രൂപയും 23.79 ലക്ഷം കോടി രൂപയും വീതമാണ്.
ബന്ധന്‍ ബാങ്ക്: ബന്ധന്‍ ബാങ്കിന്റെ വായ്പയും ഡിപ്പോസിറ്റും ആദ്യക്വാര്‍ട്ടറില്‍ മികച്ച വളര്‍ച്ച നേടി. വായ്പ മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 21.8 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ ഡിപ്പോസിറ്റ് 22.8 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.
ഐഡിഎഫ്സി ബാങ്ക്: പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഐഡിഎഫ്സി ബാങ്കിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 2.68 ശതമാനമായി ഉയര്‍ത്തി. ഇതിനായി എല്‍ഐസി 1500 കോടി രൂപ നിക്ഷേപിച്ചു. ഓഹരിയൊന്നിന് 80.63 രൂപയ്ക്കാണ് എല്‍ഐസി ഓഹരികള്‍ വാങ്ങിയത്.
ക്രൂഡോയില്‍ വില
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 84.0183.48 ഡോളറാണ്. ഇന്നലെയത് 83.48 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 87.5 ഡോളറാണ്. ഇന്നലെ രാവിലെ അത് 86.95 ഡോളറായിരുന്നു.
മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച തുടക്കമാണ് ക്രൂഡോയിലിന്റേത്. ബെറില്‍ ചുഴലിക്കാറ്റ് എണ്ണ സപ്ലൈ തടസപ്പെടുത്തുമെന്ന വാര്‍ത്തയും അത് യുഎസില്‍ എണ്ണ, പ്രകൃതിവാതകം ഉത്പാദനത്തെ ബാധിക്കുമെന്ന വാര്‍ത്തയും വില ഉയര്‍ത്തിയത് കാരണമായി.
ഡോളര്‍- രൂപ വിനിമയനിരക്ക് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്നലെ ഡോളറിനെതിരേ 83.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിതുതന്നെയായിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പത്തിനു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.