വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 10)

ധനമന്ത്രി ആരെന്ന് കാത്ത് വിപണി

Update: 2024-06-10 02:45 GMT

നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാംതവണയും അധികാര മേറ്റു. പഴയ മന്ത്രിസഭയിലെ പ്രധാന അംഗങ്ങള്‍ ഉള്‍പ്പെടെ 71-അംഗ മന്ത്രിസഭയും രൂപീകരിച്ചിട്ടുണ്ട്. തനിച്ചു ഭൂരിപക്ഷമില്ലാതെ ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ ആദ്യമായി മോദി ആദ്യമായി നയിക്കുകയാണ്.

വിപണിയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ ഒരു വാരമാണ് കടന്നുപോയത്. ബഞ്ച്മാര്‍ക്ക് സൂചികകള്‍ ചരിത്രത്തിലെ ഏറ്റവും ഉയരം കുറിച്ച വാരമാണിത്. അതുപോലെ കുത്തനെയുള്ള ഇടിവില്‍നിന്നു ശക്തമായ തിരിച്ചുവരവും നടത്തിയ വാരം.

ഇനി വകുപ്പുകള്‍ നല്‍കുന്നതിന്റെ നാളുകളാണ്. മുഖ്യ വകുപ്പുകള്‍ എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ബിജെപി കൈവശം വയ്ക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഏതാണ്ട് സുസ്ഥിരമെന്നു തോന്നുന്ന ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച്ചത്തെ വിപണിയുടെ നേട്ടം ഈ വാരത്തിലേക്കു കൂടി പടര്‍ന്നേക്കാം. ഇന്നും ഉയരത്തിലേക്ക് നീങ്ങുമെന്നു പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. വകുപ്പു വിഭജനം പൂര്‍ത്തയാകുന്നതോടെ തെരഞ്ഞെടുപ്പും ഫലങ്ങളും കൊണ്ടുവന്ന അനിശ്ചിതത്വങ്ങളും ആവേശവും കെട്ടടങ്ങും. വിപണി യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തുകയാണ്. അതിനു മുമ്പേ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്.

വിപണി വെള്ളിയാഴ്ച

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ( എന്‍ഡിഎ) അധികാരത്തില്‍ തിരിച്ചെത്തുമെന്നു ഉറപ്പായതോടെ വെള്ളിയാഴ്ച ( ജൂണ്‍ ഏഴ്) മികച്ച ഉയര്‍ച്ചയാണ് വിപണി നേടിയത്.

ഇന്ത്യന്‍ ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഇന്നലെ രണ്ടു ശതമാനത്തിലധികം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി ഇന്നലെ 468.75 പോയിന്റ് നേട്ടത്തോടെ 23290.15 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇത് റിക്കാര്‍ഡ് ക്ലോസിംഗ് ആണ്. ഒരവസരത്തില്‍ 23320.20 പോയിന്റുവരെ എത്തിയിരുന്നു. ജൂണ്‍ മൂന്നിലെ 23338.70 പോയിന്റാണ് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. വന്യമായ വ്യതിയാനങ്ങള്‍ക്കിടയില്‍ നിഫ്റ്റി ഈ വാരത്തില്‍ തലേവാരത്തേക്കാള്‍ 769.45 പോയിന്റിന്റെ നേട്ടം കൈവരിച്ചു.

സെന്‍സെക്സ് 1618.85 പോയിന്റ് മെച്ചത്തോടെ 76693.36 പോയിന്റില്‍ ക്ലോസ് ചെയ്തു.

സെക്ടര്‍ സൂചികകളില്‍ ഐടി, ബാങ്ക്, എഫ്എംസിജി, ഓട്ടോ തുടങ്ങിയവ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നിഫ്റ്റി ഐടി 1146 പോയിന്റാണ് ഉയര്‍ന്നത്. മിക്ക ഐടി ഓഹരികളും മികച്ച നേട്ടം കൊയ്യുകയും ചെയ്തു. ആഗോള തലത്തില്‍ ടെക് കമ്പനികള്‍ക്ക് മികച്ച മുന്നേറ്റമാണ് കഴിഞ്ഞ വാരത്തിലുണ്ടായിട്ടുള്ളത്.

ബാങ്ക് നിഫ്റ്റി 511.3 പോയിന്റ് നേട്ടത്തോടെ 49803.2 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. നിഫ്റ്റി ഓട്ടോ 623 പോയിന്റും നിഫ്റ്റി എഫ്എംസിജി 580 പോയിന്റും മെച്ചപ്പെട്ടു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

എങ്ങോട്ടു നീങ്ങണമെന്നറിയാതെ അസന്നിഗ്ധാവസ്ഥയിലായ വിപണിക്ക് വ്യക്തമായ ദിശ കിട്ടിയിരിക്കുന്നു. പ്രത്യേകിച്ചും മധ്യ, ദീര്‍ഘകാലത്തില്‍. അടുത്ത ദിവസങ്ങളില്‍ പുതിയ ഉയരങ്ങള്‍ തീര്‍ക്കുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റിലാണ് ( 23290.15 പോയിന്റ്) ക്ലോസ് ചെയ്തിട്ടുള്ളത്. ഏതാനും പോയിന്റ് അകലെയുള്ള റിക്കാര്‍ഡ് ഉയര്‍ച്ചയായ 23338.7 പോയിന്റ് മറികടക്കുമോയെന്നാണ് അറിയാനുള്ളത്. തുടര്‍ച്ചയായ നാലു ദിവസങ്ങളിലായി അതിനു താഴെയാണ് നിഫ്റ്റിയുടെ പ്രതിദിന ഉയര്‍ച്ചകള്‍ നീങ്ങിയിരുന്നത്. പക്ഷേ, ഞായറാഴ്ച നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതജ്ഞ ചെയ്ത സാഹചര്യത്തില്‍ ഇന്നു പുതിയ ഉയരങ്ങളില്‍ എത്താനുള്ള സാധ്യതയേറെയാണ്.

നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റന്‍സ് 23338 പോയിന്റാണ്. അതു കടന്നുമുന്നോട്ടുപോയാന്‍ വിപണിക്ക് 23500-23600 തലത്തിലും തുടര്‍ന്ന് 23800 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്.

താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 23000 പോയിന്റിനു ചുറ്റളവില്‍ പിന്തുണ കിട്ടും. വീണ്ടു താഴയേക്ക് പോയാല്‍ 22700-22800 തലത്തില്‍ മോശമല്ലാത്ത പിന്തുണ ലഭ്യമാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡിലാണ്. ഇന്നലെയത് 59.24 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക്, ഐടി ഓഹരികള്‍ നിഫ്റ്റിക്ക് മികച്ച പിന്തുണയാണ് നല്‍കി വരുന്നത്. ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 511 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്ന് വിപണി പോസീറ്റീവ് ആണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 50000 പോയിന്റിനു ചുറ്റളവില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. മുന്നേറ്റം ശക്തമാണെങ്കില്‍ 50677 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ച 51133.2 പോയിന്റ് ആണ.്

നീക്കം താഴേയ്ക്കാണെങ്കില്‍ 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും. ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ 56.15 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 36 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ വിപണിയിലെ മുന്‍നിര സൂചികയായ ജാപ്പനീസ് നിക്കി ഫ്യൂച്ചേഴ്സ് 200 പോയിന്റോളം മെച്ചപ്പെട്ടു നില്‍ക്കുകയാണെങ്കിലും ആഗോളവിപണി ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ നേരിയ താഴ്ചയിലാണ്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്രമായിട്ടാണ് ക്ലോസ് ചെയ്തത്. ഐടി- ടെക്, ബാങ്ക് ഓഹരികളുടെ എഡിആറുകള്‍ മെച്ചപ്പെട്ടു. ഇന്‍ഫോസിസ് എഡിആര്‍ 2.68 ശതമാനവും വിപ്രോ 2.55 ശതമാനവും മെച്ചപ്പെട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക് എഡിആര്‍ 0.79 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.02 ശതമാനവും ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡ് 0.32 ശതമാനവും ഡോ റെഡ്ഡീസ് 1.44 ശതമാനവും ഉയര്‍ന്നു.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് ഇന്നലെ 16.88 ആണ്. തലേദിവസവും ഏതാണ്ട് ഇതേ നിലയില്‍ത്തന്നെയാണ്. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ ഏഴിന് 1.15 ആയി.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ്, യൂറോപ്യന്‍ വിപണികള്‍ പൊതുവേ വെള്ളിയാഴ്ച നെഗ്റ്റീവ് ആയിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് 87.18 പോയിന്റ് താഴ്ന്ന് 38799 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ശക്തമായ തൊഴില്‍ സൃഷ്ടി പലിശനിരക്ക് കുറയ്ക്കുന്നതു താമസിപ്പിച്ചേക്കുമെന്ന വിലയിരുത്തലിലാണ് യുഎസ് വിപണികള്‍ നെഗറ്റീവായി ക്ലോസ് ചെയ്തത്. കൂടുതല്‍ തൊഴിലുണ്ടായെങ്കിലും തൊഴിലില്ലായ്മ 2022-ന് ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയരത്തിലാണ്. നാലു ശതമാനത്തില്‍. ജോബ് ഡാറ്റാ പുറത്തുവന്നതിനെത്തുടര്‍ന്ന ട്രഷറി യീല്‍ 0.14 ശതമാനം വര്‍ധിച്ച് 4.44 ശതമാനത്തിലെത്തി.

നാസ്ഡാക് സൂചിക 39.99 പോയിന്റ് താഴ്ന്ന് 17133.1 പോയിന്റിലെത്തിയപ്പോള്‍ എസ് ആന്‍ഡ് പി സൂചിക 5.97 പോയിന്റ് താഴ്ന്ന് 5346.99പോയിന്റായി. എന്‍വിഡിയ ഓഹരി നേരിയ താഴ്ചയിലാണ്.

എന്നാല്‍ യൂറോപ്യന്‍ വിപണി സൂചികകള്‍ എല്ലാം വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ്ചെയ്തിട്ടുള്ളത്. എഫ്ടിഎസ് ഇ യുകെ 39.97 പോയിന്റും സിഎസി ഫ്രാന്‍സ് 38.32 പോയിന്റും ഡാക്സ് ജര്‍മനി 95.40 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 173.92 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ഏഷ്യന്‍ വിപണികള്‍

മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി 144.8 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. നിക്കി ഫ്യൂച്ചേഴ് പോസീറ്റീവാണ്. കൊറിയന്‍ കോസ്പി 22 പോയിന്റ് താഴെയാണ്. ചൈനീസ്, ഹോങ്കോംഗ് വിപണികള്‍ക്ക് ഇന്ന് അവധിയാണ്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

ജൂണ്‍ ഏഴിന് വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായപ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായി. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 4391.02 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 13718.42 കോടി രൂപയായി കുറഞ്ഞു. കാര്യമായ പ്രശ്നങ്ങളില്ലാതെ എന്‍ഡിഎ മന്ത്രിസഭ രൂപീകരിക്കുമെന്നുറപ്പായതോടെയാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ തിരിച്ചത്തുവാന്‍ താല്‍പര്യം കാണിക്കുന്നത്. മിന്നുന്ന സാമ്പത്തിക വളര്‍ച്ചാക്കണക്കുകളും അവരെ ആകര്‍ഷിക്കുന്ന്ു. എങ്കിലും ഇന്ത്യന്‍ വിപണിയുടെ ഉയര്‍ന്ന വാല്വേഷന്‍ മൂലം ബജറ്റ് വരെയെങ്കിലും വളരെ മോഡറേറ്റായിട്ടും അവര്‍ വിപണിയില്‍ പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 1289.75 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തി. ഇതോടെ ജൂണിലെ നെറ്റ് വാങ്ങല്‍ 5578.71 കോടി രൂപയിലെത്തി. തല്‍ക്കാലത്തേക്ക് വിപണിയിലെ ആവേശം അവസാനിച്ചുവെന്ന സൂചനയാണ് ഇന്ത്യന്‍ ആഭ്യന്തരനിക്ഷേപകസ്ഥാപനങ്ങളുടെ സമീപനം സൂചിപ്പിക്കുന്നത്. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

സാമ്പത്തിക വര്‍ത്തകള്‍

പടിഞ്ഞാറന്‍ കാലവര്‍ഷം പുരോഗമിക്കുകയാണ്. ഇന്നലെ മുംബൈയില്‍ എത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നായിരുന്നു മണ്‍സൂണ്‍ മുംബൈയില്‍ എത്തിയത്.

ജൂണ്‍ ഒന്നിന് ആരംഭിച്ച മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ ഒമ്പതുവരെ രാജ്യത്തൊട്ടാകെ നാലു ശതമാനം അധികം മഴ കിട്ടി. സാധാരണ 31.3 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 32.6 സെന്റീമീറ്റര്‍ മഴ കിട്ടിയിട്ടുണ്ട്.

ജൂണ്‍ 25ഓടെ രാജ്യമൊട്ടാകെ മണ്‍സൂണ്‍ എത്തുമെന്നാണ് ഐഎംഡി വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം സാധാരണപോലെ മഴ കിട്ടുമെന്നാണ് അവരുടെ പ്രവചനം. ജൂണ്‍- സെപ്റ്റംബറില്‍ ലഭിക്കേണ്ട ദീര്‍ഘകാലശരാശരി മഴ 87 സെന്റീമീറ്ററാണ്. ഈ വര്‍ഷം 106 ശതമാനം മഴ കിട്ടുമെന്നാണ് ഐഎംഡിയുടെ പ്രവചനം. മെച്ചപ്പെട്ട മഴ കാര്‍ഷികോത്പാദനം ഉയര്‍ത്തുകയും ഗ്രാമീണ മേഖലകളില്‍ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യും. പല വ്യവസായങ്ങള്‍ക്കും കാര്‍ഷികമേഖലയിലെ വളര്‍ച്ച തുണയാകും.

റിസര്‍വ് ബാങ്ക് പണനയം മാറ്റമില്ലാതെ നിലനിര്‍ത്തി. റീപോ നിരക്ക 6.5 ശതമാനമാണ്. 2024-25-ല്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നു പണനയകമ്മിറ്റി അനുമാനിക്കുന്നു. നേരത്തെ ഏഴു ശതമാനമായിരിക്കുമെന്നായിരുന്നു അനുമാനം.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്നു. ഡബ്ള്യു ടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 75.65 ഡോളറാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 79.73 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇമ്പമുള്ള സാമ്പത്തിക വാര്‍ത്തകളിലൊന്നാണ്. പണപ്പെരുപ്പം സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഇതു സഹായിക്കും.

രൂപ ഡോളറിനെതിരേ നേരിയ നേട്ടമുണ്ടാക്കി. ഇന്നു രാവിലെ ഡോളറിന് 83.50 രൂപയാണ്. തലേദിവസമിത് 83.53 രൂപയായിരുന്നു.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News