ചുവപ്പണിഞ്ഞ് ദലാൽ തെരുവ്; സെൻസെക്സ് ഇടിഞ്ഞത് 1.5%

Update: 2024-09-30 12:14 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് കനത്ത ഇടിവിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഉയർന്ന വിൽപ്പന കാരണം സൂചികകൾ ഇടിവിലേക്ക് നീങ്ങി. മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളും വിപണിയെ ബാധിച്ചു. ജാപ്പനീസ് വിപണികളിലെ കുത്തനെയുള്ള ഇടിവും അഭ്യന്തര വിപണിയിൽ ദൃശ്യമായിരുന്നു. റെക്കോർഡ് ഭേദിച്ച റാലിക്ക് ശേഷമുള്ള ലാഭമെടുപ്പും വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് ആക്കം കൂട്ടി.

സെൻസെക്‌സ് 1,272.07 പോയിൻ്റ് അഥവാ 1.49 ശതമാനം ഇടിഞ്ഞ് 84,299.78ലും നിഫ്റ്റി 368.10 പോയിൻ്റ് അഥവാ 1.41 ശതമാനം ഇടിഞ്ഞ് 25,810.85ലും ആണ് വ്യപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്‌ട്രീസും ആക്‌സിസ് ബാങ്കും 3 ശതമാനം വീതം ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ബജാജ് ഫിൻസെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളും നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, ടാറ്റ സ്റ്റീൽ, ടൈറ്റൻ, ഏഷ്യൻ പെയിൻ്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികയിൽ മെറ്റലും മീഡിയയും (1 ശതമാനം വീതം ഉയർന്നു) ഒഴികെ, ഓട്ടോ, ബാങ്ക്, ഐടി, ടെലികോം, ഫാർമ, റിയാലിറ്റി സൂചികകൾ 1-2 ശതമാനം വരെ ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയ നഷ്ടത്തിൽ അവസാനിച്ചപ്പോൾ സ്മോൾക്യാപ് സൂചിക ഫ്ലാറ്റിലാണ് അവസാനിച്ചത്.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും കുത്തനെ ഇടിഞ്ഞപ്പോൾ ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ്റെ ബെഞ്ച്മാർക്ക് സൂചിക നിക്കേ 225 അഞ്ച് ശതമാനം ഇടിഞ്ഞു. പുതിയ ഉത്തേജക നടപടികളുടെ പ്രഖ്യാപനങ്ങൾക്കിടയിൽ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 8 ശതമാനം ഉയർന്നു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,209.10 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം കുറഞ്ഞ് ബാരലിന് 71.84 ഡോളറിലെത്തി.

Tags:    

Similar News