വിപണി തുറക്കും മുമ്പ് ഇന്നറിയാന്‍; ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ദിശ നല്‍കും

  • ഈ വാരത്തില്‍ ഇന്ത്യന്‍ വിപണിയെ പ്രധാനമായും നയിക്കുന്നത് കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ്.
  • ഈ വാരത്തില്‍ നിഫ്റ്റി സൂചികയുടെ നീക്കം 19300-19850 റേഞ്ചില്‍ നീങ്ങിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Update: 2023-10-23 02:50 GMT

ദസ്റ പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഈയാഴ്ച നാലു ദിവസമേ തുറക്കുകയുള്ളു.ഒക്ടോബര്‍ 24-ന് അവധിയാണ്. മാത്രവുമല്ല, ഒക്ടോബര്‍ ഡെറിവേറ്റീവ് വ്യാപാരം സെറ്റില്‍മെന്റ് വ്യാഴാഴ്ചയാണ്. നിരവധി കമ്പനികള്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫലവുമായി എത്തുകയാണ്. ആഗോള വിപണിയിലെ പ്രവണതകളും ക്രൂഡോയില്‍ വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉത്സാഹമില്ലാത്ത വാരമായിരിക്കുമിത്.

ചുരക്കത്തില്‍ സൈഡ് വേസായി വിപണി നീങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്. പ്രമുഖ കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍ വന്യമായ വ്യതിയാനങ്ങളിലേക്കും നയിച്ചേക്കാം. ഈ വാരത്തില്‍ നിഫ്റ്റി സൂചികയുടെ നീക്കം 19300-19850 റേഞ്ചില്‍ നീങ്ങിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നു വിപണി തുറക്കുമ്പോള്‍

ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയിലെ നിഫ്റ്റിയുടെ നേട്ടം കളഞ്ഞുകുളിക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്. നിഫ്റ്റി സൂചിക 82 പോയിന്റ് താഴ്ന്ന് 19542.7 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തിളക്കം കുറഞ്ഞ എഫ്എംസിജി കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും യുഎസ് പലിശ നിരക്ക് വര്‍ധന, ക്രൂഡോയില്‍ വില വര്‍ധന തുടങ്ങിയവ സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ വില്‍പ്പനയിലേക്കു നയിച്ചത്.

ഇന്ത്യന്‍ ബ്ലൂചിപ് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ശക്തമായ സപ്പോര്‍ട്ട് സോണില്‍ എത്തി നില്‍ക്കുകയാണ്. നിഫ്റ്റിക്ക് 19500- 19480 സോണില്‍ മികച്ച പിന്തുണയാണുള്ളത്. ഈ മാസം തന്നെ രണ്ടു തവണ നിഫ്റ്റി ഈ തലത്തില്‍ എത്തിയിരുന്നു. ഈ പിന്തുണയ്ക്കു താഴേയ്ക്കു നീങ്ങിയില്‍ കുത്തനെയുള്ള ഇടിവ് നിഫ്റ്റിയില്‍ പ്രതീക്ഷിക്കാം. ഒരു പക്ഷേ 19200 പോയിന്റ് വരെ എത്താം. 19300- 19280 സോണില്‍ നിഫ്റ്റിക്ക് പിന്തുണയുണ്ട്.

ഇപ്പോഴത്തെ നിലയില്‍നിന്ന് ഉയര്‍ച്ച കാണിച്ചാല്‍ നിഫ്റ്റിയുടെ അ തൊട്ടടുത്ത റെസിസ്റ്റന്‍സ് 19640-19660 പോയിന്റുകളാണ്. ദുര്‍ബലമായ ഈ റെസിസ്റ്റന്‍സുകള്‍ മറികടന്നാല്‍ 19850-ല്‍ ശക്തമായ റെസിസ്റ്റന്‍സാണ് നിലനില്‍ക്കുന്നത്.

ബാങ്ക് നിഫ്റ്റി സൂചിക

ബാങ്ക് നിഫ്റ്റി സൂചികയുടെ വ്യാപാരം വെള്ളിയാഴ്ച റേഞ്ച് ബൗണ്ട് ആയിട്ടാണ് നീങ്ങിയത്. ബാങ്ക് നിഫ്റ്റി 43723 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേദിവസത്തേക്കാള്‍ വെറും 31 പോയിന്റോളം കുറഞ്ഞ്.

കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലും സൂചിക 43700-43800 സോണിന് സമീപം നീങ്ങുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സൂചികയ്ക്ക് 43400 പോയിന്റിന് ചുറ്റളവില്‍ ശ്കതമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു പോയാല്‍ 43000-നു താഴേയ്ക്കു പോകാനുള്ള സാധ്യത വര്‍ധിക്കും. ബാങ്ക് നിഫ്റ്റി സൂചികയ്ക്ക് പ്രതിവാര പരിധി 42600-44800 റേഞ്ചില്‍ നീങ്ങാനുള്ള പ്രവണതയാണ് കാണിക്കുന്നത്്. എങ്കിലും നിഫ്റ്റിയിലെ ബാങ്ക് ഓഹരികളുടെ മെച്ചപ്പെട്ട ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ബാങ്ക് നിഫ്റ്റിക്ക് കരുത്താകുമെന്നു പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 50 ഓഹരികളായ ഐസിഐസിഐയും കൊട്ടക് ബാങ്കും ഒക്ടോബര്‍ 21-ന് ഫലങ്ങള്‍ പുറത്തുവിട്ടു. രണ്ടു ബാങ്കുകളും വിപണി അനുമാനത്തേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ഇത് ഇവയുടെ വിലയില്‍ പ്രതിഫലിക്കും. ബാങ്ക് നിഫ്റ്റി സൂചികയ്ക്ക് ഇത് കരുത്തു പകരും. ഈ രണ്ടു ബാങ്കിനും കൂടി നിഫ്റ്റി ബാങ്ക് സൂചികയില്‍ 33 ശതമാനം വെയിറ്റേജ് ഉണ്ട്. നേരത്തെ ഫലം പുറത്തുവിട്ട എച്ച് ഡിഎഫ്സി ബാങ്കിന്റെ എഡിആര്‍ വെള്ളിയാഴ്ച പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇതും തിങ്കളാഴ്ച ബാങ്ക് നിഫ്റ്റിയില്‍ പ്രതിഫലിക്കും.

യുഎസും യൂറോപ്പും

വെള്ളിയാഴ്ച യുഎസ് ഓഹരി വിപണി സൂചികകളായ ഡൗ ജോണ്‍സും നാസ്ഡാക്കും എസ് ആന്‍ഡ് പി 500-മൊക്കെ ഇടിഞ്ഞാണ് ക്ലോസ് ചെയ്തതെങ്കിലും ഫ്യൂച്ചേഴ്സ് പോസിറ്റീവായിട്ടാണ് നിങ്ങുന്നത്. ഗാസയിലേക്ക് ഈജിപ്റ്റിലെ റാഫാ ക്രോസിംഗ് വഴി മരുന്നും അത്യാവശ്യ സാധനങ്ങളും എത്തിക്കുവാന്‍ കഴിഞ്ഞത് വിപണികള്‍ പോസിറ്റീവായിട്ടാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്രൂഡോയില്‍ വില കുത്തനെ ഉയരുമെന്ന് പ്രതീക്ഷയുമില്ല. ഇതെല്ലാം യുഎസ് വിപണി ഫ്യൂച്ചറുകള്‍ പോസിറ്റീവായി നീങ്ങുവാന്‍ പ്രേരണയായി.

യൂറോപ്യന്‍ സൂചികകളായ എഫ്ടിഎസ്ഇ യുകെ, സിഎസി ഫ്രാന്‍സ്, ഡാക്സ് 40 ജര്‍മനി,എഫ്ടിഎസ്ഇ എംഐബി ഇറ്റലി തുടങ്ങിയവയെല്ലാം വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇവയുടെ ഫ്യൂച്ചേഴ്സ് എല്ലാം പോസിറ്റീവ് ആയിട്ടാണ് ഇപ്പോള്‍ നീങ്ങുന്നത്.

ഇന്നു രാവിലെ (ഒക്ടോബര്‍ 23) ജാപ്പനീസ് നിക്കി 116 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളതെങ്കിലും നിഫ്റ്റി ഫ്യൂച്ചേഴ്സും ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്സും പോസിറ്റീവായാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നിഫ്റ്റി സൂചിക താഴ്ന്ന് ആരംഭിച്ചാല്‍ പോലും മെച്ചപ്പെടുമെന്ന സൂചനയാണ് ഫ്യൂച്ചര്‍ വിപണികള്‍ നല്‍കുന്നത്.

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളും വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും നിക്ഷേപകര്‍ നിരീക്ഷിക്കുകയാണ്. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഒക്ടോബറില്‍ ഇതുവരെ 12000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 20-ന് വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 456 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 8.53 കോടി രൂപയുടേതാണ്.

എന്നാല്‍ ഈ വാരത്തില്‍ ഇന്ത്യന്‍ വിപണിയെ പ്രധാനമായും നയിക്കുന്നത് കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ്.

ഈ വാരത്തില്‍ ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കാനറ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, പിഎന്‍ബി, ബിപിസിഎല്‍ തുടങ്ങി നിരവധി പ്രമുഖ കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവരും.

ഈ ആഴ്ചയില്‍, നൂറുകണക്കിന് മിഡ്, സ്‌മോള്‍ കാപ് കമ്പനികളുടെ ഫലങ്ങും പുറത്തുവരാനുണ്ട്. പതിനൊന്നു നിഫ്റ്റി കമ്പനികളുടെ ഫലവും ഈ വാരത്തിലത്തും.

ഫലം പുറത്തുവിടുന്ന നിഫ്റ്റി50 ഓഹരികള്‍

ഒക്ടോബര്‍ 25 : ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്

ഒക്ടോബര്‍ 27 : ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, ബിപിസിഎല്‍, സിപ്ല, ഡോ റെഡ്ഡീസ്, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്

ഒക്ടോബര്‍ 28 : എന്‍.ടി.പി.സി


ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല


Tags:    

Similar News