വിപണി തുറക്കും മുമ്പ് അറിയേണ്ടത് (മേയ് 28 )

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ പോസീറ്റീവ് ആയാണ് ഓപ്പണ്‍ ചെയതത്

Update: 2024-05-28 02:22 GMT

അവസാനഘട്ട തെരഞ്ഞെടുപ്പും എക്‌സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ത്ഥ തെരഞ്ഞെടുപ്പു ഫലങ്ങളും അടുത്തെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിനും ശക്തി കൂടി. കഴിഞ്ഞ വാരത്തില്‍ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈ വാരത്തില്‍ ദിശ കണ്ടെത്താനാകാതെ ചഞ്ചലിപ്പിലാണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ഇന്നലെ (മേയ് 27) റിക്കാര്‍ഡ് ഉയരത്തില്‍ (23110.8 പോയിന്റ്) എത്തിയശേഷം 23000 പോയിന്റിനു താഴെ ക്ലോസ് ചെയ്തു. തലേദിവസത്തെ 22957.10 പോയിന്റിനേക്കാള്‍ 24.65 പോയിന്റ് കുറഞ്ഞ 22932.45 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ഇന്നലെ രാവിലെ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത നിഫ്റ്റിആദ്യമണിക്കൂറില്‍ 100 പോയിന്റോളം നഷ്ടപ്പെടുത്തി. തുടര്‍ന്ന് 162 പോയിന്റോളം ഉയരുകയും അവാസാന മണിക്കൂറുകളില്‍ 220 പോയിന്റോളം താഴ്ന്നതിനുശേഷം മെച്ചപ്പെട്ടു ക്ലോസ് ചെയ്യുകയുമായിരുന്നു. ഇന്നലെ 240 പോയിന്റോളം വ്യതിയാനത്തിലൂടെയാണ് വിപണി നീങ്ങിയത്.

നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗായ 22967.65 പോയിന്റിനേക്കാള്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് താഴ്ന്നു ക്ലോസ് ചെയ്യുന്നത്. നിഫറ്റ് ഇന്നലെ പുതിയ ദിവസ ഉയരം കുറിച്ചതിനൊപ്പം മേയ് 27-ലെ ദിവസ താഴ്ചയേക്കാള്‍ കുറഞ്ഞ പോയിന്റിലേക്ക് താഴുകയും ചെയ്തിരിക്കുകയാണ്. പതിനൊന്നു ദിവസങ്ങള്‍ക്കുശേഷമാണ് ഇതു സംഭവിക്കുന്ത്. വിപണിയിലെ അസന്നിഗ്ധാവസ്ഥയെ ആണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

സെ്ന്‍സെക്‌സ് തലേദിവസത്തേക്കാള്‍ നേരിയ തോതില്‍ കുറഞ്ഞ് 75390.5 പോയിന്റില്‍ ക്ലോസ് ചെയ്തു. കുറവ് 19.89 പോയിന്റ്. പൊതുവായി ഓഹരി വിലകള്‍ കുറഞ്ഞുവെങ്കിലും ബാങ്കിംഗ് ധനകാര്യം, ഐടി മേഖലകളിലെ ഓഹരികളാണ് വിപണിയെ കൂടുതല്‍ താഴാതെ പിടിച്ചു നിര്‍ത്തിയത്. ബാങ്കിംഗ് നിഫ്റ്റി 310 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ നിഫ്റ്റി ഐടി 171 പോയിന്റോളം ഉയര്‍ന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

അവസാനഘട്ട തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു ഫല പ്രഖ്യാപന തീയതിയും അടുത്തുവരുന്നതോടെ വിപണിയിലെ ചാഞ്ചാട്ടവും വര്‍ധിച്ചു.

 വെള്ളിയാഴ്ച സൈഡ് വേസ് ആയി നീങ്ങിയ നിഫ്റ്റിയുടെ ഇന്നലെത്തെ പ്രതിദിന വ്യതിയാനം 240 പോയിന്റോളമാണ്. ബെയറീഷ് ഭാവത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ വിപണിക്ക് 22750-22800 പോയിന്റ് തലത്തിലേക്ക് നീങ്ങുവാനാണ് സാധ്യത. ഇവിടെ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 22450-22500 പോയിന്റിലേക്ക് വിപണി വീഴും.

കഴിഞ്ഞ ദിവസം സൂചിപ്പിച്ചതുപോലെ 23150 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി മാറുകയാണ്. തുടര്‍ന്ന് 23500 പോയിന്റിലും 23700-23800 പോയിന്റ് തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

തല്‍ക്കാലം 23000 പോയിന്റിനു ചുറ്റളവില്‍ കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ് വിപണി. എന്നാല്‍ ഈ തലത്തില്‍ കരടികള്‍ സജീവമാകുന്നതാണ് ദൃശ്യമാകുന്നത്. ഇതിനെ മറികടക്കണമെങ്കില്‍ ശക്തമായ അനുകൂല സംഭവങ്ങള്‍ ഉണ്ടാവണം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. ഇന്നലെ ആര്‍എസ്‌ഐ 66.63 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് വിപണിയുടെ മനോഭാവം.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: റിസര്‍വ് ബാങ്ക് 2.11 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഖജനാവിലേക്ക് ലാഭവീതമായി നല്‍കുമെന്ന വാര്‍ത്ത, ബാങ്കിംഗ്, ധനകാര്യമേഖലയ്ക്കു നല്‍കിയ ഉത്സാഹത്തിന് ഇനിയും അവസാനമായിട്ടില്ല. ഇന്നലെ 310 പോയിന്റ് മെച്ചത്തോടെയാണ് ബാങ്കിംഗ് നിഫ്റ്റി ക്ലോസ് ചെയ്തത്.

ഇപ്പോഴത്തെ മൊമന്റം തുടര്‍ന്നാല്‍ ഇന്ന് 50000 പോയിന്റിലേക്ക് ബാങ്ക് നിഫ്റ്റി ഉയരുന്നതു കാണാം. ഇന്നലെ സൃഷ്ടിച്ച 49688 പോയിന്റാണ് റെസിസ്റ്റന്‍സായുള്ളത്. ഏപ്രില്‍ 30-ന് എത്തിയ 49974.75 പോയിന്റ്ാണ് ബാങ്ക് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 49424.05 പോയിന്റും. മൂന്നു ദിവസമായി പുതിയ പ്രതിദിന ഉയരങ്ങളും മെച്ചപ്പെട്ട താഴ്ചകളും സൃഷ്ടിച്ചിരിക്കുകയാണ്.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 49000 പോയിന്റിലും തടുര്‍ന്ന് 48600-48700 തലത്തിലും പിന്തുണ കിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ ബുള്ളീഷ് മോഡിലാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ പോസീറ്റീവ് ആയാണ് ഓപ്പണ്‍ ചെയതത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നെഗറ്റീവ് സോണിലേയ്ക്കു വീണിരിക്കുകയാണ്. ഇന്ത്യന്‍ വിപണി കാര്യമായ വ്യത്യാസമില്ലാതെയോ താഴ്ചയിലോ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് ഉയരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം എത്തുന്ന ദിവസം അടുക്കുന്നതോടെ വിപണിയിലെ ചാഞ്ചാട്ടത്തിനു ശക്തികൂടുമെന്നാണ് വിലയിരുത്തല്‍ മേയ് 28-ന് -ന് 23.19 ആണ്. ഇന്നലെ ഒരവസരത്തില്‍ 26.2 വരെ എത്തിയിരുന്നു. തലേ വ്യാപാരദിനത്തിലിത് 21.71 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. കഴിഞ്ഞ വാരത്തില്‍ ഇന്ത്യ വിക്‌സ് റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 27-ന് 1.02ലേക്ക് താഴ്ന്നു. മേയ് 24-നിത് 1.14 ആയിരുന്നു. വിപണി ഇപ്പോഴും ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

മെമ്മോറിയല്‍ ഡേ പ്രമാണിച്ച് ഡൗ ജോണ്‍സ് ഉള്‍പ്പെടെ എല്ലാ വിപണികള്‍ക്കും മേയ് 27-ന് അവധിയായിരുന്നു. ഇനി ചൊവ്വാഴ്ചയാണ് വിപണി തുറക്കുക. ഡൗ ഫ്യൂച്ചേഴ്‌സ് 29 പോയിന്റും നാസ്ഡാക് ഫ്യൂച്ചേഴ്‌സ് 42.8 പോയിന്റും എ്‌സ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് 7.2 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്.

എന്‍വിഡിയയുടെ പിന്‍ബലത്തില്‍ ടെക് മേഖലയിലുള്ള മുന്‍നിര ഓഹരികള്‍ ശക്തമായ നിലയില്‍ത്തന്നെയാണ്.

യൂറോപ്യന്‍ വിപണികളില്‍ പലതും ഇന്നലെ മെ്ച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ് ഇ യുകെ 21.6 പോയിന്റ് താഴ്ന്നപ്പോള്‍ സിഎസി ഫ്രാന്‍സ് 38 പോയിന്റും ഡാക്‌സ് ജര്‍മനി 40 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 271 പോയിന്റും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സും നേരിയ തോതില്‍ കുറഞ്ഞു നില്‍ക്കുകയാണ്.

ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ ജാപ്പനീസ് നിക്കി 52 പോയിന്റ് താഴ്ന്നു നില്‍ക്കുമ്പോള്‍ കൊറിയന്‍ കോസ്പി നേരിയ മെച്ചത്തിലാണ്. നിക്കി ഫ്യൂച്ചേഴ്‌സും താഴന്നാണ് നില്‍ക്കുന്നത്.

ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് കാര്യമായ വ്യത്യാസമില്ലാതെ തുടരുമ്പോള്‍ ഹോങ്കോംഗ് ഹാംഗ്‌സെംഗ് 81 പോയിന്റു മെച്ചത്തില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയുടെ ആക്കം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മേയ് 27-ലെ നെറ്റ് വില്‍പ്പന വെറും 541.22 കോടി രൂപയിെലൊതുങ്ങി. തലേ ദിവസമിത് 944 കോടി രൂപയായിരുന്നു.

മേയ് 27 വരെ ഈ മാസത്തില്‍ അവരുടെ നെറ്റ് വില്‍പ്പന 35001.1 കോടി രൂപയുടേതാണ്. ഇന്നലെ അവര്‍ വില്‍പ്പന വഴി നിക്ഷേപശേഖരത്തില്‍ നല്ല തോതില്‍ അഴിച്ചു പണി നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ അവര്‍ ഇതേ രീതിയില്‍ തുടരാനാണ് സാധ്യത.

അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 922.6 കോടി രൂപയുടെ നെറ്റ് വാങ്ങല്‍നടത്തി. ഇതോടെ അവരുടെ ഈ മാസത്തെ നെറ്റഅ വാങ്ങല്‍ 41720.5 കോടി രൂപയായി. അവരും നലാം ക്വാര്‍ട്ടര്‍ ഫലങ്ങളുടേയും തെരഞ്ഞെടുപ്പു ഫല പ്രതീക്ഷയുടേയും അടിസ്ഥാനത്തില്‍ നിക്ഷേപശേഖരം അഴിച്ചു പണിയുന്നുണ്ട്.

സാമ്പത്തിക വാര്‍ത്തകള്‍

നടപ്പു മണ്‍സൂണ്‍ സീസണില്‍ ( ജൂലൈ- സെപ്റ്റംബര്‍) സാധാരണയേക്കാള്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ് ( ഐഎംഡി) ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനത്തില്‍ വ്യക്തമാക്കി. ഏപ്രിലിലെ പ്രവചനത്തിലും സാധാരണയേക്കാള്‍ മെച്ചപ്പെട്ട മഴയാണ് പ്രവചിച്ചിരുന്നത്. ഈ വര്‍ഷം 106 ശതമാനം മഴ ലഭിക്കുമെന്നാണ് ഐഎംഡി പ്രവചനം.

ജൂണ്‍ ഏഴിന് റിസര്‍വ് ബാങ്കിന്റെ ജൂണിലെ പണനയമെത്തും. നടപ്പുവര്‍ഷത്തെ ആദ്യത്തെ എംപിസി ( മോണിട്ടറി പോളിസി കമ്മിറ്റി) മീറ്റിംഗാണിത്. പലിശനിരക്കില്‍ മാറ്റം വരുത്താനിടയില്ലെന്നാണ് വിലിയരുത്തല്‍. ഏപ്രിലിെ പണനയത്തിലും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. തുടര്‍ച്ചയായ ആറാമത്തെ തവണയാണ് റീപോ നിരക്കില്‍ ( ഇപ്പോള്‍ 6.5 ശതമാനം) മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നത്.

2024-ല്‍ ഇ്ന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനം നേടുമെന്ന് യു എസ് കേ്ന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ്മാന്‍ സാച്‌സ അനുമാനിക്കുന്നു. നേരത്തെ കണക്കാക്കിയിരുന്ന 6.6 ശതമാനത്തേക്കാള്‍ 0.1 ശതമാനം വളര്‍ച്ചാനുമാനം ഉയര്‍ത്തിയിരിക്കുകയാണ്. ജൂലൈ- ഡിസംബര്‍ കാലയളവില്‍ പണപ്പെരുപ്പം 4-4.5 ശതമാനമാകുമെന്നും അവര്‍ വിലയിരുത്തുന്നു. സെപ്റ്റംബറിലും ഡിസംബറിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ് വിലയിരുത്തുന്നു.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

ഐആര്‍സിടിസി, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ജിഐസി, ആദിത്യബിര്‍ള ഫാഷന്‍,ഇഐഎച്ച് എന്‍ബിസിസി, അമരരാജ് ബാറ്ററി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, എന്‍ജിനിയേഴ്‌സ് ഇന്ത്യ, പിടിസി, എംഎംടിസി,ജെഎസ് ഡബള്യു ഹോള്‍ഡിംഗ്‌സ്, ഹിന്ദ്‌വേര്‍ ഹോം, യുണിടെക്, ഇ്ത്യ ഗ്ലൈക്കോള്‍, രാംകോ, ജിവികെ പവര്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, സാള്‍സര്‍ ഇലക്ട്രോണിക്‌സ്, ഐഎഫ്ബി അഗ്രോ, സുന്ദരം ബ്രേക്ക്, സയ്യാജി ഹോട്ടല്‍സ്, വീസ്മാന്‍, യുറേക്ക് ഫോര്‍ബ്‌സ്, ഗുജറാത്ത് നര്‍മ്മദാ വാലി, ഇംഗര്‍സോള്‍ റാന്‍ഡ്, ടിടികെ പ്രസ്റ്റീജ് തുടങ്ങി മുന്നൂറോളം കമ്പനികളാണ് ഇന്ന് ( മേയ് 28) നാലാം ക്വാര്‍ട്ടര്‍ ഫലവുമായി എത്തുന്നത്.

വാര്‍ത്തകളില്‍ കമ്പനികള്‍

എല്‍ഐസി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും പൊതുമേഖല സ്ഥാപനവുമായി എല്‍ഐസി മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 13762 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 13421 കോടി രൂപയേക്കാള്‍ 2.5 ശതമാനം കൂടുതല്‍. കമ്പനി ആറു രൂപ ഇടക്കാല ലാഭവീതവും പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കമ്പനി ഇരട്ടയക്ക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയര്‍പേഴ്‌സണ്‍ സിദ്ധാര്‍ഥ് മൊഹന്തി പറഞ്ഞു.

എന്‍എംഡിസി: രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരും പൊതുമേഖല സ്ഥാപനവുമായ എന്‍എംഡിസിയുടെ അറ്റാദായം മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 38 ശതമാനം കുറഞ്ഞ് 1412.67 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 2271.5 കോടി രൂപയായിരുന്നു. മൂന്നാം ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായം 3.7 ശതമാനം കുറഞ്ഞു. കമ്പനിയുടെ വരുമാനം ഈ കാലയളവില്‍ 10.9 ശതമാനം വര്‍ധിച്ച് 6489.3 കോടി രൂപയിലെത്തി.

ഒഫിസ് സ്‌പേസ് സൊലൂഷന്‍സ്: ഒഫിസ് സ്‌പേസ് സൊലൂഷന്‍സിന്റെ കന്നി പബ്‌ളിക് ഇഷ്യുവിന് 108.17 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു, 86.29 ലക്ഷം ഓഹരികള്‍ക്കായി ലഭിച്ചത് 93.34 കോടി അപേക്ഷകളാണ്. പ്രൈസ് ബാന്‍ഡ് 364-383 രൂപയായിരുന്നു. റീട്ടെയില്‍ വിഭാഗത്തില്‍ 53.23 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.

അദാനി എനര്‍ജി സൊലൂഷന്‍സ്: അദാനി ട്രാന്‍സ്മിഷന്‍ എന്നറിയപ്പെട്ടിരുന്ന അദാനി എനര്‍ജി12500 കോടി രൂപയുടെ ഫണ്ടു സ്വരൂപിക്കും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റഅ ( ക്യുഐപി) വഴിയാണ് തുക സ്വരൂപിക്കുക.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News