2025ഓടെ തല്‍ക്ഷണ സെറ്റില്‍മെന്‍റ് നടപ്പാക്കാന്‍ തയാറെടുത്ത് സെബി
- 2024 മാര്‍ച്ച് അവസനാത്തോടെ ട്രേഡുകള്‍ അതേദിവസം തീര്‍പ്പാക്കപ്പെടും
- ഈ വര്‍ഷം ജനുവരിയിലാണ് T+1 സെറ്റിൽമെന്റിലേക്ക് നീങ്ങിയത്
2024 മാർച്ചോടെ ഓഹരി വിപണികളിലെ ട്രേഡുകളുടെ സെറ്റിൽമെന്റ് അതേദിവസം തന്നെ പൂര്‍ത്തിയാക്കുന്നതിനും ഇതിനു പിന്നാലെ 2025 മാര്‍ച്ചോടെ തല്‍ക്ഷണ സെറ്റില്‍മെന്‍റ് നടപ്പാക്കുന്നതിനും ശ്രമിക്കുന്നതായി വിപണി നിയന്ത്രണ സ്ഥാപനമായ സെബി അറിയിച്ചു. റെഗുലേറ്റര്‍ ബോര്‍ഡ് യോഗത്തിനു ശേഷം സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
“T പ്ലസ് സീറോ (T+0) സെറ്റിൽമെന്റ് മാനദണ്ഡം 2024 മാർച്ച് അവസാനം മുതലും ടി പ്ലസ് തൽക്ഷണ സെറ്റിൽമെന്റ് തുടര്‍ന്നുള്ള 12 മാസം കൊണ്ടും പ്രാബല്യത്തിൽ വരണമെന്നും സെബി ആഗ്രഹിക്കുന്നു," അവര്‍ പറഞ്ഞു.
നിലവില്‍ ട്രേഡുകള്‍ അടുത്ത വിപണി ദിവസമാണ് (T+ 1) തീര്‍പ്പാക്കപ്പെടുന്നത്. ഇതില്‍ നിന്ന് തല്‍ക്ഷണ സെറ്റില്‍മെന്‍റിലേക്കോ T + 1 മണിക്കൂര്‍ സെറ്റില്‍മെന്‍റിലേക്കോ നേരിട്ട് നീങ്ങുന്നതാണ് ഉചിതമെന്നും, ഇതല്ലാതെ T+ 0 സെറ്റില്‍മെന്‍റ് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നുമാണ് മാർക്കർമാർ അഭിപ്രായപ്പെടുന്നതെന്ന് ബുച്ച് പറയുന്നു.
ട്രേഡുകളുടെ തൽക്ഷണ സെറ്റിൽമെന്റിനെക്കുറിച്ച് വിപണി പങ്കാളികള്‍ നൽകിയ നിർദ്ദേശങ്ങളെ തുറന്ന മനസോടെയാണ് സമീപിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സെറ്റിൽമെന്റ് നിലവിലുള്ള സെറ്റിൽമെന്റ് സംവിധാനത്തിന് സമാന്തരമായിരിക്കുമെന്നും പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കുമെന്നും അവർ പറഞ്ഞു.
ഈ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെ ഓഹരി വിപണികള്‍ T+1 സെറ്റിൽമെന്റിലേക്ക് നീങ്ങി. അതിനു മുമ്പ് T+2 സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. തല്‍ക്ഷണ സെറ്റില്‍മെന്‍റ് നടപ്പാക്കുന്നതിനായി സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളില്‍ നിരവധി മാറ്റങ്ങള്‍ നടപ്പില്‍വരുത്തേണ്ടതുണ്ട്.
ഫോറെക്‌സുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി സെറ്റിൽമെന്റ് സൈക്കിളുകൾ കുറയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ചില വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ആശങ്കകൾ ഉന്നയിച്ചിരുന്നു.