വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 07)

ആഗോള സംഭവ വികാസങ്ങള്‍ വിപണിയെ നയിക്കും

Update: 2024-10-07 02:42 GMT

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ശക്തമായ വില്‍പ്പനയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇക്കഴിഞ്ഞയാഴ്ചയില്‍ ശക്തമായ തിരുത്തലിലൂടെ കടന്നുപോയിരിക്കുകയാണ്. ഈ വാരത്തിലും അതു തുടരുമോയെന്നാണ് അറിയേണ്ടത്. സെപ്റ്റംബര്‍ 27-ലെ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് ( 26277.35 പോയിന്റ്) തുടര്‍ച്ചയായി താഴേയ്ക്കു നീങ്ങുകയാണ് മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി.തിരുത്തലിന്റെ സമയം അതിക്രമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ആഗോള, ആഭ്യന്തര സംഭവവികാസങ്ങളിലൂടെ തീരുത്തലിലേക്കു വിപണി കടന്നിരിക്കുന്നത്.

എഫ് ആന്‍ഡ് ഒ വിഭാഗത്തില്‍ സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിപണിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഇതോടൊപ്പമാണ് സമ്പദ്ഘടനയില്‍നിന്നുള്ള മോശം റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണെങ്കിലും ഇന്ത്യന്‍ വളര്‍ച്ച 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നത് അലോസരപ്പെടുത്തുന്ന സംഗതിയാണ്.

ആഗോള തലത്തില്‍ നിരവധി സംഭവവികാസങ്ങള്‍ വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, ചൈനീസ് വിപണിയിലേക്കുള്ള വിദേശനിക്ഷേപ പണമൊഴുക്ക്, ഇന്ത്യന്‍ വിപണിയിലെ എഫ്എഫ്ഐ വില്‍പ്പന, ക്രൂഡോയില്‍ വില വര്‍ധന, രൂപയുടെ ഇടിവ് തുടങ്ങിയവയെല്ലാം ഇന്ത്യന്‍ വിപണിയില്‍ നെഗറ്റീവ് സെന്റിമെന്റ് സൃഷ്ടിക്കുന്ന സംഗതികളാണ്. വിപണി മെച്ചപ്പെട്ടാല്‍പ്പോലും അതു നിലനിര്‍ത്താന്‍ കഴിയുമോയെന്ന സംശയമാണ് പല വിപണി അനലിസ്റ്റുകള്‍ക്കുമുള്ളത്. യുഎസ് പണപ്പെരുപ്പമാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്.

ഹരിയാന, ജമ്മു-കാശ്മീര്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം ബിജെക്ക് എതിരാണെങ്കില്‍ അതു ദീര്‍ഘകാലത്തില്‍ വിപണി മനോഭാവത്തെ ബാധിക്കും. ഈ വാരത്തില്‍ വിപണിക്കു ട്രിഗറാവുക റിസര്‍വ് ബാങ്ക് പണനയമാണ്. സ്റ്റാറ്റസ് കോ നിലനിര്‍ത്തിയാല്‍പ്പോലും ഭാവിയില്‍ പലിശ നിരക്കു വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ചു സൂചന നല്‍കിയാല്‍ വിപണിയില്‍ മുന്നേറ്റമുണ്ടാകും.

വെള്ളിയാഴ്ച ഓഗസ്റ്റിലെ വ്യാവസായികോത്പാദനക്കണക്കുകള്‍ പുറത്തുവരും. കാതല്‍ മേഖലയുടെ പ്രകടനം കണക്കിലെടുത്താല്‍ ഐഐപി വളര്‍ച്ച കുറയാനാണ് സാധ്യത.

ക്രൂഡോയില്‍ വില മെല്ലെ ഉയരുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതു അത്ര സുഖകരമായ വാര്‍ത്തയല്ല. കാരണം ഇന്ത്യന്‍ ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതോടൊപ്പമാണ് രൂപ ദുര്‍ബലമാകുന്നതും. ഇത് ഇറക്കുമതിച്ചെലവു കൂട്ടും. അതുവഴി പണപ്പെരുപ്പവും.

ഇന്നു വിപണിക്ക് അനുകൂലമായി നില്‍ക്കുന്ന സംഗതി യുഎസ് ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ പോസീറ്റീവായി നില്‍ക്കുന്നുവെന്നതാണ്. യുഎസിലെ മെച്ചപ്പെട്ട തൊഴില്‍ സൃഷ്ടി ആ സമ്പദ്ഘടന ശക്തമാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. യുഎസ് വളര്‍ച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ശക്തമായ തിരുത്തലിലൂടെ നീങ്ങുന്ന വിപണിയില്‍ വളരെ ജാഗ്രത വേണ്ട സമയമാണിത്. ഇന്ത്യ വിക്സ് 15-ന് അടുത്തേക്കു നീങ്ങിയതുതന്നെ വിപണിയിലെ ആശങ്കയുടേയും അനിശ്ചിതത്വത്തിന്റേയും സൂചനയാണ്. കുത്തനെയുള്ള ഉയര്‍ച്ചയില്‍ വില്‍പ്പനയും താഴ്ചയില്‍ വാങ്ങലും നടത്തുകയാണ് നിക്ഷേപകര്‍ക്കു ചെയ്യാനുള്ളത്.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണി താഴ്ന്നു ക്ലോസ് ചെയ്യുന്നത്. പ്രധാനമായും പശ്ചിമേഷ്യയിലെ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതിനൊപ്പം രൂപ ദൂര്‍ബലമാകുന്നതും വിപണി മനോഭാവത്തെ ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ബാങ്കിംഗ്, ഓട്ടോ, എഫ്എംസിജി ഓഹരികളില്‍ ഇന്നലെ വന്‍ വില്‍പ്പനയാണ് അനുഭവപ്പെട്ടത്.

ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി വെള്ളിയാഴ്ച 235.5 പോയിന്റ് (0.93 ശതമാനം) ഇടിഞ്ഞ് 25014.6 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റായ സെപ്റ്റംബര്‍ 27-ലെ 26277.35 പോയിന്റില്‍നിന്ന് 1200 പോയിന്റോളം ഒരാഴ്ചകൊണ്ട് ഇടിഞ്ഞിരിക്കുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 808.65 പോയിന്റ് (0.98 ശതമാനം) താഴ്ന്ന് 81688.45 പോയിന്റില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 86000 പോയിന്റിന് കൈപ്പാടരികില്‍നിന്ന് 3900-ത്തോളം പോയിന്റ് താഴ്ന്നിരിക്കുകയാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വ്യാപാരദിനങ്ങള്‍ നാലു ദിവസമായി ചുരുങ്ങിയ ഈ വാരത്തില്‍ നിഫ്റ്റിയില്‍ നല്ലൊരു തിരുത്തല്‍ സംഭവിച്ചിരിക്കുകയാണ്. ഇതു വളരെ അനിവാര്യമായിരുന്നു എന്നതില്‍ സംശയമില്ല.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25230 പോയിന്റിലും തുടര്‍ന്ന് 25400 പോയിന്റിലും 25500 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 25640-25740 തലമാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24700-24800 തലത്തില്‍ ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 24480 പോയിന്റിലും തുടര്‍ന്ന് 24200 പോയിന്റിലും പിന്തുണയുണ്ട്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 40.63 ആണ്. ന്യൂട്രല്‍ സോണിലെത്തിയിരിക്കുകയാണ് നിഫ്റ്റി. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: റിക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്നു തുടര്‍ച്ചയായ അഞ്ചാംദിവസവും ബാങ്ക് നിഫ്റ്റി താഴ്ന്നിരിക്കുകയാണ്. വെള്ളിയാഴ്ച 383.15 പോയിന്റ് (0.74 ശതമാനം) താഴ്ന്ന് 51462.05 പോയിന്റിലേക്ക് എത്തി. അഞ്ചു ദിവസംകൊണ്ട് ബാങ്ക് നിഫ്റ്റിയില്‍ ഏതാണ്ട് മൂവായിരത്തോളം പോയിന്റിന്റെ ഇടിവാണുണ്ടായത്. നല്ലൊരു തിരുത്തല്‍ ഉണ്ടായിരിക്കുന്നു എന്നു പറയാം.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52360 പോയിന്റിലും തുടര്‍ന്ന് 52590 പോയിന്റിലും 53255 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്. അടുത്ത റെസിസ്റ്റന്‍സുകള്‍ 53370 പോയിന്റിലും 53720-53820 തലത്തിലുംം റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51340 പോയിന്റിലും തുടര്‍ന്ന് 50940 പോയിന്റിലും 50340- 50440 തലത്തിലും പിന്തുണയുണ്ട്. അതിനു താഴേയ്ക്കു നീങ്ങിയാല്‍ 50100 പോയിന്റില്‍ പിന്തുണ ലഭിച്ചേക്കും.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 40.85 ആണ്. ബാങ്ക് നിഫ്റ്റി ന്യൂട്രല്‍ സോണിലേക്ക് താഴ്ന്നിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 19.5 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. പൊതുമനോഭാവം നെഗറ്റീവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് വെള്ളിയാഴ്ചയും കുതിച്ചുയര്‍ന്നു. ഇന്നലെ 7.27 ശതമാനമുയര്‍ന്ന് 14.13-ലെത്തി. വ്യാഴാഴ്ചയിത് 13.17 ആയിരുന്നു. വ്യാഴാഴ്ച 10 ശതമാനത്തോളം വിക്സ് ഉയര്‍ന്നിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 0.69 ആയി. കഴിഞ്ഞ മാര്‍ച്ച് 13-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോയിന്റാണിത്. വ്യാഴാഴ്ച ഇത് 0.88 ആയിരുന്നു. വിപണി ഏതാണ്ട് ബെയറീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകളില്‍ നല്ലൊരു പങ്കും വെള്ളിയാഴ്ച മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.7 ശതമാനവും വിപ്രോ 0.94 ശതമാനവും ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക് 0.38 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 1.29 ശതമാനവും മേക്ക് മൈ ട്രിപ് 9.97 ശതമാനവും ഉയര്‍ന്നു. അതേസമയം ഡോ. റെഡ്ഡീസ് 01.63 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 2.37 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.66 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണി സൂചികകള്‍

യുഎസ് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന വിലയിരുത്തല്‍ വെള്ളിയാഴ്ച യുഎസ് വിപണിയില്‍ ഉത്സാഹം പകര്‍ന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ സൃഷ്ടിയാണ് (254000 തൊഴില്‍ കൂട്ടിച്ചേര്‍ത്തു) യുഎസിലുണ്ടായത്. തൊഴിലില്ലായ് മ 4.2 ശതമാനത്തില്‍നിന്ന് 4.1 ശതമാനമായി കുറയുകുയും ചെയ്തു. ഇതോടൊപ്പമാണ് പണപ്പെരുപ്പം കുറയുന്നത്. തീര്‍ച്ചയായും തൊഴില്‍ റിസ്‌ക് കുറയ്ക്കുന്നതിനായി യുഎസ് ഫെഡ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് വെള്ളിയാഴ്ച തുണയായാത്. പണപ്പെരുപ്പ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ തൊഴില്‍സൃഷ്ടി റിസ്‌കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നു ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 0.5 ശതമാനം പലിശ വെട്ടിക്കുറിച്ചതിനുശേഷം വരുന്ന ആദ്യത്തെ തൊഴില്‍ റിപ്പോര്‍ട്ടാണിത്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതും എണ്ണവില ഉയരുന്നതും വിപണി അവഗണിച്ചു.

ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് വെള്ളിയാഴ്ച 341.16 പോയിന്റ് (0.81 ശതമാനം) മെച്ചത്തോടെ 42352.75 പോയിന്റില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റാണ് റിക്കാര്‍ഡ് ഉയര്‍ച്ച.

ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് 219.38 പോയിന്റും (1.22 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 51.13 പോയിന്റും (0.90 ശതമാനം) മെച്ചപ്പെട്ടാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 1.89 പോയിന്റു (0.02 ശതമാനം) താഴ്ന്നു. എന്നാല്‍ സിഎസി ഫ്രാന്‍സ് 63.58 പോയിന്റും (0.85 ശതമാനം) ജര്‍മന്‍ ഡാക്‌സ് 105.52 പോയിന്റ്ും (0.55 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 424.09 പോയിന്റും (1.28 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ജപ്പാന്റെ സാമ്പദ്ഘടന പതിയെ തിരിച്ചുവരുന്നതും യെന്‍ നേരിയ തോതില്‍ ദുര്‍ബലമായതും നിക്കി സൂചികയ്ക്ക് തുണയായി. മാനുഫാക്ചറിംഗും പ്രവര്‍ത്തനങ്ങളും ചെലവഴിക്കലും വര്‍ധിക്കുന്നതും മെച്ചപ്പെട്ട കമ്പനി ഫലങ്ങളും വിപണിക്കു തുണയായി. ഇതോടൊപ്പം ആഗോള വിപണികള്‍ മെച്ചപ്പെട്ടതും നിക്കി ഉത്സാഹത്തോടെ ഉള്‍ക്കൊണ്ടിരിക്കുകയാണ്. നിക്കി വെള്ളിയാഴ്ച 83.56 പോയിന്റ് (0.22 ശതമാനം) മെച്ചത്തോടെ 38635.62 പോയിന്റിലെത്തി. തലേദിവസം 743 പോയിന്റ് മെച്ചപ്പെട്ടിരുന്നു. ഇന്നു രാവിലെ അറുനൂറു പോയിന്റോളം മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ 801 പോയിന്റ് മെച്ചത്തിലാണ്.

കൊറിയന്‍ കോസ്പി 18.7 പോയിന്റും സിംഗപ്പൂര്‍ ഹാംഗ്സെഗ് സൂചിക 211.84 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഒക്ടോബറിലെ മൂന്നു വ്യാപാരദിനങ്ങളിലും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. വെള്ളിയാഴ്ച അവരുടെ നെറ്റ് വില്‍പ്പന 9896.95 കോടി രൂപയാണ്. ഇന്നലെ 14524.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 24421.74 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകകയും ചെയ്തു. ഇതോടെ ഒക്ടോബറിലെ അവരുടെ നെറ്റ് വില്‍ക്കല്‍ 30719.57 കോടിരൂപയായി. സെപ്റ്റംബറില്‍ അവര്‍ 15106.01 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.

ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഒക്ടോബറില്‍ 271452 കോടി രൂപ ഓഹരികളില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് 20286.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11381.45 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 8905.08 കോടി രൂപ. ഒക്ടോബറിലെ നെറ്റ് വാങ്ങല്‍ ഇതോടെ 26428.59 കോടി രൂപയിലെത്തി.

സാമ്പത്തിക വാര്‍ത്തകള്‍

വിദേശനാണ്യ കരുതല്‍ ശേഖരം: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ആദ്യമായി 70000 കോടി ഡോളറിനു മുകളിലെത്തി. റിക്കാര്‍ഡാണിത്. സെപ്റ്റംബര്‍ 27-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 1258 കോടി ഡോളര്‍ വര്‍ധിച്ച് 70489 കോടി ഡോളറായി. എഴുപതിനായിരം കോടി ഡോളറിനു മുകളില്‍ വിദേശനാണ്യശേഖരമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ചൈന (328820 കോടി ഡോളര്‍), ജപ്പാന്‍( 108260 കോടി ഡോളര്‍), സ്വിറ്റ്സര്‍ലാന്‍ഡ് ( 80200 കോടി ഡോളര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ള രാജ്യങ്ങള്‍.

കമ്പനി വാര്‍ത്തകള്‍

ടിസിഎസ് : ടിസിഎസിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫലം ഒക്ടോബര്‍ 10-ന് പ്രസിദ്ധീകരിക്കും. ബോര്‍ഡ് യോഗത്തില്‍ ഇടക്കാല ലാഭവീതവും പ്രഖ്യാപിക്കും. ഇതോടെ ഐടി മേഖലയില്‍നിന്നുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ക്കു തുടക്കമാകും. ടാറ്റ എല്‍ക്സിയും പത്തിന് ഫലം പുറത്തുവിടും. ഇന്‍ഫോസിസിന്റെ ഫലം പതിനേഴിനും എംഫസിസ് 16-നും കൊഫൊര്‍ജ്, സെന്‍സാര്‍ ടെക്, പെര്‍സിസ്റ്റന്റ് എന്നീ കമ്പനികള്‍ 22-നും ഫലം പുറത്തുവിടും. രണ്ടാം ക്വാര്‍ട്ടറില്‍ ഐടി കമ്പനികള്‍ പൊതുവേ നല്ല ഫലമാണ് കാഴ്ച വയ്ക്കാറ്.

ലിസ്റ്റിംഗ്: എച്ച് വിഎ എക്സ് ടെക്നോളജീസ്, സാജ് ഹോട്ടല്‍സ് എന്നീ കമ്പനികള്‍ ലിസ്റ്റ് ചെയ്യും. ജിയോ ജിത് ഫിനാന്‍ഷ്യല്‍സ് സര്‍വീസസ് റൈറ്റ്സ് ഇന്ന് എക്സ് ഡേറ്റ് ആകും.

ക്രൂഡോയില്‍ വില

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോഴും ക്രൂഡോയില്‍ വില കുതിച്ചുയരുന്നില്ല. കഴിഞ്ഞ വാരത്തില്‍ വില എട്ടു ശതമാനത്തോളം ഉയര്‍ന്നുവെങ്കിലും കയറ്റത്തിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. അടുത്ത വര്‍ഷം ഇഷ്ടം പോലെ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന വിലയിരുത്തലാണ് പല അനലിസ്റ്റുകള്‍ക്കുമുള്ളത്. വില ഉയരാത്തതിനു കാരണവും അതുതന്നെയാണ്. പശ്ചിമേഷ്യല്‍ സംഘര്‍ഷം ഒരു പരിധിക്കപ്പുറത്തേക്കു പോകുവാന്‍ സാധ്യതയില്ലെന്നും വിലയിരുത്തുന്നു. തല്‍ക്കാലം വില അല്‍പ്പം കൂടി ഉയര്‍ന്നാലും ഭാവിയില്‍ അമിത ലഭ്യതയാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 77.63 ഡോളറാണ്. ശനിയാഴ്ച രാവിലെ 78.05 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 74.04 ഡോളറുമാണ്. തിങ്കളാഴ്ചയിത് 74.38 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച

വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ക്രൂഡോയില്‍ വില വര്‍ധനയും രൂപയില്‍ ഇടിവുണ്ടാക്കി. വെള്ളിയാഴ്ച ഡോളറിന് 83.97 രൂപയായി താഴ്ന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലും കയറ്റുമതിക്കാരുടെ ഡോളര്‍ വില്‍പ്പനയും 84-ലേക്കു താഴാതെ രൂപയെ പിടിച്ചു നിര്‍ത്തി. വ്യാഴാഴ്ച ഡോളറിന് 83.96 രൂപയായിരുന്നു വില. മറ്റ് കറന്‍സികള്‍ക്കെതിരേ ഡോളര്‍ ഇന്‍ഡെക്സ് ശക്തമായതും രൂപയ്ക്ക് എതിരായി. വിദേശനിക്ഷേപക സ്ഥാപനങ്ങളും എഫ്പിഐകളും എണ്ണക്കമ്പനികളും ഡോളര്‍ വാങ്ങലുകാരായിരുന്നു വെള്ളിയാഴ്ച.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News