81,000 കടന്ന് സെൻസെക്സ്; നിഫ്റ്റി താണ്ടിയത് പുത്തൻ ഉയരം
- ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്ത് വിട്ട് ഇൻഫോസിസ്
- ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡുകളോടെയാണ്. സെൻസെക്‌സ് ആദ്യമായി 81,000 പോയിന്റുകൾ കടന്നു. ഐടി, ഓയിൽ, ഗ്യാസ്, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി 24,800 എന്ന സർവ്വകാല ഉയരവും താണ്ടി. തുടർച്ചയായ നാലാം ദിവസമാണ് വിപണി നേട്ടം നിലനിർത്തുന്നത്.
സെൻസെക്‌സ് 626.91 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 81,343.46 എന്ന പുതിയ ക്ലോസിംഗിൽ എത്തി. ഇടിവോടെ വ്യാപാരം ആരംഭിച്ച സൂചിക ആദ്യഘട്ട വ്യാപാരത്തിൽ 80,390.37 പോയിൻ്റ് വരെ താഴ്ന്നിരുന്നു. സൂചിക 806 പോയിൻ്റ് അഥവാ 0.99 ശതമാനം ഉയർന്ന് 81,522.55 എന്ന പുതിയ റെക്കോർഡ് ഉയരം തൊട്ടു.
നിഫ്റ്റി തുടക്കത്തിലെ നഷ്ടം നികത്തി 187.85 പോയിൻ്റ് അഥവാ 0.76 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗായ 24,800.85 ൽ എത്തി. ഇൻട്രാഡേയിൽ സൂചിക 224.75 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് 24,837.75 എന്ന പുതിയ ഉയരവും തൊട്ടു.
ഐടി ഓഹരികളായ ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഇൻഡെക്‌സ് ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയിലെ ഉച്ചകഴിഞ്ഞുള്ള കുതിപ്പ് സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു.
ടിസിഎസ്, എൽടിഐ മൈൻഡ്‌ട്രീ, ഒഎൻജിസി, ബജാജ് ഫിൻസെർവ്, വിപ്രോ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടത്തിലും ഏഷ്യൻ പെയിൻ്റ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഗ്രാസിം, കോൾ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഐടി, എഫ്എംസിജി, ടെലികോം സൂചികകൾ 0.3-2 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ, മീഡിയ എന്നിവ 1-3.5 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി.
ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്ത് വിട്ട് ഇൻഫോസിസ്. ഒന്നാം പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 7 ശതമാനം വർധിച്ച് 6368 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഇന്നത്തെ വ്യാപാരത്തിൽ ഇൻഫോസിസ് ഓഹരികൾ 1.93 ശതമാനം നേട്ടമുണ്ടാക്കി.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഉയർന്ന നിലയിലും സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഇടിഞ്ഞ് ബാരലിന് 84.96 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,271.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം താഴ്ന്ന് 2466 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.64 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.