വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 04)

സെന്‍സെക്സ് 80000-ല്‍

Update: 2024-07-04 02:35 GMT

ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിര വളര്‍ച്ചയിലാണെന്നും പുതിയ സര്‍ക്കാരിന്റെ പരിഷ്‌കാര നടപടികള്‍ക്കു കൂടുതല്‍ വ്യക്തത വരുന്നതോടെ ബഹുവര്‍ഷ വളര്‍ച്ച മോഡിലേക്കു നീങ്ങുമെന്നുമുള്ള വിലയിരുത്തല്‍ വിപണിക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുണയാകുകയാണ്. സെന്‍സെക്സിനെ ഇന്നലെ 80000 പോയിന്റിനു മുകളിലെത്തിച്ചതും അതാണ്. വെറും അഞ്ചുവര്‍ഷംകൊണ്ട് സെന്‍സെക്സ് സൂചിക ഇരട്ടിച്ചിരിക്കുകയാണ്.

യുഎസ് സമ്പദ്ഘടനയില്‍നിന്നുള്ള കണക്കുകള്‍ അല്‍പ്പം ദുര്‍ബലമായത് വിപണിയില്‍ പോസീറ്റീവ് മനോഭാവം സൃഷ്ടിച്ചിരിക്കുകയാണ്. ഇതു പലിശ വെട്ടിക്കുറയ്ക്കലിലേക്കു നയിക്കുമെന്നു വിദഗ്ധര്‍ കരുതുന്നു. യുഎസ് പണപ്പെരുപ്പ നിരക്ക് ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിട്ടിരിക്കുന്നതുപോലെ തന്നെ രണ്ടു ശതമാനത്തിലേക്കു നീങ്ങുകയാണെന്ന ചെയര്‍മാന്റെ പ്രസ്താവനയും വിപണിക്ക് ഊര്‍ജമാണ്. ഈ വര്‍ഷം മൂന്നു തവണ ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു തുടങ്ങിയതും വിപണിക്ക് അനുകൂലമായ ഘടകമാണ്.

വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. ആദ്യമായി സെന്‍സെക്സ് 80000 പോയിന്റില്‍ തൊട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ എണ്‍പതിനായിരം പോയിന്റിനു മുകളില്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സ80074.3 പോയിന്റ് വരെ ഉയര്‍ന്നശേഷം 79986.8 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഏതാണ്ട് 545 പോയിന്റിന്റെ വര്‍ധന. വെറും അഞ്ചു വര്‍ഷംകൊണ്ട് സെന്‍സെക്സ് ഇരട്ടിച്ചിരിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്ക് നിഫ്റ്റി ഇന്നലെ 912 പോയിന്റാണ് ഉയര്‍ന്നത്. ഓട്ടോ, എഫ്എംസിജി, മെറ്റല്‍ തുടങ്ങിയ മേഖലകളാണ് ഇന്നലെ വിപണിക്കു കരുത്തു പകര്‍ന്നത്.

ടാറ്റ കണ്‍സ്യൂമര്‍, അദാനി പോര്‍ട്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ,എസ്ബിഐ തുടങ്ങിയ മുന്‍നിര ഓഹരികള്‍ 1.5-3.75 ശതമാനം വരെ നേട്ടമുണ്ടാക്കിയതാണ് സൂചികകളെ പുതിയ ഉയരത്തില്‍എത്തിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റിയും ഇന്നലെ പുതിയ ഉയരം സൃഷ്ടിച്ചു.ഇന്നലെ 24300 പോയിന്റിനു മുകളിലെത്തിയ ( 24309.15 പോയിന്റ്) നിഫ്റ്റിയുടെ ക്ലോസിംഗ് 24286.5 പോയിന്റിലാണ്. ഇത് തലേ ദിവസത്തേക്കാള്‍ 162.65 പോയിന്റ് കൂടുതലാണ്. നിഫ്റ്റി പുതിയ പ്രതിദിന ഉയരവും അതേപോലെ തന്നെ മെച്ചപ്പെട്ട പ്രതിദിന താഴ്ചയും രേഖപ്പെടുത്തി. വിപണിയുടെ ബുള്ളീഷ് മനോഭാവത്തിന് ഇനിയും ഉലച്ചില്‍ തട്ടിയിട്ടില്ല എന്നാണ് ഇതു കാണിക്കുന്നത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിയുടെ ബുള്ളീഷ് അടിയൊഴുക്കില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. പൊതുവായ മനോഭാവം പോസീറ്റീവ് തന്നെയാണ്. ഇത്രയും ഉയരത്തില്‍ കണ്‍സോളിഡേഷനിലുള്ള ശ്രമത്തിലാണ് വിപണി. ജൂലൈ അവസാന വാരമെത്തുന്ന നടപ്പുവര്‍ഷത്തെ പുതുക്കിയ ബജറ്റ് വരെ ഇതു തുടര്‍ന്നേക്കാം കുത്തനെയുള്ള കയറ്റങ്ങള്‍ക്ക് സാധ്യത കുറഞ്ഞിരിക്കുന്നു. പകരം ശക്തമായ തിരുത്തലിനുള്ള സാധ്യത ഏറെയാണ്.

വിപണി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 24400 പോയിന്റിനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 24400 പോയിന്റിനു മുകളില്‍ ശക്തമായ വ്യാപാര വ്യാപ്തത്തോടെ നിഫ്റ്റി ക്ലോസ് ചെയ്യുകയും പിടിച്ചു നില്‍ക്കുകയും ചെയ്താല്‍ അത് സൂചികയെ 24550 പോയിന്റ് ചുറ്റളവിലേക്ക് എത്തിച്ചേക്കാം.

ഇന്നു വിപണി താഴുകയാണെങ്കില്‍ നിഫ്റ്റിക്ക് 24200 പോയിന്റിലും തുടര്‍ന്ന് 23980-24000 പോയിന്റിലും പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉയര്‍ന്ന തലത്തില്‍ ലാഭമെടുക്കാനുള്ള പ്രവണത കൂടിക്കൂടി വരികയാണ്. ഓരോ താഴ്ചയേയും നിക്ഷേപാവസരങ്ങളായി ഉപയോഗിക്കുകയെന്നതാണ് നിക്ഷേപകര്‍ക്കു ചെയ്യാനുള്ളത്.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 71.93 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലെത്തിയിരിക്കുകയാണ്. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ഇന്നലെ 2295 ഓഹരികള്‍ മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ 1640 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും റിക്കാര്‍ഡ് ക്ലോസിംഗ് നടത്തുകയും ചെയ്തിരിക്കുകയാണ്. ഇന്നലെ 53256.7 പോയിന്റുവരെ എത്തിയ ബാങ്ക് നിഫ്റ്റി 53089.25 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേദിവസത്തേക്കാള്‍ 921.15 പോയിന്റ് മെച്ചത്തില്‍.ബാങ്കിംഗ് ഓഹരികകളെല്ലാം തന്നെ ഇന്നലെ മെച്ചം രേഖപ്പെടുത്തി.

ഇന്നലെത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 53250 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 53650 പോയിന്റിലും 53950-54010 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റിക്ക് 52500-52600 പോയിന്റിലും തുടര്‍ന്ന് 51990-52100 തലത്തിലും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 67.36 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ ഉയര്‍ച്ചയിലാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 18 പോയിന്റ് മെച്ചത്തിലാണ്. ഏഷ്യന്‍ ഫ്യൂച്ചേഴ്സ പോസീറ്റീവാണെങ്കിലും യുഎസ, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് താഴെയാണ്. യുഎസ് വിപണിക്ക് ഇന്നവധിയായതിനാല്‍ അതു ഇന്ന് വിപണിയെ ബാധിക്കില്ല. മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ടെക്, ബാങ്കിംഗ് മേഖലയില്‍നിന്നുള്ള എഡിആറുകള്‍ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇന്‍ഫോസിസ് 2.51 ശതമാനവും വിപ്രോ 3.72 ശതമാനവും മെച്ചപ്പെട്ടു. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 0.45 ശതമാനം കുറഞ്ഞപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 4.48 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.29 ശതമാനവും മേക്ക് മൈ ട്രിപ് 0.22 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 3.19 ശതമാനം താഴ്ന്ന് (0.44 പോയിന്റ്) 13.20 പോയിന്റിലെത്തി. ബൂധനാഴ്ചയിത് 13.64 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.15 പോയിന്റില്‍നിന്ന് 1.24 പോയിന്റിലേക്ക് ഉയര്‍ന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് നേരിയതോതില്‍ (23.85 പോയിന്റ് )കുറഞ്ഞ് 39308 പോയിന്റില്‍ ക്ലോസ് ചെയ്തു. നാസ്ഡാക് കോമ്പോസിറ്റ് 159.54 പോയിന്റ് ഉയര്‍ന്നപ്പോള്‍ എസ് ആന്‍ഡ് പി 28.01 പോയിന്റ് മെച്ചപ്പെട്ട് റിക്കാര്‍ഡ് ക്ലോസിംഗിലെത്തി. പലിശ വെട്ടിക്കുറയ്ക്കുന്നത് ടെക്സ്പെന്‍ഡ് കുത്തനെ ഉയര്‍ത്തുമെന്ന പ്രീക്ഷയിലാണ് നാസ്ഡാക് പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിലില്ലായ്മ ക്ലെയിം വര്‍ധിച്ചതും ജൂണിലെ തൊഴില്‍ സൃഷ്ടി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതും സാമ്പത്തിക വളര്‍ച്ചയിലെ വേഗക്കുറവും പലിശ വെട്ടിക്കുറയ്ക്കലിന് അനുകൂല സാഹചര്യം (75 ശതമാനം) സൃഷ്ടിച്ചിരിക്കുതയാണെന്നാണ് പല വിദഗ്ധരും വിലയിരുത്തുന്നത്. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെയുള്ള വഴിയിലൂടെയാണ് പോകുന്നതെന്ന് ഫെഡറല്‍ റിസര്‍വ് മിനിറ്റ്സ് പറയുന്നു. എങ്കിലും പലിശ വെട്ടിക്കുറയ്ക്കലിനു തുടക്കം കുറിക്കുന്നതിനു സമയമായിട്ടില്ലെന്നാണ് ഫെഡ് ചെയര്‍മാന്റെ അഭിപ്രായം.

ബൂധനാഴ്ച വ്യാപാരസമയം പകുതിയായി കുറച്ചിരുന്നു, സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഇന്ന് വിപണിക്ക് അവധിയാണ്.

എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ഇന്നലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 49.92 പോയിന്റും സിഎസി ഫ്രാന്‍സ് 93.79 പോയിന്റും ജര്‍മന്‍ ഡാക്സ് 210.47 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 363.65 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. യുകെയില്‍ ഇന്നു തെരഞ്ഞെടുപ്പു നടക്കുകയാണ്. ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.

എന്നാല്‍ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുപ്പിലേക്ക് വീണിരിക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്. ഏഷ്യന്‍ ഫ്യൂച്ചേഴ്സും പോസീറ്റീവാണ്.

ചൊവ്വാഴ്ച 443.63 പോയിന്റും ബുധാനാഴ്ച 506.07 പോയിന്റു നേട്ടമുണ്ടാക്കിയ ജാപ്പനീസ് നിക്കി ഇന്ന് 167 പോയിന്റ് നേട്ടത്തോടെയാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 185 പോയിന്റ് മെച്ചത്തിലാണ് നിക്കി നീങ്ങുന്നത്.

കൊറിയന്‍ കോസ്പി 2 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ കോസ്പി 24 പോയിന്റ് മെച്ചത്തിലാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 91 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 9 പോയിന്റും അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 142 പോയിന്റും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 38.5 പോയിന്റും മെച്ചത്തിലാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ആദ്യ രണ്ടു ദിവസത്തെ വില്‍പ്പനയ്ക്കു വിരുദ്ധമായി വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 5483 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഇവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 3057 കോടി രൂപയായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 924 കോടി രൂപയുടെ നെറ്റ് വില്‍ക്കലുകാരായിരുന്നു. എങ്കിലും ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 3641 കോടി രൂപയുടേതാണ്.

ക്രൂഡോയില്‍ വില

്ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 83.48 ഡോളറാണ്. ഇന്നലെയത് 83.04 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നലെ രാവിലെ 86.95 ഡോളറാണ്. ഇന്നലെ രാവിലെ അത് 86.51 ഡോളറായിരുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച തുടക്കം കാണിച്ച ക്രൂഡോയില്‍ ബാരലിനു 90 ഡോളറിനു മുകളിലേക്ക് എത്തിയേക്കാമെന്ന് സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡിലെ കമോഡിറ്റി അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ജൂലൈയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 86 ഡോളറിനു മുകളില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തില്‍ സമ്പദ്ഘടന മെച്ചപ്പെടുന്നതും ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ വില ഉയര്‍ത്താന്‍ ഉത്പാദനം ഇനിയും കുറച്ചേക്കുമെന്ന വാര്‍ത്തകളുമാണ് ക്രൂഡ് വില ഉയര്‍ത്തിയത്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

ഡോളര്‍- രൂപ വിനിമയനിരക്ക് ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്നലെ ഡോളറിനെതിരേ 83.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിത് 83.48 ആയിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പത്തിന് കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News