തകർച്ച നേരിട്ട് ഓഹരി വിപണി; 300 പോയിൻ്റ് ഇടിഞ്ഞ് സെൻസെക്സ്, അറിയാം ഇടിവിന്റെ കാരണങ്ങൾ
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. വെള്ളിയാഴ്ച ആർബിഐയുടെ പണനയ തീരുമാനവും വ്യാപാര യുദ്ധ ആശങ്കകളും ഉണ്ടാകുമെന്നതിനാൽ നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിയുടെ ഇടിവിനു കാരണമായി. കൂടാതെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതും വിപണിയെ ബാധിച്ചു.
സെൻസെക്സ് 312.53 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 78,271.28 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 42.95 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 23,696.30 ലെത്തി.
സെൻസെക്സ് ഓഹരികൾ
അദാനി പോർട്ട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ, നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ട്യൂബ്രോ, ഐടിസി, സൊമാറ്റോ, ബജാജ് ഫിൻസെർവ് എന്നിവ പിന്നാക്കം പോയി.
സെക്ടറൽ സൂചിക
എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയലിറ്റി എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 1.86% ഉയർന്ന് 17,110 ലും നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.67% നേട്ടത്തോടെ 54,714 ലും അവസാനിച്ചു. ഇന്ത്യ വിക്സ് 0.46 ശതമാനം ഉയർന്നു 14.08 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തിലും ഹോങ്കോംഗ് നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ ഉയർന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.84 ശതമാനം ഇടിഞ്ഞ് ബാരലിന് 75.56 ഡോളറിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 87.46 ൽ എത്തി.