മൂന്ന് ദിവസത്തെ വന്‍ തകര്‍ച്ച; ഒടുവില്‍ വിപണിക്ക് തിരിച്ചുവരവ്

  • മൂന്ന് ദിവസത്തെ വന്‍ ഇടിവിന് ശേഷമാണ് സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ കുതിച്ചത്
  • ആഗോളതലത്തില്‍ ഓഹരി വിപണികള്‍ സാവധാനത്തില്‍ സ്ഥിരതയിലേക്ക് തിരിച്ചുവരുന്നു
  • ആഭ്യന്തര നിക്ഷേപകര്‍ 3,357.45 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

Update: 2024-08-07 05:28 GMT

ആദ്യഘട്ട വ്യാപാരത്തില്‍ വിപണികള്‍ തിരിച്ചുവരവില്‍. മൂന്ന് ദിവസത്തെ വന്‍ ഇടിവിന് ശേഷമാണ് സെന്‍സെക്‌സും നിഫ്റ്റിയും ബുധനാഴ്ചത്തെ വ്യാപാരത്തില്‍ കുത്തനെ കുതിച്ചത്.

ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 1,046.13 പോയിന്റ് ഉയര്‍ന്ന് 79,639.20 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 313.9 പോയിന്റ് ഉയര്‍ന്ന് 24,306.45 ല്‍ എത്തി. കമ്പനികളില്‍ മാരുതി, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ എന്നിവയാണ് പിന്നിലുള്ളത്.

സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ്ങ് തുടങ്ങിയ ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

'അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയില്‍ നിന്നും യെന്‍ ചരക്ക് വ്യാപാരത്തിന്റെ അയവുണ്ടായതിനെത്തുടര്‍ന്ന്, ആഗോളതലത്തില്‍ ഓഹരി വിപണികള്‍ സാവധാനത്തില്‍ സ്ഥിരതയിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ എഫ്‌ഐഐകള്‍ വിപണിയില്‍ ഇന്ത്യയില്‍ വലിയ വില്‍പ്പനക്കാരായിരുന്നു. നിലവിലും അവരുടെ വില്‍പ്പന തുടരുകയാണ്. ഡിഐഐ (ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്) വാങ്ങലുമായി പൊരുത്തപ്പെടുകയാണ് ഡിഐഐകളുടെ ഈ കൌണ്ടര്‍വെയിലിംഗ് നിക്ഷേപം വിപണിക്ക് കരുത്ത് പകരും,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൊവ്വാഴ്ച 3,531.24 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം ചൊവ്വാഴ്ച ആഭ്യന്തര നിക്ഷേപകര്‍ 3,357.45 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബ്രെന്റ് ക്രൂഡ് 0.14 ശതമാനം ഉയര്‍ന്ന് ബാരലിന് 76.59 ഡോളറിലെത്തി. ആഗോള തലത്തില്‍ സ്വര്‍ണം ട്രൊയ് ഔണ്‍സിന് 2393.90 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ, ചൊവ്വാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ ബിഎസ്ഇ 166.33 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 78,593.07 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 63.05 പോയിന്റ് അല്ലെങ്കില്‍ 0.26 ശതമാനം ഇടിഞ്ഞ് 24,000 ലെവലിന് താഴെ 23,992.55 ല്‍ എത്തിയിരുന്നു.

Tags:    

Similar News